വരുന്നു ‘ട്രംപ’ൻയുഗം രണ്ടാം ഘട്ടം, ആഗോള വിപണികളിൽ ആശയും ആശങ്കകളും

Mail This Article
രൂപയുടെ തകർച്ചയിലും, വിദേശ ഫണ്ടുകളുടെ തുടർവില്പനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനങ്ങളിൽ കൂടുതൽ നഷ്ടം ഒഴിവാക്കിയെങ്കിലും വിദേശ ഫണ്ടുകൾ വില്പന തുടർന്നതിനാൽ മുന്നേറാനായില്ല. മുൻ ആഴ്ചയിൽ 23440 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23203 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 77378 പോയിന്റിൽ നിന്നും 76619 പോയിന്റിലേക്കും ഇറങ്ങി.
മുന്നേറി വന്ന ഡോളർ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾക്ക് ശേഷം ക്രമപ്പെട്ടത് ഇന്ത്യൻ രൂപക്ക് ആശ്വാസമായതും, റിലയൻസിന്റെ മികച്ച റിസൾട്ടുമാണ് ഇന്ത്യൻ വിപണിയെ കൂടുതൽ വീഴ്ചയിൽ നിന്നും രക്ഷിച്ചത്. നിഫ്റ്റിക്ക് 23000 പോയിന്റിലെയും, 22800 പോയിന്റിലെയും പിന്തുണകളും, 23500 പോയിന്റിലെയും, 200ഡിഎംഎ ആയ 23680 പോയിന്റിലെയും, 23950 പോയിന്റിലെയും കടമ്പകളും നിർണായകമാണ്.

റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ 5% വീതം നഷ്ടം കുറിച്ചപ്പോൾ, ഫാർമ, എഫ്എംസിജി സെക്ടറുകളുടെ ആഴ്ച നഷ്ടം മൂന്ന് ശതമാനത്തിനടുത്താണ്. ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി സെക്ടറുകളും വീണു.
ബാങ്ക് നിഫ്റ്റിയുടെ പിഇ 13.1 മാത്രമാണെന്നതും, ലാർജ് ക്യാപ് സെക്ടറിന്റെ വിപണി വിഹിതം കുറഞ്ഞ നിരക്കിലാണെന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.
വിദേശഫണ്ടുകളുടെ വില്പന നിലക്കുന്നില്ല
വിദേശഫണ്ടുകൾ 2025ൽ ഒരു ദിവസമൊഴികെ എല്ലാ ദിവസവും തുടർവില്പനക്കാരായത് തുടർന്നേക്കാമെന്നതാണ് ഇന്ത്യൻ വിപണിയുടെ ആശങ്ക. വിദേശഫണ്ടുകൾ ജനുവരിയിലിത് വരെ 46576 കോടിയുടെ വില്പന നടത്തിക്കഴിഞ്ഞതോടെ കഴിഞ്ഞ നാല് മാസക്കാലയാളവിൽ വിദേശഫണ്ടുകളുടെ വില്പന രണ്ടേകാൽ ലക്ഷം കോടി രൂപയും പിന്നിട്ടു.
ഇന്ത്യൻ വിപണിയിലെ വിദേശഫണ്ടുകളുടെ തോത് വല്ലാതെ കുറഞ്ഞപ്പോഴും ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയാണ് വിപണിയെ പിടിച്ചു നിർത്തുന്നത്. മാസത്തിൽ 26000 കോടിയിൽ കൂടുതൽ എസ്ഐപിയിലൂടെ മാത്രം വിപണിയിലേക്കൊഴുകുന്നത് ഇനിയും വർദ്ധിച്ചേക്കാം.
ബജറ്റിലേക്ക് രണ്ടാഴ്ച കൂടി
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ആദായനികുതിയിലും കോർപ്പറേറ്റ് നികുതിയിലും ഇളവുകൾ പ്രഖ്യാപിക്കുമെന്നതുൾപ്പെടെയുള്ള ഊഹങ്ങൾക്ക് അടുത്ത ആഴ്ചകളിൽ ഇന്ത്യൻ വിപണിയിലും അനുരണനങ്ങൾ സൃഷ്ടിക്കാനായേക്കും. എങ്കിലും ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തുമോ എന്നതടക്കമുള്ള ആശങ്കകളും സജീവമാണ്.
