ട്രംപാഘാതം! സെൻസെക്സ് 1,235 പോയിന്റ് ഇടിഞ്ഞു; നഷ്ടം 7.52 ലക്ഷം കോടി, സൊമാറ്റോയുടെ വീഴ്ചയിൽ തെന്നി സ്വിഗ്ഗിയും

Mail This Article
യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് (Donald Trump) സ്ഥാനമേറ്റശേഷമുള്ള ആദ്യ വ്യാപാരദിനത്തിൽ കണ്ണീരണിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സും (Sensex) നിഫ്റ്റിയും (Nifty) 7-മാസത്തെ താഴ്ചയിലേക്ക് നിലംപൊത്തി. കോർപ്പറേറ്റ് കമ്പനികളുടെ മോശം ഡിസംബർ പാദ പ്രവർത്തനഫലങ്ങളും വിദേശ നിക്ഷേപകരുടെ കൂട്ടപ്പിന്മാറ്റവും കൂടിയായതോടെ ഓഹരികളിൽ വിൽപനസമ്മർദം കനത്തു. സെൻസെക്സ് ഇന്നൊരുവേള 1,431 പോയിന്റാണ് ഇടിഞ്ഞത്. വ്യാപാരം അവസാനിപ്പിച്ചത് 1,234.08 പോയിന്റ് (-1.60%) നഷ്ടവുമായി 75,838.36ൽ.

സെൻസെക്സും നിഫ്റ്റിയും ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടത്തിലേക്ക് വീഴുകയും നഷ്ടം കൂട്ടുകയുമായിരുന്നു. 23,421ൽ തുടങ്ങിയ നിഫ്റ്റി 23,426 വരെ ഉയർന്നശേഷം 22,976വരെ താഴ്ന്നു. വ്യാപാരാന്ത്യത്തിലുള്ളത് 320.10 പോയിന്റ് (-1.10%) നഷ്ടവുമായി 23,024ൽ. 23,000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു എന്നതു മാത്രമൊരു ആശ്വാസം.
വീഴ്ചയുടെ കണക്കുകൾ
നിഫ്റ്റി50ൽ (nifty50) 9 കമ്പനികളേ പച്ചതൊട്ടുള്ളൂ. 41 ഓഹരികൾ ഇടിഞ്ഞു; ഒന്നിന്റെ വില മാറിയില്ല. ബിഎസ്ഇയിൽ (bse) 4,088 ഓഹരികൾ വ്യാപാരം ചെയ്തതിൽ 1,187 എണ്ണം നേട്ടത്തിലും 2,788 എണ്ണം നഷ്ടത്തിലുമായി. 113 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. നിക്ഷേപക സമ്പത്തിൽ (investors wealth) നിന്ന് ഇന്ന് ഒറ്റദിവസം കൊഴിഞ്ഞത് 7.52 ലക്ഷം കോടി രൂപ. 431.59 ലക്ഷം കോടി രൂപയിൽ നിന്ന് 424.07 ലക്ഷം കോടി രൂപയായാണ് ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം കുറഞ്ഞത്.
വീഴ്ചയിലും നേട്ടത്തിലും മുന്നിലായവർ
നിഫ്റ്റി50ൽ ടാറ്റാ ഗ്രൂപ്പിന് (Tata Group) കീഴിലെ ട്രെന്റ് (Trent) 6% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതായി. 2024ൽ 133% മുന്നേറി നിഫ്റ്റി50ലെ ബെസ്റ്റ് പെർഫോർമർ ആയിരുന്ന ട്രെന്റ്, പുതുവർഷത്തിൽ ഇതുവരെ 17% ഇടിഞ്ഞ് ഏറ്റവും മോശം പെർഫോർമറുമായി. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിൽ നിന്ന് ‘വിൽക്കുക’ (sell) എന്ന താഴ്ന്ന റേറ്റിങ് കിട്ടിയതാണ് തിരിച്ചടി. ‘കൂട്ടിച്ചേർക്കുക’ (add) എന്നതിൽ നിന്ന് കമ്പനിയുടെ ഓഹരികളെ കൊട്ടക് ഡൗൺഗ്രേഡ് ചെയ്യുകയായിരുന്നു. എൻടിപിസി 3.44%, അദാനി പോർട്സ് 3.29%, ഐസിഐസിഐ ബാങ്ക് 2.84%, അദാനി എന്റർപ്രൈസസ് 2.78% എന്നിങ്ങനെയും ഇടിഞ്ഞ് നിഫ്റ്റി50ൽ നഷ്ടത്തിൽ ടോപ്5ൽ ഇടംപിടിച്ചു.

സെൻസെക്സിൽ അൾട്രാടെക് (+0.76%), എച്ച്സിഎൽ ടെക് (+0.49%) എന്നിവയൊഴികെയുള്ള 28 ഓഹരികൾക്കും ഇന്ന് പരുക്കുപറ്റി. സൊമാറ്റോ (Zomato) 10.92% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലായി. അദാനി പോർട്സ് (-3.74%), എൻടിപിസി (-3.51%), ഐസിഐസിഐ ബാങ്ക് (-2.98%), എസ്ബിഐ (-2.57%), റിലയൻസ് ഇൻഡസ്ട്രീസ് (-2.46%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
നിഫ്റ്റി50ൽ നേട്ടത്തിൽ ഒന്നാമത് അപ്പോളോ ഹോസ്പിറ്റൽ (+2.13%) ആണ്. കൊട്ടക്കിൽ നിന്ന് ‘വാങ്ങൽ’ (buy) എന്ന റേറ്റിങ് അപ്ഗ്രേഡ് ലഭിച്ചത് ഗുണം ചെയ്തു. ‘കൂട്ടിച്ചേർക്കുക’ (add) എന്നതിൽ നിന്നാണ് റേറ്റിങ് ഉയർത്തിയത്. ടാറ്റ കൺസ്യൂമർ (+1.22%), ബിപിസിഎൽ (+1.10%), ശ്രീറാം ഫിനാൻസ് (+0.65%), ജെഎസ്ഡബ്ല്യു സ്റ്റീൽ (+0.53%) എന്നിവ നേട്ടത്തിൽ ടോപ്5ൽ ഇടംപിടിച്ചു.
വിശാല വിപണിയിൽ കൂട്ടത്തകർച്ച
വിശാലവിപണിയിലാകെ ഇന്ന് ചോരപ്പുഴയൊഴുകി. ഒറ്റ ഓഹരി വിഭാഗം പോലും പച്ചതൊട്ടില്ല. നിഫ്റ്റി റിയൽറ്റി (-4.12%), കൺസ്യൂമർ ഡ്യൂറബിൾസ് (-4.06%) എന്നിവ നഷ്ടത്തിൽ മുന്നിലെത്തി. ഈ ഇരുവിഭാഗങ്ങളിലെയും പ്രമുഖ കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് വരാത്ത ഡിസംബർപാദ പ്രവർത്തനഫലമാണ് തിരിച്ചടിയായത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഒബ്റോയ് റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് രംഗത്തെ ഡിക്സോൺ ടെക്നോളജീസ്, ആംബർ എന്റർപ്രൈസസ് എന്നിവയുടെ ഫലം നിരാശപ്പെടുത്തി. ഡിക്സോൺ ഓഹരി 14% ഇടിയുകയും ചെയ്തു.
എന്തുകൊണ്ട് ഓഹരി വിപണി വീണു?
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന മുതൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരെ നിരവധി കാരണങ്ങൾ ഇന്നത്തെ ദിവസത്തെ ഇന്ത്യൻ ഓഹരികൾക്ക് ‘കറുത്ത ചൊവ്വ’യാക്കി മാറ്റി. ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 100% ഇറക്കുമതി തീരുവ അടിച്ചേൽപ്പിക്കാൻ മടിക്കില്ലെന്ന ട്രംപിന്റെ വാക്കുകൾ തിരിച്ചടിയായി. ഡോളറിനെ ഒഴിവാക്കി പൊതു കറൻസി എന്ന നിലപാടിലേക്ക് ബ്രിക്സ് കടക്കുന്നതിനോടാണ് ട്രംപിന് എതിർപ്പ്.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPIs) ഈമാസം ഇതുവരെ വിറ്റൊഴിഞ്ഞത് 48,023 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ്. കോർപ്പറേറ്റ് കമ്പനികളുടെ മോശം പ്രവർത്തനഫലവും തിരിച്ചടിയാകുന്നു. ഇനി പ്രതീക്ഷ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ പ്രവർത്തനഫലങ്ങളിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങി വൻകിട കമ്പനികളുടെ ഓഹരികളിൽ കനത്ത വിറ്റൊഴിയൽ സമ്മർദം അലയടിച്ചതും ഇന്ന് ഓഹരി സൂചികകളെ തളർത്തി. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ 2025-26 വർഷത്തെ കേന്ദ്ര ബജറ്റ് (Union Budget 2025) അവതരിപ്പിക്കാനിരിക്കേ, പ്രഖ്യാപനങ്ങൾ സംബന്ധിച്ചുയരുന്ന ആശങ്കകളും വിപണിയെ ഉലയ്ക്കുന്നുണ്ട്.
