ആശങ്കകൾക്കിടമില്ല! ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി തുടരും; ട്രംപിന്റെ നയങ്ങള്‍ നിലനില്‍ക്കില്ല

Mail This Article
ഓഹരി വിപണിയില്‍ സമീപകാലത്തുണ്ടായ തിരുത്തില്‍ താല്‍ക്കാലികം മാത്രമാണെന്നും വിപണി മികച്ച രീതിയില്‍ മുന്നോട്ടുപോകുമെന്നും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ ഡിബിഎഫ്എസ് മാനേജിങ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമീപ കാല ഭീഷണികളൊന്നുമില്ലെന്നും വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാനുള്ള നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഹരി വിപണിയിലേക്ക് ധാരാളം ആളുകള്‍ കോവിഡിന് ശേഷം രംഗപ്രവേശം ചെയ്തിട്ടുണ്ട്, മ്യൂച്ച്വല്‍ ഫണ്ട് വഴിയും നേരിട്ടുമെല്ലാം. അതിന് പല കാരണങ്ങളുണ്ട്. ഡിജിറ്റല്‍ ഇക്കണോമിയുടെ വളര്‍ച്ചയും ഒരു കാരണമാണ്. സ്‌റ്റോക്കുകളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇന്ന് പലര്‍ക്കും പാഷനായി മാറുന്നുണ്ട്. മികച്ച നേട്ടം ലഭിക്കുന്നതിനുള്ള മറ്റ് അവസരങ്ങള്‍ കുറയുകയും ചെയ്യുന്നു. വളരെ ലളിതമായി ഓഹരി വിപണിയില്‍ നിക്ഷേപവും ട്രേഡിങ്ങും നടത്താമെന്നതും അതിന് കാരണമാണ്-പ്രിന്‍സ് പറയുന്നു.

2021ല്‍ തുടങ്ങിയ ഓഹരി വിപണിയുടെ കുതിപ്പ് 2024 പകുതി വരെ തുടര്‍ന്നു. ചെറിയൊരു കറക്ഷന്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളൂ. സാധാരണ വിപണിയില്‍ സംഭവിക്കുന്ന കറക്ഷന്‍ മാത്രമാണിത്. അല്ലാതെ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല.
-
Also Read
ട്രംപ്ണോമിക്സ്–എന്ത്? എന്തിന്? എങ്ങനെ?
തിരുത്തലിന് പല കാരണങ്ങളുണ്ട്. ആഗോളതലത്തിലെ മാറ്റങ്ങള്‍ ആണ് പ്രധാനം. അമേരിക്കയിലെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും പ്രധാന ഘടകമാണ്. ആഗോളവല്‍ക്കരണത്തിന്റെ ആശയത്തിന് എതിരായിട്ടുള്ള നയങ്ങളാണ് പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത്. സംരക്ഷണവാദ നയങ്ങളാണ് അദ്ദേഹം പിന്തുടരുന്നത്. അത് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ല.
ജനുവരി 20നാണ് ട്രംപ് അധികാരമേറുന്നത്. ഈ പ്രതീക്ഷയില്‍ യുഎസ് ഡോളര്‍ ഇതിനോടകം ഏഴ് ശതമാനത്തോളം ഉയര്‍ന്നു കഴിഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞു, ഏറ്റവും താഴ്ന്ന നിലയിലേക്ക്, 86 ലെവലിലേക്ക് വീണിരിക്കുന്നു. എന്നാല്‍ മറ്റ് കറന്‍സികളെ അപേക്ഷിച്ച് താരതമ്യേന പിടിച്ചുനിന്നത് രൂപയാണെന്നതും കാണാതിരുന്നുകൂട. അതേസമയം ട്രംപിന്റെ പോളിസി വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കയെ മാത്രം മുന്നില്‍ കണ്ടുള്ള നയങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗികമായി സാധിച്ചേക്കില്ല. ഹ്രസ്വകാലത്തേക്ക് അതിന് ചില ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കുമായിരിക്കും.
ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചും വലിയ ആശങ്കകള്‍ക്ക് വഴിയില്ല. വിദേശനിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി ആഭ്യന്തര നിക്ഷേപകരുടെ ഭാഗത്തുനിന്ന് നിക്ഷേപം വരുന്നുമുണ്ട് എന്നത് മനസിലാക്കണം. വലിയൊരു അനിശ്ചിതാവസ്ഥയിലേക്ക് വിപണി പോകുമെന്ന് തോന്നുന്നില്ല-പ്രിന്‍സ് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ സര്‍ക്കാര്‍ തീരുവ കൂട്ടുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയ്ക്ക് 60 ശതമാനവും മറ്റ് പല രാജ്യങ്ങള്‍ക്കും 40 ശതമാനവുമെല്ലാം തീരുവ ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇങ്ങനെ സംഭവിച്ചാല്‍ അമേരിക്കയിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് കുറയും. ഇത് യുഎസില്‍ പണപ്പെരുപ്പമുണ്ടാക്കിയേക്കാം. എന്നാല്‍ അമേരിക്ക പോലൊരു ഹൈകോസ്റ്റ് ഇക്കോണമിയില്‍ ഉല്‍പ്പാദനം വിചാരിച്ച പോലെ വലിയ തോതില്‍ നടക്കണമെന്നില്ല. അതിനാല്‍ താരിഫ് യുദ്ധങ്ങളും പരാജയപ്പെടാനാണ് സാധ്യത.
അമേരിക്കയുടെ കറന്‍സി ശക്തമാകുമ്പോൾ അവര്‍ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റാതാകും. അപ്പോള്‍ ലോകത്തിന്റെ ഏതെങ്കിലും രാജ്യത്ത് യുദ്ധമുണ്ടാക്കി, ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും അമേരിക്ക നോക്കുക. അമേരിക്കയുടെ 10 വര്‍ഷ ബോണ്ട് പലിശനിരക്ക് 4.76 ആണ്. ഇന്ത്യയിലേത് 6.9 ആണ്. എമര്‍ജിങ് മാര്‍ക്കറ്റിന്റെ ലെവലിലേക്ക് അത് മാറുമെന്ന പ്രതീക്ഷകള്‍ക്കൊന്നും യുക്തിയില്ല.
ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി തുടരും
ഇന്ത്യ ഗ്രോത്ത് സ്‌റ്റോറിയുടെ ദീര്‍ഘകാല സാധ്യതകള്‍ക്ക് ഒരു ഭീഷണിയുമില്ലെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ ജനസംഖ്യ, ഹൗസിങ് ഡിമാന്‍ഡ്, യുവാക്കളുടെ സാന്നിധ്യം...ഇതെല്ലാം പോസിറ്റീവ് ഘടകങ്ങളാണ്. 30 വര്‍ഷത്തേക്ക് ഇന്ത്യ ഗ്രോത്ത് സ്‌റ്റോറിക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ല. എന്നാല്‍ വളര്‍ച്ചാനിരക്ക് താഴാന്‍ ഇടവരരുത്. കഴിഞ്ഞ ബജറ്റ് പോലും ഉദ്ദേശിച്ച രീതിയിലല്ല വന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തത് സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്. അതിനെ എങ്ങനെ കൈകാര്യം ചെയ്യാന്‍ ബിജെപിക്ക് സാധിക്കുമെന്നത് കാണേണ്ടതുണ്ട്.
7 ശതമാനത്തിന് മുകളില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്നാണ് അത് ആറിലേക്ക് താഴ്ന്നിരിക്കുന്നത്. വിവിധ മേഖലകളില്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ ഒരുക്കണം. നികുതി പലര്‍ക്കും ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള നികുതി നിരക്കുകള്‍ യുക്തിസഹമാക്കണം. പൊതുചെലവിടല്‍ കുറഞ്ഞതും വളര്‍ച്ച മന്ദഗതിയിലാക്കാന്‍ കാരണമായി. ഇപ്പോഴും മികച്ച വളര്‍ച്ചയുള്ള ഇക്കോണമിയാണ് നമ്മുടേത്. പൊതു, സ്വകാര്യ ചെലവിടലുകള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണം.
അതേസമയം ഒരു പരിധി വിട്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് വരാന്‍ സാധ്യതയില്ലെന്നും പ്രിന്‍സ് ജോര്‍ജ് പറയുന്നു. ഒരു കറക്ഷന്‍ ഉണ്ടായേക്കാം. എന്നാല്‍ 3500 ഡോളര്‍ വരെ ഏതാനും വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവില എത്തിയേക്കാം.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്
കറക്ഷന്‍ സമയത്ത് യുക്തിപരമായി തീരുമാനമെടുക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കണം. തിരുത്തലുകള്‍ വരുമ്പോള്‍ വെപ്രാളം കാണിച്ച് ഓഹരി വിറ്റഴിക്കരുത്. അതേസമയം കുതിപ്പുണ്ടാകുമ്പോള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടുകയുമരുത്. പാനിക്കായി വില്‍ക്കാതെ നല്ല സ്റ്റോക്കുകള്‍ വാങ്ങി ബാലന്‍സ് ചെയ്ത് നിര്‍ത്തണം. അച്ചടക്കത്തോടെ നിക്ഷേപം കൈകാര്യം ചെയ്യാന്‍ സാധിക്കണം.