ഡിഫൻസ്, റെയിൽ, വളം, ഇൻഫ്രാ, ഹൗസിങ്, മാനുഫാക്ച്ചറിങ്, ആർഇ, ഗ്രീൻ ഹൈഡ്രജൻ, ബാറ്ററി, ഇവി, ഇലക്ട്രോണിക്സ് മേഖലകളിലും ബജറ്റിന് മുന്നോടിയായി ചലനം സൃഷ്ടിച്ചേക്കാം. റെയിൽ മേഖലക്ക് ഇത്തവണ മുന്തിയ പരിഗണന ലഭിക്കുമെന്ന സൂചന വന്ന് കഴിഞ്ഞു. കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും, ആഭ്യന്തര ഉത്പാദനം ഉയർത്തി നിർത്തുന്നതിനുമായുള്ള നടപടികൾക്കും ബജറ്റിൽ പ്രാധാന്യം ലഭിച്ചേക്കും.
ഗ്രീൻ എനർജി, ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപങ്ങൾക്ക് ആദായനികുതിയിൽ ഇളവ് നൽകുന്ന നയങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
ബജറ്റ് പ്രമാണിച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ചയും ഇന്ത്യൻ വിപണി തുറന്ന് പ്രവർത്തിക്കുന്നത് നിക്ഷേപകർക്ക് അവസരം നഷ്ടപ്പെടാതിരിക്കാൻ സഹായകമാകും.
ഇന്ത്യയുടെ ജിഡിപി വളർച്ച ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നതും, രൂപ ഏറ്റവും മോശം നിരക്കിലാണെന്നതും ബജറ്റിന് ശേഷം വരുന്ന ആർബിഐ യോഗത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഫെബ്രുവരി ആദ്യം നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.

നാളെ മുതൽ ‘ട്രംപ്’യുഗം
വാഴ്ത്തുപാട്ടുകളിൽ കേട്ടിരുന്നത് പോലെ, വരും മുൻപേ യുദ്ധങ്ങൾ വരെ അവസാനിപ്പിച്ചു കൊണ്ട് ഡോണൾഡ് ട്രംപിന്റെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകുകയാണ്. ലോകം മുഴുവൻ ഇത് പോലെ ഉറ്റു നോക്കിയിരുന്ന മറ്റൊരു പ്രസിഡന്റ് സ്ഥാനാരോഹണം അമേരിക്കയിൽ ഉണ്ടായിട്ടില്ല എന്ന് എതിരാളികൾക്ക് പോലും സമ്മതിക്കേണ്ടി വരുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സ്ഥാനാരോഹണത്തിന് ശേഷം ട്രമ്പിന്റെയും കൂട്ടാളികളുടെയും നടപടികൾ എങ്ങനെയാണ് ബാധിക്കുക എന്ന കടുത്ത ആശങ്ക പ്രകടമാണെങ്കിലും വെള്ളിയാഴ്ച്ച അമേരിക്കൻ വിപണിയും ‘ട്രംപൻ’ ആവേശത്തിലായിരുന്നു. .
അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ഉടൻ തന്നെ നേരത്തെ സൂചിപ്പിച്ച നികുതി വർദ്ധന നടപടികൾ ഉണ്ടായേക്കില്ല എന്ന കഴിഞ്ഞ ആഴ്ച്ചയിൽ ട്രംപിന്റെ ടീമിൽ നിന്നുമുണ്ടായ പ്രതികരണത്തിലാണ് വിപണി തത്കാലം ആശ്വാസം കണ്ടെത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടത്തിയ പ്രസ്താവനകളുടെ ‘ഫലം’ സ്ഥാനമേറ്റെടുക്കുന്നതിന് മുൻപേയുണ്ടായതിനാൽ അമേരിക്കയുടെ വഴി സുഗമമാക്കാൻ ഇനിയും ട്രംപ് വാക്-ശരങ്ങൾ തന്നെയാകും ഉപയുക്തമാക്കുക.
ലോകനായക പട്ടത്തിനായി മത്സരിക്കുന്ന ചൈന ട്രംപ് കാലഘട്ടം തന്ത്രപൂർവം മറികടക്കാനും, ശേഷം നേതാവായി തുടരാനുമായിരിക്കും ശ്രമിക്കുക. തായ്‌വാൻ അധിനിവേശഭീഷണിയും ചൈന സമ്മർദ്ധതന്ത്രമായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചേക്കുക. ഇലോൺ മസ്‌ക് ചൈനയുടെയും ട്രംപിന്റെയും ഇടയിലെ പാലമായാൽ ഇന്ത്യക്കും ഇന്ത്യൻ വിപണിക്കുമത് ക്ഷീണമായേക്കാം.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണം തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച മാർട്ടിൻ ലൂഥർ കിങ് ദിനം പ്രമാണിച്ച് അമേരിക്കൻ വിപണിക്ക് അവധിയാണ്.