ഇന്ത്യ വിക്സിന് കുതിച്ചുകയറ്റം
നിക്ഷേപകർക്കിടയിൽ ആശങ്ക ശക്തമെന്ന് വ്യക്തമാക്കി ഇന്ത്യ വിക്സ് (India VIX) ഇന്ന് 17.45 വരെ ഉയർന്നു. 2024 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. വ്യാപാരം പൂർത്തിയായപ്പോൾ ഇന്നുള്ളത് 3.89% ഉയർന്ന് 17.06ൽ. ഓഹരി നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്നും വിപണി വരുംദിവസങ്ങളിൽ ചാഞ്ചാട്ടത്തിലേക്ക് കടന്നേക്കാമെന്നും വ്യക്തമാക്കുന്ന സൂചികയാണ് വിക്സ്.
വിശദീകരണത്തിൽ തെന്നി വോഡ-ഐഡിയ
അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (AGR) സംബന്ധിച്ച വാർത്തകളിൽ വിശദീകരണവുമായി എത്തിയ വോഡഫോൺ ഐഡിയയുടെ (Vodafone Idea) ഓഹരികളിൽ ഇന്നുണ്ടായത് 5.84% ഇടിവ്. 9.36 രൂപയായാണ് ഓഹരിവില കുറഞ്ഞത്. ടെലികോം കമ്പനികളുടെ ഒരുലക്ഷം കോടി രൂപയോളം വരുന്ന എജിആർ കുടിശിക കേന്ദ്രം എഴുതിത്തള്ളിയേക്കുമെന്ന കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ വോഡ-ഐഡിയ ഓഹരി 15% കയറുകയും ചെയ്തു. എന്നാൽ, എജിആർ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ ഇന്ന് ഓഹരികൾ നീങ്ങിയത് താഴേക്ക്.
സൊമാറ്റോ വീണു; ഒപ്പം സ്വിഗ്ഗിയും
സൊമാറ്റോയുടെ വീഴ്ച ബദ്ധവൈരിയായ സ്വിഗ്ഗിയെയും (Swiggy) തളർത്തുന്ന കാഴ്ചയാണ് ഇന്ന് ഓഹരി വിപണിയിൽ കണ്ടത്. സൊമാറ്റോ ഓഹരികൾ 10.16% ഇടിഞ്ഞു. ഡിസംബർ പാദത്തിൽ കമ്പനിയുടെ ലാഭം 57 ശതമാനവും നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പത്തെ ലാഭം (EBITDA) 14 ശതമാനവും ഇടിഞ്ഞിരുന്നു.

ക്വിക്-കൊമേഴ്സ് വിഭാഗമായ ബ്ലിൻകിറ്റിന്റെ (Blinkit) സ്റ്റോർ വിപുലീകരണ പദ്ധതികളാണ് ലാഭത്തെ ബാധിച്ചത്. ഇതോടെ, ഫുഡ് ഡെലിവറി രംഗത്ത് മാന്ദ്യമുണ്ടെന്ന വിലയിരുത്തലും ശക്തമായതോടെ സ്വിഗ്ഗി ഓഹരികളും നഷ്ടത്തിലായി. 8.01% നഷ്ടമാണ് സ്വിഗ്ഗി നേരിട്ടത്. നിലവിൽ ലിസ്റ്റിങ് വിലയ്ക്ക് തൊട്ടടുത്താണ് സ്വിഗ്ഗി ഓഹരികളുള്ളത്. കഴിഞ്ഞ നവംബർ 13ന് ആയിരുന്നു 420 രൂപയിൽ ലിസ്റ്റിങ്. ഇന്ന് ഓഹരിവില 440 രൂപ. ഡിസംബർ 23ലെ 617.30 രൂപയാണ് 52-ആഴ്ചയിലെ ഉയരം.
വിശദീകരിച്ചിട്ടും വീണ് കല്യാൺ ജ്വല്ലേഴ്സ്
കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 8.10% ഇടിഞ്ഞ് 487.90 രൂപയിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 32% താഴ്ന്നു. നിലവിൽ വിപണിമൂല്യം 50,300 കോടി രൂപ. 70,000 കോടി രൂപയ്ക്ക് മുകളിലായിരുന്ന മൂല്യമാണ് കുത്തനെ താഴ്ന്നത്. ഈമാസം രണ്ടിന് ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 795.40 രൂപയായിരുന്നു.

സാമൂഹികമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളാണ് കമ്പനിയുടെ ഓഹരികളെ വീഴ്ത്തിയത്. മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനിയിലെ (മ്യൂച്വൽഫണ്ട് കമ്പനി) മാനേജർമാർക്ക് കൈക്കൂലി നൽകി ഓഹരികളിൽ വൻതോതിൽ നിക്ഷേപം നടത്താൻ കല്യാൺ ജ്വല്ലേഴ്സ് അധികൃതർ പ്രേരിപ്പിച്ചു എന്നായിരുന്നു വ്യാജ പ്രചാരണം. ഇത്തരം ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ദുരുദ്ദേശ്യപരവും അപകീർത്തികരവുമാണെന്നും കല്യാണും മോത്തിലാൽ ഓസ്വാളും വ്യക്തമാക്കിയിരുന്നെങ്കിലും ഓഹരികളിൽ നഷ്ടമുണ്ടാവുകയായിരുന്നു.
കല്യാൺ ജ്വല്ലേഴ്സ് ഡയറക്ടർമാരായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ എന്നിവർ 3.50% ഓഹരികൾ പണയംവച്ച് (pledge) വായ്പ എടുത്തുവെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. പ്രൊമോട്ടർമാർക്ക് 62.85% ഓഹരികളാണ് കല്യാൺ ജ്വല്ലേഴ്സിലുള്ളത്. ഇതിനകം 15.64% ഓഹരികൾ ഇത്തരത്തിൽ പണയംവച്ചിട്ടുണ്ട്. ഓഹരി വിൽക്കാതെയും ഉടമസ്ഥാവകാശം നഷ്ടപ്പെടുത്താതെയും വികസനാവശ്യങ്ങൾക്ക് വായ്പ എടുക്കുന്ന രീതിയാണിത്.

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുമോ എന്നും ജ്വല്ലറി ഓഹരികളിലെ നിക്ഷേപകലോകം ഉറ്റുനോക്കുന്നുണ്ട്. സ്വർണം ഇറക്കുമതി വർധിക്കുന്നതിന് തടയിടാൻ കേന്ദ്രം ശ്രമിച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്.
സൗത്ത് ഇന്ത്യൻ ബാങ്കിനും ധനലക്ഷ്മി ബാങ്കിനും വീഴ്ച
കേരളക്കമ്പനികളിൽ ഇന്ന് നേട്ടത്തിൽ മുന്നിൽ കേരള ആയുർവേദയാണ് (Kerala Ayurveda); 5.12%. സഫ സിസ്റ്റംസ് 4.95%, സോൾവ് പ്ലാസ്റ്റിക് 4.69%, പോപ്പീസ് 4.01% എന്നിങ്ങനെയും ഉയർന്നു. കല്യാൺ ജ്വല്ലേഴ്സാണ് നഷ്ടത്തിൽ ഒന്നാമത്. ധനലക്ഷ്മി ബാങ്ക് 5.01%, സൗത്ത് ഇന്ത്യൻ ബാങ്ക് 4.48%, ജിയോജിത് (Geojit) 4.06%, കിറ്റെക്സ് (Kitex) 3.83% എന്നിങ്ങനെയും ഇടിഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്ക് (South Indiab Bank) ഇന്ന് ഡിസംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു. ലാഭം (net profit) കൂടുകയും ആസ്തി നിലവാരം (asset quality) മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ഓഹരി വിപണി വ്യാപാരം പൂർത്തിയാക്കിയശേഷമാണ് പ്രവർത്തനഫലം പുറത്തുവന്നതെങ്കിലും ഓഹരികളിൽ ഇന്നുണ്ടായത് നഷ്ടമായിരുന്നു. ലാഭം വാർഷികാടിസ്ഥാനത്തിൽ 2023-24ലെ സമാനപാദത്തിലെ 305.36 കോടി രൂപയിൽ നിന്ന് 11.96% വർധിച്ച് 341.87 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്.
പ്രവർത്തനലാഭം (operating profit) 483.45 കോടി രൂപയിൽ നിന്ന് 9.39% ഉയർന്ന് 528.84 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 4.74 ശതമാനത്തിൽ നിന്ന് 4.30 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.61 ശതമാനത്തിൽ നിന്ന് 1.25 ശതമാനത്തിലേക്കും കുറഞ്ഞത് നേട്ടമാണ്. അറ്റ പലിശ വരുമാനം (NII) 6.13% വർധിച്ചെങ്കിലും പാദാടിസ്ഥാനത്തിൽ കുറഞ്ഞു. കാസ അനുപാതം (CASA Ratio) 31.80 ശതമാനത്തിൽ നിന്ന് 31.15 ശതമാനത്തിലേക്ക് താഴ്ന്നു. പാദാടിസ്ഥാനത്തിൽ നിക്ഷേപ വളർച്ചയുമുണ്ടായില്ല.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business