ADVERTISEMENT

മലയാളികൾക്ക് മ്യൂച്വൽഫണ്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നു. 2024ൽ മാത്രം മ്യൂച്വൽഫണ്ടുകളിലേക്ക് കേരളീയർ ഒഴുക്കിയത് 27,447 കോടി രൂപ. മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപം (Asset Under Management/AUM) ഡിസംബറിൽ 88,728.79 കോടി രൂപയിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വ്യക്തമാക്കി.

mutual-fund

ഇന്ത്യൻ ഓഹരി വിപണി 2024ൽ പൊതുവേ കാഴ്ചവച്ച റെക്കോർഡ് നേട്ടങ്ങൾ നിരവധി പേരെ, പ്രത്യേകിച്ച് യുവാക്കളെ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകർഷിച്ചുവെന്നാണ് വിലയിരുത്തൽ. മ്യൂച്വൽഫണ്ടിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും മ്യൂച്വൽഫണ്ടുകളുടെ സ്വീകാര്യത കൂട്ടി. 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ പ്രത്യേകത.

കൂടുതൽ ഇഷ്ടം ഓഹരികൾ

ഡിസംബറിലും മലയാളികളിൽ ഏറ്റവുമധികം നിക്ഷേപമൊഴുക്കിയത് ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ട് പദ്ധതികളിലേക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിലെ 63,742.03 കോടി രൂപയിൽ നിന്ന് 66,808.14 കോടി രൂപയിലേക്കാണ് ഓഹരിയധിഷ്ഠിത (Equity oriented schemes) പദ്ധതികളിലെ നിക്ഷേപം വർധിച്ചത്. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (liquid schemes) നിക്ഷേപം 5,903.87 കോടി രൂപയിൽ നിന്ന് 5,459.39 കോടി രൂപയായി കുറഞ്ഞു.

Image : iStock/solidcolours and iStock/Ekaterina Grebeshkova
Image : iStock/solidcolours and iStock/Ekaterina Grebeshkova

കടപ്പത്ര അധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ നിക്ഷേപം (other debt oriented schemes) 7,359.42 കോടി രൂപയിൽ നിന്ന് 7,413.66 കോടി രൂപയിലേക്ക് നേരിയ വളർച്ച കുറിച്ചു. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം (balanced schemes) 6,790.20 കോടി രൂപയിൽ നിന്ന് 6,693.96 കോടി രൂപയിലേക്കും കുറഞ്ഞു.

മ്യൂച്വൽഫണ്ടിലെ സ്വർണ ഇടിഎഫിനോട് (gold ETF) അത്ര താൽപര്യം കേരളീയർക്കില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നവംബറിലെ 241.65 കോടി രൂപയിൽ നിന്ന് ഇത് ഡിസംബറിൽ 238.99 കോടി രൂപയിലെത്തി. മറ്റ് ഇടിഎഫ് സ്കീമുകളിലേത് 1,156.88 കോടി രൂപയിൽ നിന്ന് 1,141.15 കോടി രൂപയിലേക്കും താഴ്ന്നു. വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് നിക്ഷേപം 401.79 കോടി രൂപയിൽ നിന്നുയർന്ന് 676.49 കോടി രൂപയിലെത്തി.

കുതിച്ചുയരുന്ന സമ്പത്ത്

10 വർഷം മുമ്പ് മ്യൂച്വൽഫണ്ടുകളിലെ ആകെ മലയാളിപ്പണം 8,400 കോടി രൂപയായിരുന്നു. കോവിഡിന് ശേഷമാണ് മ്യൂച്വൽഫണ്ട്, എസ്ഐപി, സമ്പത്ത് സൃഷ്ടിക്കേണ്ടതിന്റെ (wealth creation) അനിവാര്യത തുടങ്ങിയവ സംബന്ധിച്ച അവബോധം വർധിച്ചത്.

Image : Shutterstock/Ratana21
Image : Shutterstock/Ratana21

2019ൽ 25,000 കോടി രൂപയായിരുന്ന എയുഎം, 2023 ഡിസംബർ ആയപ്പോഴേക്കും 61,708 കോടി രൂപയിലെത്തി. 2024 ഡിസംബറിൽ 88,000 കോടി രൂപയും ഭേദിച്ചു. 2024 ജൂണിലാണ് ആദ്യമായി 70,000 കോടി രൂപ കടന്നത്. ഓഗസ്റ്റിൽ 80,000 കോടി രൂപയും. ഒക്ടോബറിൽ 85,000 കോടി രൂപ കടന്നു. നവംബറിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. ആ ക്ഷീണം കവച്ചുവയ്ക്കുന്ന കുതിപ്പായിരുന്നു ഡിസംബറിൽ. ഈ ട്രെൻഡ് തുടർന്നാൽ, 2025ന്റെ ആദ്യപാദത്തിൽ തന്നെ മൊത്തം എയുഎം ലക്ഷം കോടി രൂപ ഭേദിച്ചേക്കാം.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Mutual fund investments from Kerala surged to over ₹88,000 crore in December, expected to reach ₹1 trillion mark soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com