ട്രംപ് ഇന്ത്യക്ക്
ചൈന പ്ലസ് വൺ എന്ന നയം ഇന്ത്യ ഉപയുക്തമാക്കിയില്ലെങ്കിൽ, മികച്ച കയറ്റുമതിക്കണക്കുകളുള്ള ബ്രസീലും, ഇന്തോനേഷ്യ അടക്കമുള്ള തെക്ക്-കിഴക്കൻ രാജ്യങ്ങളും അവസരം മുതലാക്കിയേക്കാം. ട്രംപിനോടുള്ള പ്രധാനമന്ത്രിയുടെ അടുപ്പവും, ഇന്ത്യൻ വംശജർക്ക് ട്രംപ് ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ളതും ഇന്ത്യക്ക് അനുകൂലമായേക്കാം.
കോർപ്പറേറ്റ് നികുതിയിലും, കയറ്റുമതിക്കാർക്കുള്ള പിന്തുണയിലും ബജറ്റിലും ശേഷവും വലിയ മാറ്റങ്ങൾ കൊണ്ട് വരേണ്ടത് കാലോചിതമാണ്. ഇന്ത്യയുടെ നികുതിനിരക്കുകളെക്കുറിച്ച് ഇന്ത്യൻ ബിസിനസ് സമൂഹത്തിന് പുറമെ പരാതി ഉന്നയിച്ചത് ഡോണൾഡ് ട്രംപ് തന്നെയാണ്.

ഓഹരികളും സെക്ടറുകളും
∙ഇന്ത്യൻ വിപണിയിൽ ലാർജ് ക്യാപ് സെക്ടറിന്റെ വിഹിതം ഏറ്റവും കുറഞ്ഞ നിരക്കിൽ തുടരുന്നത് ലാർജ് ക്യാപ് ഓഹരികളെ കൂടുതൽ ആകർഷകമാക്കുന്നു.
∙ബജറ്റിൽ റെയിൽവേ സെക്ടറിനുള്ള വിഹിതത്തിൽ വർദ്ധനയുണ്ടാകുമെന്ന സൂചന വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും റെയിൽ ഓഹരികൾക്ക് മികച്ച കുതിപ്പാണ് നൽകിയത്. ആർവിഎൻഎൽ, റൈറ്റ്സ്, ഇർകോൺ മുതലായ റെയിൽ ഓഹരികൾ ബജറ്റ് വരെ നിക്ഷേപത്തിന് പരിഗണിക്കാം.
∙ബജറ്റിൽ ആദായനികുതിയിളവിനുള്ള സാധ്യത എഫ്എംസിജി അടക്കമുള്ള ഉപഭോക്തൃ മേഖലകൾക്ക് ബജറ്റ് വരെ മികച്ച അവസരം നൽകിയേക്കാം.
∙ചൈനയുടെ ഡിസംബർ മാസത്തെ ആഭ്യന്തര ഉല്പാദനത്തിൽ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച റിപ്പോർട്ട് ചെയ്തത് രാജ്യാന്തര വിപണിയിൽ ലോഹവില ഉയർത്തുന്നത് ഇന്ത്യൻ മെറ്റൽ സെക്ടറിനും പിന്തുണ നൽകും. വെള്ളിയാഴ്ച്ച ഇന്ത്യൻ ലോഹ ഓഹരികൾ മുന്നേറ്റം നേടി.
∙റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിന്റെ വരുമാന-അറ്റാദായ വളർച്ചകളുടെ പിൻബലത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് മൂന്നാം പാദത്തിൽ മികച്ച റിസൾട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച 4% നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
∙താരിഫ് വർദ്ധനയുടെ പിൻബലത്തിൽ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോം മുൻ വർഷത്തിൽ നിന്നും വരുമാനത്തിൽ 19.4%വും, അറ്റാദായത്തിൽ 26%വും വർദ്ധന നേടി.
