രൂപയ്ക്ക് പരീക്ഷണം, വിദേശ ഫണ്ടുകളുടെ വിൽപ്പന: ട്രംപ് വരും മുൻപേ തകർന്ന് ഇന്ത്യൻ വിപണി

Mail This Article
ട്രംപിന്റെ ‘കിരീട’ധാരണത്തിലേക്കും, ഇന്ത്യയുടെ യൂണിയൻ ബജറ്റിലേക്കും ഒരാഴ്ച ദൂരം കൂടി കുറഞ്ഞപ്പോൾ നിഫ്റ്റിയും, സെൻസെക്‌സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 77099 പോയിന്റിൽ പിന്തുണ നേടിയ ശേഷം 77378 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എല്ലാ സെക്ടറുകളും ക്രമമായി വീണ കഴിഞ്ഞ ആഴ്ചയിൽ വെള്ളിയാഴ്ചത്തെ 3% മുന്നേറ്റത്തോടെ ഐടി സെക്ടർ നഷ്ടമൊഴിവാക്കി. വ്യാഴാഴ്ച മുന്നേറ്റം നേടിയ എഫ്എംസിജി സെക്ടർ നഷ്ടവ്യാപ്തി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ റിയൽറ്റി സെക്ടർ 8.4% നഷ്ടം കുറിച്ചു. പൊതു മേഖല ബാങ്കുകളും നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും, നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും 7%ൽ കൂടുതൽ നഷ്ടത്തിലായി.

ബാങ്ക് നിഫ്റ്റിയും ഫിനാൻഷ്യൽ സെക്ടറും 5%ൽ കൂടുതൽ വീണപ്പോൾ റിലയൻസിന്റെ വീഴ്ചയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയുടെ ഗതി നിയന്ത്രിച്ചു.
രൂപ വീഴുന്നു
ട്രംപ് എത്തുന്നതിനും മുൻപേ ക്രമമായി മുന്നേറുന്ന അമേരിക്കൻ ഡോളറും ബോണ്ട് യീൽഡും ഓഹരി വിപണിക്കും, മറ്റ് കറൻസികൾക്കും പരീക്ഷയായി മാറുകയാണ്. ഇന്ത്യൻ രൂപ ഡോളറിനെതിരെ വീഴുന്നത് ഇന്ത്യൻ വിപണിയുടെ ആകർഷണവും കുറയ്ക്കുന്നു. വെള്ളിയാഴ്ച യൂറോയ്ക്കും പൗണ്ടിനും എതിരെ വീണ ഡോളർ ഏഷ്യൻ നാണയങ്ങൾക്കെതിരെ മുന്നേറ്റം നേടി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 86 രൂപക്ക് മുകളിൽ സെറ്റിൽ ചെയ്തു കഴിഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും, ഇന്ത്യൻ വിപണിക്കും നിർണായകമാണ്.
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ വിദേശഫണ്ടുകൾ വിറ്റുതകർത്തതും ക്രൂഡ് ഓയിൽ, സ്വർണം, ബേസ് മെറ്റലുകൾ എന്നിവയുടെ വില വർദ്ധിക്കുന്നതും രൂപക്ക് ക്ഷീണമാണ്. കഴിഞ്ഞ ആഴ്ചയിൽ മാത്രം വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും വിറ്റുകടത്തിയത് 16753 കോടി രൂപയാണ്.

വ്യവസായിക വളർച്ച മുന്നേറ്റം
ഇന്ത്യയുടെ നവംബറിലെ വ്യവസായികോല്പാദനവളർച്ച അനുമാനത്തിനും മുകളിൽ 5.2% വളർച്ച കുറിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 2024 മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ വ്യവസായികോല്പാദനം 5%ൽ കൂടുതൽ മുന്നേറ്റം നേടുന്നത്. ഒക്ടോബറിൽ 3.7% വളർച്ച കുറിച്ചിരുന്ന ഐഐപി സൂചിക 4% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നായിരുന്നു വിപണി അനുമാനം.
നാളെ വരുന്ന ഇന്ത്യയുടെ സിപിഐ ഡേറ്റയും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ 5.28% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം.
ട്രംപ് വരാൻ ഒരാഴ്ച കൂടി
ട്രംപ് വരാൻ ഒരാഴ്ച കൂടി മാത്രം ബാക്കിയിരിക്കെ വെള്ളിയാഴ്ച വന്ന അമേരിക്കൻ പേറോൾ കണക്കുകൾ പ്രകാരം ഡിസംബറിൽ ജോലി ലഭിച്ചവരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധന വെള്ളിയാഴ്ച്ച അമേരിക്കൻ വിപണിക്ക് വലിയ തകർച്ച നൽകി. ഫെഡ് നിരക്ക് തുടർന്ന് കുറയ്ക്കില്ലെന്ന ഭയമാണ് വിപണിക്ക് കെണിയാകുന്നത്. ബോണ്ട് യീൽഡ് മുന്നേറുന്നത് അമേരിക്കൻ വിപണിയിൽ നിന്നും പണം ബോണ്ട് നിക്ഷേപത്തിലേക്കൊഴുന്നതിനും ഇടയാക്കിയേക്കാം.
ഫെഡ് ഫിയറിൽ ഡോളറും, ബോണ്ട് യീൽഡും മുന്നേറുമ്പോൾ സുരക്ഷിത നിക്ഷേപ സങ്കേതങ്ങളായ സ്വർണവും, ക്രിപ്റ്റോ കറൻസികളും വെള്ളിയാഴ്ച മികച്ച മുന്നേറ്റമാണ് കുറിച്ചത്. അടുത്ത ആഴ്ച വരാനിരിക്കുന്ന അമേരിക്ക പണപ്പെരുപ്പക്കണക്കുകളും ലോക വിപണിയെ ‘വല്ലാതെ’ സ്വാധീനിക്കും.

ലോക വിപണിയിൽ അടുത്ത ആഴ്ച
∙ചൊവ്വാഴ്ച്ചയും ബുധനാഴ്ചയുമായി വരുന്ന അമേരിക്കൻ പിപിഐ, സിപിഐ ഡേറ്റകളും വിപണിയുടെ ഗതി നിർണയിക്കും. നോൺഫാം പേറോൾ കണക്കുകൾ ഫെഡിന് അനുകൂലമായ സാഹചര്യത്തിൽ പണപ്പെരുപ്പക്കണക്കുകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വാധീനം ചെലുത്തും.
∙ബുധനാഴ്ചയാണ് ഫ്രഞ്ച്, ജർമൻ, ബ്രിട്ടീഷ്, ഇറ്റാലിയൻ സിപിഐ ഡേറ്റകൾ പുറത്ത് വരുന്നത്.
∙ഇറക്കുമതി കയറ്റുമതികണക്കുകൾ അടക്കമുള്ള തിങ്കളാഴ്ച വരുന്ന ചൈനയുടെ സാമ്പത്തിക വിവരക്കണക്കുകള്‍ ഏഷ്യൻ-യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. വെള്ളിയാഴ്ച പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കുന്നതും ഏഷ്യൻ വിപണികളെ സാധീനിക്കും.
∙ഇന്ത്യൻ സിപിഐ ഡേറ്റ തിങ്കളാഴ്ചയാണ് വരുന്നത്. മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റവും ചൊവ്വാഴ്ചയാണ് വരുന്നത്.
∙നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി വല്ലാതെ വർദ്ധിച്ച സാഹചര്യത്തിൽ ബുധനാഴ്ച വരുന്ന ഇന്ത്യയുടെ ഡിസംബറിലെ ഇറക്കുമതി-കയറ്റുമതിക്കണക്കുകളും പ്രധാനമാണ്.
ഓഹരികളും സെക്ടറുകളും
∙ഇന്ത്യയുടെ വ്യവസായികോല്പാദനവളർച്ച ഉല്പാദന മേഖലയിലെ ഓഹരികൾക്ക് അനുകൂലമാണ്. മാനുഫാക്ച്ചറിങ് മേഖല ബജറ്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.
∙ടിസിഎസിന്റെ വരുമാനലക്‌ഷ്യം തെറ്റിയെങ്കിലും അറ്റാദായം ലക്‌ഷ്യം മറികടന്നതും, ഓർഡർബുക്ക് പത്ത് ട്രില്യൺ ഡോളർ പിന്നിട്ടതും ഇന്ത്യൻ ഐടി സെക്ടറിന് വെള്ളിയാഴ്ച മുന്നേറ്റം നൽകി.
∙ഇന്ത്യൻ രൂപ വീഴുന്നത് ഐടി കയറ്റുമതി ഓഹരികൾക്ക് അനുകൂലമാണെന്നതിനാൽ ഐടി സെക്ടറിലേക്ക് കൂടുതൽ നിക്ഷേപം വന്നേക്കാമെന്നതും ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്.

