അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വൻ മുന്നേറ്റം; 18% ഉയർന്ന് അദാനി പവർ, കാരണം ഡോണൾഡ് ട്രംപോ ഊഹാപോഹങ്ങളോ?

Mail This Article
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്. അദാനി ഗ്രീൻ എനർജി 13.21%, അദാനി എനർജി സൊല്യൂഷൻസ് 12.62%, അദാനി ടോട്ടൽ ഗ്യാസ് 11.33% എന്നിങ്ങനെയും ഉയർന്നു.

അദാനി എന്റർപ്രൈസസ് 7.60%, അദാനി പോർട്സ് 5.42%, എസിസി 2.95%, അംബുജ സിമന്റ് 2.99%, എൻഡിടിവി 6.88%, സാംഘി ഇൻഡസ്ട്രീസ് 2.84% എന്നിങ്ങനെയും മുന്നേറി വ്യാപാരം ചെയ്യുന്നു. അദാനി ഗ്രൂപ്പ് ഓഹരി പങ്കാളിത്തം വിറ്റൊഴിയുന്ന അദാനി വിൽമർ 0.78 ശതമാനവും നേട്ടത്തിലാണ്.
ഓഹരിക്കുതിപ്പിന്റെ കാരണങ്ങൾ
അദാനി ഗ്രൂപ്പ് ഓഹരികളുടെ ഇന്നത്തെ ‘അപ്രതീക്ഷിത മുന്നേറ്റത്തിന്’ പലകാരണങ്ങളാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നടപ്പുവർഷത്തെ (2024-25) മൂന്നാംപാദത്തിൽ (ഒക്ടോബർ-ഡിസംബർ) 28,455 കോടി രൂപ മതിക്കുന്ന വൈദ്യുതി വിതരണ ഓർഡറുകൾ നേടിയതാണ് അദാനി എനർജി സൊല്യൂഷൻസിന് നേട്ടമായതെന്ന് റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഓർഡറുകൾ ലഭിച്ചത്.

മറ്റൊന്ന്, യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് തിരിച്ചെത്തുന്നതോടെ, അദാനി ഗ്രൂപ്പിന് രാജ്യാന്തരതല മൂലധന സമാഹരണം എളുപ്പമാകുമെന്ന വിലയിരുത്തലുകളാണ്. യുഎസിൽ അദാനി ഗ്രൂപ്പ് നേരിടുന്ന ‘കൈക്കൂലി’ കേസ് ട്രംപിന്റെ ഭരണകാലത്ത് തിരിച്ചടിയാകില്ലെന്ന വിലയിരുത്തലുകളുമുണ്ട്.

ഓഹരി വിപണിയുടെ ഇന്നത്തെ തിരിച്ചുകയറ്റം പൊതുവായി മറ്റ് ഓഹരികൾക്കെന്ന പോലെ അദാനി ഗ്രൂപ്പിനും ഗുണം ചെയ്തുവെന്ന് ചിലർ നിരീക്ഷിക്കുന്നു. തികച്ചും ഊഹാപോഹങ്ങളാണ് അദാനി ഗ്രൂപ്പ് ഓഹരികളെ ഇപ്പോൾ ഉയരത്തിലേക്ക് നയിച്ചതെന്നും ഓഹരി നിക്ഷേപകർ (പ്രത്യേകിച്ച് ആദ്യമായി അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങുന്നവർ) ജാഗ്രത പാലിക്കണമെന്നും ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business