ഓഹരി വിപണി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുമോ ? ഇനിയും വിൽപ്പന തുടരുമോ?
.jpg?w=1120&h=583)
Mail This Article
കോവിഡിനു ശേഷമുണ്ടായ ബുള്‍ തരംഗത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ നിഫ്റ്റി മൂന്നിരട്ടിയിലേറെ കുതിച്ചു. 2025 തുടക്കത്തില്‍ വിപണിക്ക് വലിയ വെല്ലുവിളികളുണ്ട്. എന്നാല്‍ ശക്തമായ തിരുത്തലുകള്‍ തടയാന്‍ കെല്‍പുള്ള ചില അനുകൂല ഘടകങ്ങളും വിപണിയിലുണ്ട്.
ഡോളറും യുഎസ് ബോണ്ട് യീല്‍ഡും ഭീഷണികള്‍
2025ന്റെ തുടക്കത്തില്‍ വിപണി അഭിമുഖീകരിക്കുന്ന ഏറ്റവും ശക്തമായ വെല്ലുവിളി അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സൂചനകളാണ്. ട്രംപ് നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക നയങ്ങളുടെ സ്വാധീനത്തില്‍ ജനുവരിയുടെ തുടക്കത്തില്‍ ഡോളര്‍ സൂചിക 108 നു മുകളിലേക്കെത്തി. ഒരു പക്ഷേ അതിനേക്കാള്‍ പ്രധാനം കുതിച്ചുകൊണ്ടിരിക്കുന്ന യുഎസ് ബോണ്ട് യീല്‍ഡാണ്. ജനുവരി 9ന് ഇത് 4.7 ശതമാനമാണ്.

യുഎസ് വിപണിയിലെ ബുള്‍ കുതിപ്പിനെത്തുടര്‍ന്ന് വികസിത, വികസ്വര വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിലെ കറന്‍സി മൂല്യം യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇടിവു നേരിട്ടു. കറന്‍സിയുടെ മൂല്യത്തിലുള്ള ഇടിവ് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മൂലധനം പുറത്തേക്കൊഴുകാനിടയാക്കി.
ഈ പ്രവണത തുടരുകയാണ്. ഇത് വിപണിക്കു ദോഷം ചെയ്യും. യുഎസ് ബോണ്ട് യീല്‍ഡ് വര്‍ധിക്കുന്നതുകൊണ്ട് വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായി വില്‍ക്കുകയാണ്. പത്തു വര്‍ഷ യുഎസ് ബോണ്ട് യീല്‍ഡ് 4.7 ശതമാനം നേട്ടം നല്‍കുമ്പോള്‍ വിദേശ നിക്ഷേപകര്‍ എന്തിന് വാല്യുവേഷന്‍ കൂടുതലുള്ള ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കണം എന്ന ചോദ്യം താല്‍ക്കാലികമായെങ്കിലും പ്രസക്തമാണ്.
നിക്ഷേപകരെ അകറ്റുന്ന പ്രധാന തടസ്സം വാല്യുവേഷന്‍
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാല്യുവേഷനുള്ള വിപണികളിലൊന്നാണിപ്പോഴും ഇന്ത്യന്‍ വിപണി. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ പിഇ അനുപാതം 20 ആണ് : ദീര്‍ഘകാല ശരാശരിയായ 18 നേക്കാള്‍ കൂടുതലാണിത്. യുഎസ് സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയും മറ്റു വികസിത, വികസ്വര വിപണികളില്‍ വാല്യുവേഷന്‍ ഇന്ത്യയിലേതിനേക്കാള്‍ കുറവായി തുടരുകയും ചെയ്യുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ ഇനിയും വില്‍പന തുടരാനാണിട.
വിദേശ നിക്ഷേപകര്‍ക്ക് ഇരട്ട സ്വഭാവം
2024ല്‍ വിദേശ നിക്ഷേപകരുടെ വ്യാപാരത്തില്‍ ഇരട്ട സ്വഭാവം പ്രകടമാണ്. എക്‌സ്‌ചേഞ്ചുകള്‍ മുഖേന അവര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റു. എന്നാല്‍ പ്രാഥമിക വിപണിയില്‍ അവര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങി. 2024ല്‍ വിദേശ നിക്ഷേപകര്‍ 121,210 കോടി രൂപയുടെ ഓഹരികളാണ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിറ്റത്.

എന്നാല്‍ പ്രാഥമിക വിപണികളിലൂടെ അവര്‍ 121,637 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. അതായത് 2024 ല്‍ 427 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടന്നു .(അവലംബം NSDL ). ഇതില്‍ നിന്നു മനസിലാക്കാവുന്ന കാര്യം ലളിതമാണ്: വിദേശ നിക്ഷേപകര്‍ പ്രധാനമായും പരിഗണിക്കുന്നത് വാല്യുവേഷനാണ്. സെക്കന്ററി വിപണിയിലെ വില കൂടിയ ഓഹരികള്‍ അവര്‍ വില്‍ക്കുകയും പ്രാഥമിക വിപണിയില്‍ മിതമായ നിരക്കിലുള്ള ഓഹരികള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യ വിടുകയാണെന്നൊരു കാഴ്ചപ്പാടുണ്ട്. ഈ നിഗമനം ശരിയല്ല.
വരാനിരിക്കുന്ന നല്ല വാര്‍ത്തകള്‍വിപണിയില്‍ മാറ്റമുണ്ടാക്കും
കരുത്തുറ്റ ഡോളറിന്റേയും ആകര്‍ഷകമായ യുഎസ് ബോണ്ട് യീല്‍ഡിന്റേയും പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ വില്‍പന തുടരാനാണിട. ഇത് വിപണിയെ താല്‍ക്കാലികമായി സമ്മര്‍ദ്ദത്തിലാക്കും. ഇതിന് ഒരു മാറ്റമുണ്ടാകണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നടക്കണം : ഒന്ന്, ഡോളറിന്റെ മൂല്യത്തിലും യുഎസ് ബോണ്ട് യീല്‍ഡിലും ഇടിവ് സംഭവിക്കണം.
രണ്ട്, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, കോര്‍പ്പറേറ്റ് ലാഭം എന്നിവയ്ക്കനുകൂലമായ വാര്‍ത്തകള്‍ വരണം. രണ്ടാമത്തേതാണ് 2025ല്‍ നടക്കാനിടയുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്നാണ് ഇപ്പോഴത്തെ അനുമാനം. ഇത് നേരത്തേ പ്രതീക്ഷിച്ചതിലും കുറവാണ്. എങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ ഒരു തിരിച്ചുവരവ് നടക്കുന്നതിന്റെ സൂചനകളുണ്ട്. ഇത് കൂടുതല്‍ പ്രകടമാകുന്നതോടെ വിപണിയില്‍ ഉയര്‍ച്ചയുണ്ടാകും.
ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്