∙നാസ്ഡാകിന്റെ വെള്ളിയാഴ്ചത്തെ തകർച്ച ഐടി സെക്ടറില്‍ വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം.
∙യൂണിയൻ ബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നതിനാൽ എഫ്എംസിജി അടക്കമുള്ള ഉപഭോക്തൃ സെക്ടറുകളും പ്രതീക്ഷയിലാണ്.
∙ചെറുകാറുകൾക്കും ബൈക്കുകൾക്കും ബജറ്റിൽ പ്രതീക്ഷിക്കുന്ന ‘നികുതി ഇളവു’കൾ പിന്തുണ നൽകും.
∙ജെഎൽആർ വില്പനകണക്കുകളുടെ പിൻബലത്തിൽ മോർഗൻ സ്റ്റാൻലി ടാറ്റ മോട്ടോഴ്സിന് 990 രൂപയാണ് ലക്‌ഷ്യം കുറിച്ചിരിക്കുന്നത്.
∙ഇന്ത്യയുടെ റിന്യൂവബിൾ എനർജി-ഇലക്ട്രിഫിക്കേഷൻ ആവശ്യങ്ങൾക്ക് കൂടുതൽ അലുമിനിയം ആവശ്യമാണെന്നതും, ഗുണമേന്മ കുറഞ്ഞ അലുമിനിയം അടക്കമുള്ള ലോഹങ്ങളുടെ ഇറക്കുമതി തടയാൻ സർക്കാർ മുൻകൈയെടുത്തേക്കാമെന്ന പ്രതീക്ഷയും അലുമിയം, കോപ്പർ ഓഹരികൾക്ക് പ്രതീക്ഷയാണ്.
∙ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയത് ഇന്ത്യൻ ക്രൂഡ് ഓയിൽ കമ്പനികൾക്ക് അനുകൂലമാണ്. ഓഎൻജിസി, ഓയിൽ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ ശ്രദ്ധിക്കുക.
∙മൂന്നാം പാദത്തിൽ ഇന്ത്യൻ വളം ഉല്പാദനക്കമ്പനികൾ മികച്ച വിറ്റുവരവ് നേടിയെന്ന സൂചനകളും പ്രഖ്യാപിച്ചതിൽ കൂടുതൽ സബ്‌സിഡികൾ ഇനിയും പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയും വളം ഓഹരികൾക്ക് അനുകൂലമാണ്.
∙എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപകമ്പനിയായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓ വരാനിരിക്കുന്നത് എച്ച്ഡിഎഫ്സി ബാങ്കിന് അനുകൂലമാണ്.
∙സ്വർണത്തിന്റെ മുന്നേറ്റം ‘സ്വർണ’ ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കാം. സ്വർണ വായ്പ ഓഹരികളും, ജ്വല്ലറി ഓഹരികളും ശ്രദ്ധിക്കുക.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
എച്ച്സിഎൽ ടെക്ക്, ഏയ്ഞ്ചൽ വൺ, ആനന്ദ് റാത്തി, ഡെൽറ്റ കോർപ്, എച്ച്എസിഎൽ, ഊർജ്ജ ഗ്ലോബൽ, ഡെൻ നെറ്റ്വർക്ക്, ലോട്ടസ് ചോക്ളേറ്റ് സാർത്ഥക മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹിന്ദ്ര ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ടെക്ക് മഹിന്ദ്ര, എൽടിഐ മൈൻഡ്ട്രീ, എൽടിടിഎസ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി എഎംസി, ഐസിഐസിഐ ജിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആർബിഎൽ ബാങ്ക്, ക്യാൻഫിൻ ബാങ്ക്, ചെന്നൈ പെട്രോ, നെൽകോ, ഹാവെൽസ്, കേശോറാം, ആർകെ ഫോർജ്, 5പൈസ മുതലായ കമ്പനികൾ അടുത്ത ആഴ്ചയിലെ തുടർന്നുള്ള ദിവസങ്ങളിലും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഓ
ദന്തപരിപാലന ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ലക്ഷ്മി ഡെന്റൽ ലിമിറ്റഡിന്റെ ഐപിഓ തിങ്കളാഴ്ച ആരംഭിച്ച് ബുധനാഴ്ച അവസാനിക്കുന്നു. ഓഹരിയുടെ ഐപിഓ വില നിരക്ക് 407-428 രൂപയാണ്.
ക്രൂഡ് ഓയിൽ
മാറിയ സാഹചര്യത്തിൽ ചൈനയിലടക്കം എണ്ണയുടെ ഉപഭോഗം വർദ്ധിക്കുമെന്ന അനുമാനവും അമേരിക്കൻ എണ്ണശേഖരത്തിൽ കുറവുണ്ടായതും അമേരിക്കയിലെയും യൂറോപ്പിലെയും തണുപ്പും ക്രൂഡ് ഓയിലിന് കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നൽകി. റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ വരുന്നു എന്ന സൂചനയിൽ വെള്ളിയാഴ്ച കുതിച്ചു കയറിയ ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറും കടന്നു.
ക്രൂഡ് ഓയിലിന്റെ കുതിച്ചു കയറ്റം ഇന്ത്യൻ രൂപക്കും, വിപണിക്കും ക്ഷീണമാണ്.
സ്വർണം
ട്രംപ് അധികാരത്തിൽ വരുന്നത് ലോക രഷ്ട്രീയമാനങ്ങൾ തിരുത്തുന്നതും സുരക്ഷിത നിക്ഷേപമാർഗത്തിനായുള്ള അന്വേഷണവും സ്വർണത്തിന് കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റവും നൽകി. സ്വർണ അവധി വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ 2734 ഡോളർ വരെ മുന്നേറിയിരുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക