ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ സ്വർണപ്പണയ (gold loans) രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നൊരുവേള 6 ശതമാനം മുന്നേറി 191.50 രൂപവരെയെത്തി. ഇന്നലെ വ്യാപാരാന്ത്യത്തിൽ ഓഹരിവില 179.98 രൂപയായിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2.31 ശതമാനം ഉയർന്ന് 184.14 രൂപയിൽ.

Image : iStock/Neha Patil and Manappuram Finance
Image : iStock/Neha Patil and Manappuram Finance

മണപ്പുറം ഫിനാൻസിന്റെ ചെന്നൈ ആസ്ഥാനമായ ഉപസ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസിന് (Asirvad Microfinance) വായ്പാവിതരണത്തിൽ ഏർപ്പെടുത്തിയ വിലക്ക് റിസർവ് ബാങ്ക് (RBI) നീക്കിയതാണ് ഓഹരികൾക്ക് കരുത്തായത്. എംഎസ്എംഇ, ഗോൾഡ് ലോൺ എന്നിവയിൽ ശ്രദ്ധയൂന്നുന്ന എൻബിഎഫ്സിയാണ് ആശിർവാദ് മൈക്രോഫിനാൻസ്. കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു വിലക്ക് പ്രാബല്യത്തിൽ വന്നത്. വായ്പാവിതരണച്ചട്ടങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ആശീർവാദിന്റെ പ്രവർത്തനത്തിൽ തൃപ്തി

വിലക്കേർപ്പെടുത്തിയ റിസർവ് ബാങ്കിന്റെ നടപടിയെ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ആശീർവാദ്, വീഴ്ചകൾ പരിഹരിക്കാൻ‌ അടിയന്തര നടപടികളെടുക്കുമെന്ന് ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. ആശീർവാദിന്റെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തി വിലക്ക് പുനഃപരിശോധിക്കുമെന്ന് റിസർവ് ബാങ്കും പറഞ്ഞിരുന്നു. കമ്പനി സ്വീകരിച്ച പരിഹാരനടപടികളിൽ തൃപ്തിയറിയിച്ചാണ് വിലക്ക് നീക്കുന്നതെന്ന് റിസർവ് ബാങ്ക് ഇന്നലെ വ്യക്തമാക്കി. ന്യൂഡൽഹി ആസ്ഥാനമായ ഡിഎംഐ ഫിനാൻസിനെതിരായ വിലക്കും ഒഴിവാക്കിയിട്ടുണ്ട്.

rbi-1

ആശീർവാദ് മൈക്രോഫിനാൻസിനെ 2015ലാണ് മണപ്പുറം ഫിനാൻസ് ഏറ്റെടുത്തത്. 2023-24 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം മണപ്പുറം ഫിനാൻസിന്റെ മൊത്തം വരുമാനത്തിൽ 27% സംഭാവന ചെയ്യുന്നത് ആശീർവാദാണ്. മണപ്പുറം ഫിനാൻസിന്റെ മൊത്തം വായ്പാ ആസ്തിയിൽ (എയുഎം) പങ്ക് 25 ശതമാനവും.

വിലക്കുനീക്കിയ റിസർവ് ബാങ്കിന്റെ നടപടിക്ക് പിന്നാലെയും പക്ഷേ, മണപ്പുറം ഫിനാൻസിന്റെ റേറ്റിങ് ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ‘ഈക്വൽ-വെയിറ്റിൽ’ (equal-weight) നിലനിർത്തി. ലക്ഷ്യവില (target price) 175 രൂപയെന്നതും മാറ്റിയിട്ടില്ല. മറ്റൊരു ബ്രോക്കറേജായ ജെഫറീസും 190 രൂപയെന്ന ലക്ഷ്യവിലയും ‘ഹോൾഡ്’ (hold) റേറ്റിങ്ങും നിലനിർത്തി. 15,600 കോടി രൂപ വിപണിമൂല്യമുള്ള (m-cap) കമ്പനിയാണ് മണപ്പുറം ഫിനാൻസ്. കഴിഞ്ഞവർഷം ജൂലൈ 19ലെ 230.40 രൂപയാണ് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഒക്ടോബർ 23ലെ 138.35 രൂപയും.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Manappuram Finance shares jump 6% after RBI lifts ban on Asirvad Micro Finance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com