പുതുവത്സര ദിനത്തിൽ നേട്ടം കുറിച്ച് ഇന്ത്യൻ വിപണി, കഴിഞ്ഞ വർഷം 39 ശതമാനം മുന്നേറി ഫാർമ
Mail This Article
അവസാനദിനങ്ങളിൽ നേട്ടമുണ്ടാക്കാതെ പോയതോടെ 2024ൽ നിഫ്റ്റിയുടെയും സെൻസെക്‌സിന്റെയും വാർഷികനേട്ടം 9%ൽ താഴെ ഒതുങ്ങി. എന്നാൽ ഇന്ന് 23562 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 23822 പോയിന്റ് വരെ മുന്നേറിയ ശേഷം 98 പോയിന്റ് നേട്ടത്തിൽ 23742 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അര ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയ സെൻസെക്സ് 78507 പോയിന്റിലും ക്ളോസ് ചെയ്തു.
മികച്ച ഓട്ടോ വില്പനക്കണക്കുകളുടെ പിൻബലത്തിൽ മാരുതിയും മഹീന്ദ്രയും മുന്നിൽ നിന്നും നയിച്ചതാണ് 2025ന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ വിപണിയുടെ പോസിറ്റീവ് ക്ളോസിങ്ങിന് അടിസ്ഥാനമിട്ടത്. നിഫ്റ്റി ഓട്ടോ ഇന്ന് 1.34% നേട്ടവും കുറിച്ചു.
2024ൽ മുന്നേറിയത് ഫാർമ
39% മുന്നേറിയ ഫാർമ സെക്ടറാണ് ഇന്ത്യൻ വിപണിയിൽ 2024ൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. മുൻവർഷത്തിൽ ഏറ്റവും കൂടുതൽ മുന്നേറിയ റിയൽ എസ്റ്റേറ്റ് സെക്ടർ കഴിഞ്ഞ വർഷം 34% മുന്നേറിയപ്പോൾ കൺസ്യൂമർ ഡ്യൂറബിൾസ് മേഖല 35% നേട്ടവുമുണ്ടാക്കി.
നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും, നിഫ്റ്റി നെക്സ്റ്റ്-50യും, ഐടി, ഓട്ടോ സെക്ടറുകളും 2024ൽ 20%ൽ കൂടുതൽ മുന്നേറ്റം നടത്തിയിരുന്നു. നിഫ്റ്റി-50യിൽ കഴിഞ്ഞ വര്‍ഷം ട്രെന്റ് ലിമിറ്റഡും, മഹീന്ദ്രയും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിന്റ്‌സും, ഇൻഡസ്ഇന്‍ഡ് ബാങ്കും ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കി. ട്രെന്റ് ലിമിറ്റഡ് 2024ൽ 135% മുന്നേറി,
ഡിഫൻസ്
പ്രതിരോധമേഖലയെ സംബന്ധിച്ചിടത്തോളം 2025 ‘പരിഷ്കാര’ങ്ങളുടെ വർഷമായിരിക്കും എന്ന രാജ്യരക്ഷ മന്ത്രിയുടെ പ്രസ്താവന ഡിഫൻസ് മേഖലയിലെ ടെക്ക് കമ്പനികൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നു. കയറ്റുമതിയും, ഒപ്പം രാജ്യസുരക്ഷയും ലക്ഷ്യമിട്ട് നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആധുനിക യുദ്ധമാർഗങ്ങൾ വികസിപ്പിക്കുന്നത് സൈബർ-ഡിഫൻസ് മേഖലക്ക് നേട്ടമാകും.
ഡിസംബർ വാഹന ഡേറ്റ
മാരുതി മുൻവർഷത്തിൽ നിന്നും 30%വും, മഹിന്ദ്ര മുൻവർഷത്തിൽ നിന്നും 16%വും വില്പന വളർച്ച നേടിയത് ഇരുഓഹരികൾക്കും മുന്നേറ്റം നൽകി. ഹ്യുണ്ടായി ഡിസംബറിൽ നേരിയ വില്പന നഷ്ടവും കുറിച്ചു.
ബജാജ് ഓട്ടോയുടെ ഇലക്ട്രിക് വില്പന
മുൻ വർഷത്തിൽ ഇലക്ട്രിക് സ്കൂട്ടർ രംഗം കൈയടക്കി വാണ ഓല ഇലക്ട്രിക് മൂന്നാം സഥാനത്തേക്ക് വീണപ്പോൾ ബജാജ് ഓട്ടോയും, ടിവിഎസ് മോട്ടോഴ്സും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ബജാജ് ഓട്ടോ 18,000ൽ കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ വില്പന നടത്തിയപ്പോൾ ടിവിഎസ് മോട്ടോഴ്സും, ഓല ഇലക്ട്രികും യഥാക്രമം 17212 വും, 13769 ബൈക്കുകളും വില്പന നടത്തി.
ലോക വിപണി ഇന്ന് അവധിയിൽ
പുതുവത്സര ദിനത്തിൽ ഇന്ന് അമേരിക്കയും ചൈനയുമടക്കമുള്ള പ്രധാന വിപണികളെല്ലാം അവധിയിലാണ്. അമേരിക്കൻ വിപണി ഇന്നലെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി 20ന് ഡോണൾഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുൻപ് പണപ്പെരുപ്പക്കണക്കുകളും, മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ചൈനയുടെ തുടർ ഉത്തേജന പ്രഖ്യാപനങ്ങളും ലോക വിപണിയുടെ ഗതി നിയന്ത്രിക്കും.
ഐപിഒ
2024ലെ അവസാന ഐപിഒ ആയ ഇൻഡോ ഫാം ഇക്വിപ്മെന്റ് ഐപിഒ നാളെ അവസാനിക്കും. ട്രാക്ടറുകളും, കൊയ്ത്തു യന്ത്രവും, ക്രെയിനുകളും നിർമിക്കുന്ന കമ്പനിയുടെ ഐപിഒ വിലനിരക്ക് 204-215 രൂപയാണ്.
നാളത്തെ റിസൾട്ടുകൾ
ഈയാഴ്ചയിൽ സിസ്ട്രോ ടെലിലിങ്ക്, ഐസ്ട്രീറ്റ് നെറ്റ്‌വർക്സ് മുതലായ കമ്പനികൾ റിസൾട്ടുകൾ അവതരിപ്പിക്കുന്നു.ടിസിഎസ്, ടാറ്റ എൽഎക്സി, സെസ്‌ക്, ജിഎം ബ്രൂവറീസ്, ജിഎൻഎ ആക്സിൽ മുതലായ കമ്പനികൾ അടുത്ത ആഴ്ചയിലും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
നോമുറ
ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ നോമുറ എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നീ ലാർജ് ക്യാപ് ബാങ്കുകളെയും, മിഡ് ക്യാപ് സെക്ടറിൽ ഫെഡറൽ ബാങ്കിനെയും നിക്ഷേപത്തിന് പരിഗണിക്കുന്നു. എൽഐസി ഹൗസിങ് ഫിനാൻസിനൊപ്പം ആധാർ ഹൗസിങ് ഫിനാൻസ്, ഫൈവ്സ്റ്റാർ ബിസിനസ് ഫിനാൻസ് എന്നീ ഓഹരികളും നോമുറയുടെ പട്ടികയിൽ ഇടംപിടിച്ചു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക