കടുത്ത നയങ്ങൾ ട്രംപിൽ നിന്നുണ്ടാകില്ലെന്ന പ്രതീക്ഷയിൽ വിപണി

Mail This Article
മുംബൈ∙ ട്രംപിന്റെ സ്ഥാനാരോഹണ ദിനത്തിൽ നേട്ടത്തോടെ വിപണികൾ. ട്രംപിന്റെ രണ്ടാമൂഴത്തിലെ നയങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക കഴിഞ്ഞ നവംബർ മുതൽ വിപണിയിലുണ്ടെങ്കിലും സ്ഥാനാരോഹണദിനത്തിൽ ഏഷ്യൻ വിപണികളെല്ലാം മുന്നേറി. സെൻസെക്സ് 454 പോയിന്റും നിഫ്റ്റി 141 പോയിന്റും ഇന്നലെ നേട്ടമുണ്ടാക്കി. സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ഉടൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലാണ് വിപണിയിലുള്ളത്.
യൂറോപ്യൻ വിപണികളും ഇന്നലെ നേട്ടത്തിലായിരുന്നു. അസംസ്കൃത എണ്ണവില നേരിയ തോതിൽ ഇടിഞ്ഞതും വിപണിയെ സഹായിച്ചു. കമ്പനികളുടെ മൂന്നാംപാദ ഫലങ്ങളും വിപണിയുടെ മുന്നേറ്റത്തിനു കരുത്തു പകരുന്നുണ്ട്. മികച്ച ഫലങ്ങൾ പുറത്തുവിട്ട കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി മൂല്യം ഇന്നലെ 9 ശതമാനമാണ് ഉയർന്നത്.
വരും ദിവസങ്ങളിലും ട്രംപിന്റെ നയങ്ങൾ തന്നെയാകും വിപണിയെ സ്വാധീനിക്കുക. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലും ഉയർച്ചയാണ്. രൂപയുടെ മൂല്യത്തിൽ ഇന്നലെ 15 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 86.45 ആണ് മൂല്യം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business