∙മോർഗൻ സ്റാൻലിയും, ജെഫറീസും, സിഎൽഎസ്എയും 1650 രൂപക്ക് മുകളിലാണ് റിലയൻസിന് ലക്ഷ്യവില കുറിച്ചത്. റിലയൻസ് 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാല്യൂവേഷനിലാണുള്ളത്.
∙ഇൻഫോസിസ് മുൻപാദത്തിൽ നിന്നും, മുൻവർഷത്തിൽ നിന്നും മികച്ച അറ്റാദായവും, വരുമാനവും കുറിച്ചെങ്കിലും ഓഹരി വിപണിയിൽ 6% വരെ വെള്ളിയാഴ്ച നഷ്ടം കുറിച്ചു.
∙ഇന്‍ഫോസിസിന് മോർഗൻ സ്റ്റാൻലി 2150 രൂപയും, നോമുറ 2220 രൂപയും ലക്‌ഷ്യം കാണുന്നു.
∙മൂന്നാം പാദ റിസൾട്ട് ലക്‌ഷ്യം തെറ്റിയെങ്കിലും ആക്സിസ് ബാങ്കിന് ജെഫറീസും, സിഎൽഎസ്എയും 1400 രൂപ വീതവും, മോർഗൻ സ്റ്റാൻലി 1300 രൂപയും ലക്‌ഷ്യം കാണുന്നു.
∙റിലയൻസ് ജിയോ പ്ലാറ്റ്‌ഫോം ഡിസംബറിൽ മികച്ച വരുമാന വളർച്ച നേടിയത് ടെലികോം ഓഹരികളായ ഭാരതി എയർടെലിനെയും, വോഡഫോൺ ഐഡിയയെയും കൂടുതൽ ആകർഷകമാക്കുന്നു.
∙റിന്യൂവബിൾ എനർജി മേഖല ബജറ്റിൽ പിന്തുണ നേടുമെന്ന ഊഹങ്ങൾ സോളാർ, വിൻഡ്മിൽ, ബാറ്ററി സ്റ്റോറേജ് ഓഹരികൾക്കും പ്രതീക്ഷയാണ്.
∙2024ൽ 3.4 ജിഗാവാട്ട് ശേഷി വരുന്ന വിൻഡ് മില്ലുകളാണ് ഇന്ത്യയിലാകെ സ്ഥാപിച്ചത്. 2017നെ ശേഷമുള്ള ഏറ്റവും മികച്ച കണക്കാണിത്. 2025ലെ കണക്കുകൾ ഇതിലും മികച്ചതാകുമെന്ന പ്രതീക്ഷ വിൻഡ് മിൽ ഓഹരികൾക്ക് അനുകൂലമാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
സെൻട്രൽ ബാങ്ക്, ജമ്മു & കാശ്മീർ ബാങ്ക്, ഐഡിബിഐ ബാങ്ക്, എംആർപിഎൽ, ഐആർഎഫ്സി, ഡിക്സൺ ടെക്‌നോളജീസ്, സൊമാറ്റോ, എംസിഎക്സ്, പേടിഎം, എൽ&ടി ഫൈനാൻസ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണി ലിവർ, ഗോദ്‌റെജ് കൺസ്യൂമർ, ഹിന്ദ് പെട്രോ, ഡിഎൽഎഫ്, അൾട്രാ ടെക്, ഇന്ത്യ സിമന്റ്, ഡാൽമിയ ഭാരത്, ജെകെ സിമന്റ്, പോളി ക്യാബ്‌സ്, പിഡിലൈറ്റ്, ഹഡ്കോ, പിഎൻബി ഹൗസിങ്, എൽ&ടി ഫിനാൻസ്, ബിർള മണി, ടാറ്റ ടെക്, പെർസിസ്റ്റന്റ്, സെൻസാർ ടെക്ക്, ഇൻഡിഗോ, അദാനി ഗ്രീൻ, ഐഇഎക്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, യെസ് ബാങ്ക് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഓ
വ്യാഴാഴ്ച ആരംഭിച്ച സ്റ്റാലിയൻ ഇന്ത്യ ഫ്‌ളൂറോകെമിക്കൽസിന്റെ ഐപിഓ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ഐപിഓ വില 85-90 രൂപയാണ്.
ഡെന്റ വാട്ടർ & ഇൻഫ്രാ സൊല്യൂഷൻസിന്റെ ഐപിഓ ജനുവരി 22ന് ആരംഭിച്ച് ജനുവരി 24ന് അവസാനിക്കും. ഐപിഓ വില 279-294 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക