ദേശീയ ഓഹരി വിപണിയിൽ ഒന്നരക്കോടി പുതുമുഖ നിക്ഷേപകർ; പാതിയിലേറെയും ഗ്രോ, സീറോധ ഏയ്ഞ്ചൽ വൺ എന്നിവയ്ക്കു സ്വന്തം
Mail This Article
ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ. ഡിസംബറിലെ കണക്കുപ്രകാരം 44% വാർഷിക വളർച്ചയുമായി 5.01 കോടി സജീവ നിക്ഷേപകരാണ് എൻഎസ്ഇയ്ക്കുള്ളത്. പുതിയ നിക്ഷേപകരിൽ 60.06 ലക്ഷം പേരും (40%) ഗ്രോയ്ക്ക് സ്വന്തം. 26.56 ലക്ഷം പേരെ (17.5%) നേടി ഏയ്ഞ്ചൽ വൺ രണ്ടാമതും 15.2 ലക്ഷം പേരുമായി (10%) സീറോ മൂന്നാമതുമാണ്.
ചില ചെറുകിട ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ എണ്ണത്തിൽ ശ്രദ്ധേയ വളർച്ച നേടി. മണിലിഷ്യസ് സെക്യൂരിറ്റീസിന്റെ ഉപഭോക്താക്കളുടെ എണ്ണം 200% ഉയർന്ന് 9.33 ലക്ഷത്തിലെത്തിയെന്ന് മണികൺട്രോളിന്റെ റിപ്പോർട്ട് പറയുന്നു. ഇത് പേയ്ടിഎം മണി, ഷെയർഖാൻ, 5പൈസ, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവയേക്കാൾ മികച്ച നേട്ടമാണ്. ഇൻഡ്മണിയുടെ വളർച്ച 266 ശതമാനം; ഉപഭോക്താക്കൾ 7.92 ലക്ഷമായി. മിറേ അസറ്റ് ക്യാപിറ്റൽ 127% വളർച്ച നേടി; ഉപഭോക്താക്കൾ 5.53 ലക്ഷം.
വിപണിവിഹിതത്തിൽ മുന്നിൽ ഗ്രോ
ഗ്രോയുടെ വിപണിവിഹിതം 2023ലെ 21ൽ നിന്ന് 26.2 ശതമാനമായി ഉയർന്നു. അതേസമയം, രണ്ടാമതുള്ള സീറോദയുടേത് 18.6ൽ നിന്ന് 16.2 ശതമാനമായി താഴ്ന്നു. 14.8ൽ നിന്ന് 15.5 ശതമാനത്തിലേക്ക് ഏയ്ഞ്ചൽ വൺ വിഹിതം മെച്ചപ്പെടുത്തി. നാലാമതുള്ള അപ്സ്റ്റോക്സിന്റെ വിഹിതം 6.3 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി. ഐസിഐസിഐ സെക്യൂരിറ്റീസ് (3.9%), കൊട്ടക് സെക്യൂരിറ്റീസ് (3%), എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് (2.8%), മോത്തിലാൽ ഓസ്വാൾ (2.1%), എസ്ബിഐക്യാപ് സെക്യൂരിറ്റീസ് (2%) തുടങ്ങിയവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business