സമ്പൂർണ നഷ്ടം, നിലയില്ലാതെ വിപണി, നിക്ഷേപകർ ആശങ്കയിൽ

Mail This Article
അമേരിക്കൻ ഡോളറിനെതിരെ രൂപ വീഴുന്നതും അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് ഇന്ന് വീഴ്ച നൽകി. ഒന്നര ശതമാനത്തിനടുത്ത് നഷ്ടം കുറിച്ച നിഫ്റ്റിയും, സെൻസെക്‌സും യഥാക്രമം 23085 പോയിന്റിലും, 76330 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്.
ഇന്ന് സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയിൽ 6.5% നഷ്ടത്തോടെ റിയൽറ്റി സെക്ടറാണ് ഏറ്റവും കൂടുതൽ നഷ്ടം കുറിച്ചത്. ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി സെക്ടറുകൾ ഒന്നര ശതമാനം വീതം വീണത് ഇന്ത്യൻ വിപണിക്ക് നിർണായകമായി.

രൂപ വീണ്ടും വീഴുന്നു
ഡോളർ വീണ്ടും മുന്നേറിയത് രൂപക്ക് വീഴ്ച നൽകി. അമേരിക്കൻ ഡോളറിനെതിരെ രൂപ എക്കാലത്തെയും, ഏറ്റവും മോശം നിരക്കിലാണ് തുടരുന്നത്. ഒരു അമേരിക്കൻ ഡോളറിന് 86.50 എന്ന നിലയിലേക്കും വീണ ഇന്ത്യൻ രൂപ കുത്തനെ വീണുകൊണ്ടിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും, വിപണിക്കും ക്ഷീണമാണ്.
ക്രൂഡ് ഓയിൽ മുന്നേറ്റം
എണ്ണ വില മുന്നേറാനിടയായതും ഇന്ത്യൻ വിപണിയുടെ ആശങ്ക വർദ്ധിപ്പിച്ചു. റഷ്യൻ ക്രൂഡ് ഓയിലിന് മേൽ അമേരിക്ക ഉപരോധം വർദ്ധിപ്പിക്കുന്നത് ക്രൂഡ് ഓയിലിനെ ഉയർന്ന നിരക്കില്‍ നിർത്തിയേക്കാമെന്ന ഭയവും ശക്തമാണ്. എണ്ണ വിലവർദ്ധന ഇന്ത്യയ്ക്ക് ക്ഷീണമാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ 81 ഡോളറിൽ താന്നെയാണ് വ്യാപാരം തുടരുന്നത്.
പണപ്പെരുപ്പം കുറയുന്നു
ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 5.22% മാത്രം വളർച്ച കുറിച്ചത് വിപണിക്ക് തൽക്കാലം ആശ്വാസമാണ്. ഡിസംബറിൽ ഇന്ത്യൻ സിപിഐ 5.30% മുന്നേറിയിട്ടുണ്ടാകാമെന്നായിരുന്നു അനുമാനം.

ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യ വിലക്കയറ്റവും നാളെ പുറത്ത് വരും.
അമേരിക്കൻ പണപ്പെരുപ്പം ബുധനാഴ്ച
തൊഴിൽ വിപണിയിലെ മുന്നേറ്റവും അമേരിക്കൻ പണപ്പെരുപ്പം വീണ്ടും ആളിക്കത്തിച്ചേക്കാമെന്ന സൂചനയും അമേരിക്കൻ വിപണിക്ക് ക്ഷീണമായി. അമേരിക്കൻ ഫെഡ് റിസർവ് നിരക്ക് കുറയ്ക്കുന്നത് വീണ്ടും പതിയെയാക്കുമെന്ന ഭയം ഡോളറിന് മുന്നേറ്റവും നൽകി. വെള്ളിയാഴ്ച തകർന്നടിഞ്ഞ അമേരിക്കൻ വിപണി സ്വാധീനത്തിൽ മറ്റ് വിപണികളും ഇന്ന് തകർച്ച നേരിട്ടു. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തന്നെ വ്യാപാരം തുടരുന്നു.
ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകള്‍ ലോക വിപണിയെയും സ്വാധീനിക്കും. അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും വിപണിക്ക് നിർണായകമാകും.
ഈയാഴ്ചയിലെ പ്രധാന റിസൾട്ടുകൾ
റിലയന്‍സ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, വിപ്രോ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ഹാവെൽസ് മുതലായ കമ്പനികളുടെയും റിസൾട്ടുകൾ ഈയാഴ്ച വരാനിരിക്കുന്നതും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
പണപ്പെരുപ്പകണക്കുകൾക്കും രാജ്യാന്തര ഘടകങ്ങൾക്കും ഒപ്പം മൂന്നാം പാദ റിസൾട്ടുകളും വിപണിയെ സ്വാധീനിക്കും.
നാളത്തെ റിസൾട്ടുകൾ
എച്ച്ഡിഎഫ്സി എഎംസി, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, നെറ്റ് വർക്ക്-18, ഹാഥ് സ്വയ കേബിൾസ്, എസ്ആർഎം എനർജി, ബനാറസ്, അതിശയ്, സീത എന്റർപ്രൈസ്, സായാജി ഹോട്ടൽസ് മുതലായ കമ്പനികൾ നാളെ റിസൾട്ട് പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക