86ലേക്ക് നിലംപൊത്തി രൂപ; എക്കാലത്തെയും വമ്പൻ ഏകദിന തകർച്ച, ചുവപ്പണിഞ്ഞ് ഓഹരി വിപണിയും, നഷ്ടം 8 ലക്ഷം കോടി

Mail This Article
രാജ്യാന്തരതലത്തിൽ മറ്റ് കറൻസികളെ തരിപ്പണമാക്കിയുള്ള ഡോളറിന്റെ മുന്നേറ്റത്തിനെതിരെ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ രൂപയ്ക്ക് കനത്ത തകർച്ച. ഇന്ന് ഒറ്റയടിക്ക് 44 പൈസ താഴ്ന്ന് ഡോളറിനെതിരെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയായ 86.40 വരെയെത്തി. ഒറ്റദിവസം രൂപ നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്.
യുഎസിൽ തൊഴിലില്ലായ്മനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഡോളർ ഇൻഡക്സ്, ക്രൂഡ് ഓയിൽ വില എന്നിവ കുതിച്ചുകയറുന്നതുമാണ് രൂപയെ തളർത്തുന്നത്. പുറമേ, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതും വീഴ്ചയുടെ ആക്കംകൂട്ടുന്നു. രൂപ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് പരിശ്രമിക്കുന്നുണ്ട്. വിദേശ നാണയ ശേഖരത്തിൽ നിന്നു ഡോളർ വൻതോതിൽ വിറ്റഴിച്ചാണിത്. എങ്കിലും, രൂപ വൈകാതെ 86.50ലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകൾ.
രൂപയെ തകർക്കുന്ന കണക്കുകൾ
1) യുഎസിന്റെ മുന്നേറ്റം: യുഎസിൽ ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരിക്കുമെന്നായിരുന്നു പൊതു പ്രതീക്ഷ. എന്നാൽ, ഇത് 4.1 ശതമാനത്തിലേക്ക് താഴ്ന്നു. ഡിസംബറിൽ 1.55 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കേ, 2.56 ലക്ഷം പേർക്ക് തൊഴിൽ കിട്ടി. രണ്ടും യുഎസ് സമ്പദ്‍വ്യവസ്ഥ ശക്തമായി കരകയറിയെന്ന സൂചന നൽകുന്നു. ഇതോടെ, യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് ഇനി അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കാൻ വലിയ താൽപര്യം കാണിക്കില്ലെന്ന വിലയിരുത്തലും ശക്തമായി.

പലിശ കുറയാനുള്ള സാധ്യത മങ്ങിയതോടെ ഡോളറും ബോണ്ട് യീൽഡും കത്തിക്കയറി. 10-വർഷ ബോണ്ട് യീൽഡ് 4.769% എന്ന ശക്തമായ നിലയിലെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 109.96 എന്ന ഉയരവും തൊട്ടു.
2) റഷ്യക്ക് ഉപരോധം, എണ്ണയ്ക്ക് മുന്നേറ്റം: യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ, റഷ്യൻ ക്രൂഡ് ഓയിലിനുമേൽ ബൈഡൻ ഭരണകൂടം ഉപരോധം കടുപ്പിച്ചതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില കത്തിക്കയറി. ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു ഡോളറിനടുത്ത് ഉയർന്ന് 81.22 ഡോളറായി. കഴിഞ്ഞ 3 മാസത്തെ ഉയരമാണിത്.

ഡബ്ല്യുടിഐ ക്രൂഡ് വില 78 ഡോളറും കടന്നു. രണ്ടും, ഉപഭോഗത്തിന്റെ 85% ക്രൂഡ് ഓയിലും പുറത്തുനിന്നു വാങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാണ്; രൂപയ്ക്ക് വൻ സമ്മർദവുമാണ്. ഇറാനിൽ ഉൽപാദനം കുറഞ്ഞുവെന്നതും ക്രൂഡ് വിലയെ വൈകാതെ കൂടുതൽ ഉയരത്തിലേക്ക് നയിച്ചേക്കാം. ബ്രെന്റ് വൈകാതെ 85 ഡോളർ ഭേദിച്ചേക്കുമെന്ന് കരുതുന്നു. 20ന് യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്ന ട്രംപ്, ഉപരോധം പിൻവലിക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
3) കൊഴിയുന്ന വിദേശനിക്ഷേം: ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ആഗോള, ആഭ്യന്തരതലത്തിൽ ഡോളറിന് ഡിമാൻഡും കൂടുന്നു. ജനുവരിയിലെ ആദ്യ 10 ദിവസത്തിൽ മാത്രം 22,194 കോടി രൂപയാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്.
സ്വർണവും മുന്നേറ്റത്തിൽ
രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിൽ ആണെന്നിരിക്കേ, ഡോളറിന്റെ കുതിപ്പ് ഏറ്റുപിടിച്ച് സ്വർണവിലയും മുന്നേറി. ഔൺസിന് 2,680 ഡോളർ നിലവാരത്തിൽ നിന്ന് രാജ്യാന്തരവില 2,693 ഡോളർ വരെയെത്തി. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ ഉയർന്ന് വില 7,340 രൂപയായി. 200 രൂപ വർധിച്ച് 58,720 രൂപയാണ് പവൻവില.

ചുവപ്പണിഞ്ഞ് സെൻസെക്സും നിഫ്റ്റിയും
സെൻസെക്സ് ഉച്ചയ്ക്കെത്തെ സെഷനിലേക്ക് കടക്കുമ്പോൾ 640 പോയിന്റോളം (-0.83%) ഇടിഞ്ഞ് 76,736ലും നിഫ്റ്റി 220 പോയിന്റ് (-0.96%) താഴ്ന്ന് 23,210ലുമാണുള്ളത്. സെൻസെക്സിൽ ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവ 0.20-1.42% ഉയർന്ന് നേട്ടത്തിലായപ്പോൾ മറ്റുള്ളവയെല്ലാം ചുവന്നു. 4.36% ഇടിഞ്ഞ് സൊമാറ്റോ നഷ്ടത്തിൽ ഒന്നാമതാണ്. അദാനി പോർട്സ് 2.23%, ടെക് മഹീന്ദ്ര 2.07%, പവർഗ്രിഡ് 2%, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 1.98%, ഏഷ്യൻ പെയിന്റ്സ് 1.81% എന്നിങ്ങനെയും ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്.

നിഫ്റ്റി50ലും ഇൻഡസ്ഇൻഡ് ബാങ്ക് ആണ് 1.39% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. ആക്സിസ് ബാങ്ക്, ടിസിഎസ്, ശ്രീറാം ഫിനാൻസ്, ഇൻഫോസിസ് എന്നിവയും 0.13-1.23% നേട്ടത്തിലേറി. ട്രെന്റ് 5.11% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. അദാനി എന്റർപ്രൈസസ് 3.21% ഇടിഞ്ഞ് തൊട്ടടുത്തുണ്ട്. അപ്പോളോ ഹോസ്പിറ്റൽസ്, വിപ്രോ, ഐഷർ മോട്ടോഴ്സ് എന്നിവ 2.49%-3.08% ഇടിഞ്ഞു. വിശാലവിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് 3.16%, നിഫ്റ്റി റിയൽറ്റി 4.33%, മീഡിയ 2.15% എന്നിവയാണ് കൂടുതൽ നഷ്ടത്തിൽ.
യുഎസ് സമ്പദ്‍വ്യവസ്ഥയുടെ കരകയറ്റം, ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും കുതിപ്പ്, വിദേശ നിക്ഷേപ പിന്മാറ്റം, ക്രൂഡ് വില വർധന, രൂപയുടെ വീഴ്ച, ഇന്ത്യയുടെ ജിഡിപി വളർച്ചാപ്രതീക്ഷയിലേറ്റ മങ്ങൽ, കോർപ്പറേറ്റ് കമ്പനികളുടെ ഡിസംബർപാദ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് എത്തില്ലെന്ന വിലയിരുത്തൽ, പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകൾ എന്നിവയാണ് ഓഹരി വിപണിയിൽ നിക്ഷേപകരെ വിൽപന സമ്മർദത്തിലേക്ക് നയിക്കുന്നത്.
ഒറ്റയടിക്ക് ചോർന്നത് 8 ലക്ഷം കോടി
നിക്ഷേപക സമ്പത്തിൽ ഇന്നുമാത്രം ഇതുവരെ 8 ലക്ഷം കോടി രൂപ ചോർന്നു. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം 429.67 ലക്ഷം കോടി രൂപയിൽ നിന്ന് 421.68 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ നഷ്ടം 28.8 ലക്ഷം കോടി രൂപയാണ്. ജനുവരി രണ്ടിന് സംയോജിത വിപണിമൂല്യം 450.47 ലക്ഷം കോടി രൂപയായിരുന്നു.
നിലംതൊടാതെ കേരളക്കമ്പനികളും
വിൽപന സമ്മർദ്ദത്തിന്റെ പ്രതിഫലനത്തിൽ നിന്ന് രക്ഷനേടാൻ ഒട്ടുമിക്ക കേരള കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന മാത്രമാണ് പച്ചയിലുള്ളത്. കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 7.19%, കല്യാൺ ജ്വല്ലേഴ്സ് 6.9%, ന്യൂമലയാളം സ്റ്റീൽ 6.21%, വെർട്ടെക്സ് 6.17%, പോപ്പീസ് 4.99% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. കൊച്ചിൻ ഷിപ്പ്‍യാർഡ് 4%, ഫാക്ട് 3.86%, വണ്ടർല 3.48%, സിഎസ്ബി ബാങ്ക് 3.38% എന്നിങ്ങനെയും താഴ്ന്നിട്ടുണ്ട്. പ്രൈമ ഇൻഡസ്ട്രീസ് ആണ് 4% ഉയർന്ന് നേട്ടത്തിൽ മുന്നിൽ. കിറ്റെക്സ് 3.23% ഉയർന്നു (Click here).
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business