റെക്കോർഡുകളുടെ കൊടിയേറ്റവും കൊടിയിറക്കവുമെല്ലാം കഴിഞ്ഞു, ഓഹരി വിപണിയിൽ നേട്ടത്തോടെ സ്വാഗതം 2025
Mail This Article
ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ച് റെക്കോർഡുകളുടെ കൊടിയേറ്റവും ഇടിവുകളുടെ കൊടിയിറക്കവുമെല്ലാം കണ്ട വർഷമാണ് കടന്നു പോവുന്നത്. സൂചികകളായ സെന്‍സെക്സും നിഫ്ടിയും പുതിയ റെക്കോർഡിട്ടു. പിന്നാലെ ശക്തമായ ഇടിവും വന്നു.
വിവിധ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ വിപണിക്ക് അത്ര പിടിച്ചില്ല. കൂടെ പുറത്തു വന്ന ജിഡിപിയും മികച്ചതായില്ല. അതേ സമയത്ത് തന്നെ ചൈനയില്‍ ഓഹരികളുടെ ആദായ വില്‍പ്പന. വിദേശധനസ്ഥാപനങ്ങള്‍ നമ്മുടെ ഓഹരികള്‍ കുറച്ചൊക്കെ കൈയൊഴിഞ്ഞ് ചൈനയിലേക്ക് പോയി. ഇതൊക്കെ താല്‍ക്കാലികമാണെന്നും ഇന്ത്യയുടെ വളർച്ചയോട് മുട്ടിനില്‍ക്കാന്‍ തല്‍ക്കാലം അധികം രാജ്യങ്ങള്‍ക്ക് കഴിയില്ലെന്നതും ദീർഘകാലാടിസ്ഥാനത്തില്‍ ഇനിയും ഇന്ത്യന്‍ വിപണി പുതിയ ദൂരങ്ങള്‍ കീഴടക്കുമെന്നതുമറിയാവുന്നവർ മിണ്ടാതെയിരുന്നു. ഇപ്പോഴും നിക്ഷേപിച്ച് ക്ഷമയോടെയിരിക്കുന്നു.
പുതിയതായി വിപണിയില്‍ വന്ന ട്രേഡർമാർ മാത്രം തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്ന പെട്ടെന്നുള്ള നേട്ടം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലച്ചതു കണ്ടു നിലവിളിച്ചു. അവരെയും ഒരു പാഠം പഠിപ്പിക്കാനായിരിക്കണം വിപണി ഇടിവിലേക്ക് നീങ്ങിയതെന്ന് വേണമെങ്കില്‍ പറയാം. അതെ, വിപണി എന്നും ക്ഷമയുള്ളവന്റേത് മാത്രമാണ്.
ചരിത്രമെഴുതി ഐപിഒ
ഇതിനിടെ ഇന്ത്യയുടെ ഐപിഒ മാർക്കറ്റ് ചരിത്രമെഴുതി. പുതിയതായി കഴിഞ്ഞ ഒറ്റ വർഷം മാത്രം ഐപിഒയിലൂടെ 200 കമ്പനികളിലേറെ വിപണിയിലെത്തിയത് റെക്കോർഡായിരുന്നു. ഇക്കൂട്ടത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ ഹ്യൂണ്ടായ് വരെയുണ്ടായിരുന്നു. തൊട്ടുപിന്നിലെത്തിയ ജപ്പാന് വെറും 69 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് ഇന്ത്യയുടെ റെക്കോർഡിന്റെ മാറ്റു കൂട്ടുന്നത്.
റെക്കോർഡിട്ട് വനിതകൾ
വേറൊരു വലിയ ട്രെന്‍ഡ് കണ്ട വർഷം കൂടിയായിരുന്നു 2024. വിപണിയിലെ വനിതാപങ്കാളിത്തമാണത്. അതും റെക്കോർഡിട്ടു. മ്യൂച്ച്വല്‍ ഫണ്ടിലൂടെയായിരുന്നു സ്ത്രീകളുടെ പ്രാതിനിധ്യം വിപണിയിലുണ്ടായത്. നാലില്‍ ഒരു എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാന്‍) നിക്ഷേപവും സ്ത്രീകളുടേതാണ്. മുന്‍വർഷത്തെ അപേക്ഷിച്ച് ആണുങ്ങളേക്കാള്‍ 25 ശതമാനം കൂടുതല്‍ എസ്ഐപി പ്രാതിനിധ്യം സ്ത്രീകള്‍ നേടിക്കഴിഞ്ഞു.
