രാജ്യാന്തര ബിസിനസ് ഹബ്ബായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി

Mail This Article
കൊച്ചി∙ ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാകാതെ കേരളത്തിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി കിതയ്ക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അടിമുടി മാറ്റിമറിക്കാൻ ഉതകുന്ന രാജ്യാന്തര ബിസിനസ് ഹബ്ബായി മാറുകയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് സിറ്റി).
ഗിഫ്റ്റ് സിറ്റിയുടെ തന്ത്രപ്രധാനമായ പദവി വഹിക്കുന്നതാകട്ടെ കേരളത്തിൽ പഠിച്ചുവളർന്ന തമിഴ്നാട്ടുകാരനായ കെ.രാജാരാമൻ. ഗിഫ്റ്റ് സിറ്റിയുടെ വാണിജ്യനയങ്ങളിൽ മുഖ്യ നിലപാടെടുക്കുന്ന ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്ററിന്റെ (ഐഎഫ്എസ്‌സി) ചെയർമാനാണ് രാജാരാമൻ.
കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നു എൻജിനീയറിങ് ബിരുദം പാസായ അദ്ദേഹം ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് കഴിഞ്ഞ വർഷം ചുമതല ഏറ്റെടുക്കുന്നത്.
ദുബായിക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണ് ഗിഫ്റ്റ് സിറ്റി. വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നൽകുകയാണ് ലക്ഷ്യം.
വിദേശ കറൻസികളിൽ മാത്രം വ്യാപാരം നടക്കുന്ന ഇവിടെ15 വിദേശ കറൻസികൾ അനുവദനീയമാണ്.
നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്സ്ചേഞ്ചും പ്രവർത്തിക്കുന്നു. വൻ നികുതി ഇളവുകളും ഇവിടെയുണ്ട്.
∙ഐഎഫ്എസ്‌സിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 724 കമ്പനികൾ
∙നിക്ഷേപ സമാഹരണം 2000 കോടി ഡോളറിനു മുകളിൽ
∙ആകെ ജീവനക്കാർ 28,000
∙ഇന്റർനാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഒക്ടോബറിലെ വിറ്റുവരവ് 10200 കോടി ഡോളർ
∙ ബാങ്കുകളുടെ ആകെ ആസ്തി 7000 ഡോളർ
∙ബാങ്കിങ് ഇടപാടുകൾ ഒരു ലക്ഷം ഡോളറിനു മുകളിൽ
ഇന്ത്യക്കാരുടെ സമ്പാദ്യം വിദേശങ്ങളിലേക്കു പോകാതെ ഡോളറായി ഇന്ത്യയിൽ നിക്ഷേപിക്കുകയും അതുവഴി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയുമാണ് ഗിഫ്റ്റ് സിറ്റിയുടെ ലക്ഷ്യം’’രാജാരാമൻ പറഞ്ഞു.