അതില്‍ത്തന്നെ പുതിയ നിക്ഷേപകരില്‍ 50 ശതമാനവും 30 വയസില്‍ താഴെയുള്ള സ്ത്രീകളാണ്. ഇത് ഭാവിയില്‍ ഇന്ത്യന്‍ ഓഹരിവിപണിക്ക് ശക്തമായ പിന്തുണ കിട്ടുന്ന കാര്യമാണ്. ഒപ്പം ബ്രോക്കിങ് അക്കൗണ്ടുകള്‍ കൂടുന്നുവെന്നതും ശ്രദ്ധേയമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമേ ഇപ്പോഴും വിപണിയുടെ കവറേജിലുള്ളൂവെന്നത് സങ്കടകരമാണെങ്കിലും പുതിയ അക്കൗണ്ടുകള്‍ വളരെ വേഗത്തില്‍ വരുന്നുവെന്നത് വളർച്ചയായി പരിഗണിക്കാം.
എന്‍.എസ്.ഇയില്‍ 21 കോടി ഇടപാടുകാർ ആയി കഴിഞ്ഞു. മഹാരാഷ്ട തന്നെയാണ് മുന്നില്‍. 3.7 കോടി ആളുകള്‍ക്ക് വിപണിയില്‍ അക്കൗണ്ടുണ്ട്. ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചത് ഉത്തർപ്രദേശാണ്. 2.28 കോടി. ഇത് ആ സംസ്ഥാനത്തിന്‍റെ പൊതുവെയുള്ള വളർച്ചയെ കൂടി അടയാളപ്പെടുത്തുന്നു. രാജസ്ഥാനും ഗുജറാത്തും ബംഗാളുമൊക്കെ തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. കേരളം 40 ലക്ഷത്തിന്‍റെ പരിസരത്താണ്.
വന്‍ മുന്നേറ്റം നടത്തിവന്നിരുന്ന പി.എസ്.യു, റയില്‍, ഡിഫന്‍സ് ഓഹരികള്‍ വർഷാവസാനമായപ്പോഴേക്കും വിശ്രമമെടുത്തു. ഈ മേഖലകളിലെ ഭൂരിഭാഗം ഓഹരികളും വർഷാദ്യം കണ്ട ഉയർന്ന നിലവാരത്തില്‍ നിന്നും കുറഞ്ഞാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അത് താല്‍ക്കാലികമാണെന്നും വരുന്ന കേന്ദ്രബജറ്റ് കഴിയുമ്പോഴേക്ക് ഈ സെക്ടറുകളെല്ലാം ഉഷാറാകുമെന്നും വിലയിരുത്തലുകളുണ്ട്.
എസ്ഐഎഫ്
വിപണിയില്‍ പുതിയ അസറ്റ് ക്ളാസിനും സെബി വർഷാന്ത്യത്തോടെ രൂപം നല്‍കി. പത്തുലക്ഷം രൂപ മിനിമം നിക്ഷേപത്തുകയുള്ള സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്സ് (എസ്.ഐ.എഫ്) ആണ് പുതിയ നിക്ഷേപമാർഗം. പത്തു ലക്ഷത്തിനും അമ്പതു ലക്ഷത്തിനുമിടയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവർക്ക് അഭികാമ്യമാണ് ഈ പുതിയ മാർഗം.
അമ്പതു ലക്ഷം മിനിമം നിക്ഷേപമായിട്ടുള്ള പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്കീമും ഒരു കോടി മിനിമമായിട്ടുള്ള ആള്‍ട്ടർനേറ്റിവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്സും ഉള്ളതിനാലാണ് നിക്ഷേപത്തുക കുറഞ്ഞ പുതിയ എസ്.ഐ.എഫിന് സെബി രൂപം നല്‍കിയത്. ഇതില്‍ മ്യൂച്വല്‍ ഫണ്ട്, ഡെറിവേറ്റിവ്സ് എന്നിവ അടങ്ങിയിട്ടുണ്ട്.
യുദ്ധത്തിനെയും പ്രതിസന്ധികളെയുമൊക്കെ വകഞ്ഞുമാറ്റുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യന്‍ വിപണി പിന്തുടരുന്നത്. ഉറച്ച ഭരണവും ഉയർന്ന ഉപഭോഗവും ഒട്ടേറെ മികച്ച കമ്പനികളുടെ സാന്നിധ്യവുമാണ് വിപണിയെ ശക്തമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍.
തൊഴിലിലായ്മ പോലുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും മറികടക്കാന്‍ രാജ്യത്തിനു കഴിയണം. ഒപ്പം അപ്രതീക്ഷിത നെഗറ്റിവ് സംഭവങ്ങള്‍ കുറയുകയും ചെയ്താല്‍ അടുത്ത വർഷവും തരക്കേടില്ലാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ വിപണിക്ക് കഴിഞ്ഞേക്കുമെന്നാണ് പൊതുവെ വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.