ADVERTISEMENT

രൂപയുടെ വീഴ്ചയും ജിഡിപി മുരടിപ്പും ട്രംപിന്റെ നികുതി ഭീഷണികളും ബജറ്റിലെ കെണികളെക്കുറിച്ചുള്ള ആശങ്കകളും ചേർന്ന് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നിഷേധിച്ചു. വിദേശഫണ്ടുകളുടെ വില്പന തുടരുന്നത് വിപണിക്ക് പതിവ് പോലെ കെണിയൊരുക്കി. മുൻആഴ്ചയിൽ 23,203 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23,092 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

ട്രംപിന്റെ വരവില്‍ പിടിച്ചു നിന്ന വിപണിക്ക് മോശം റിസൾട്ടുകളും ഫണ്ടുകളുടെ നിലക്കാത്ത വില്പനയും റീറ്റെയ്ൽ നിക്ഷേപകരുടെ പ്രതീക്ഷ നഷ്ടമായതും വിനയായി. വിദേശ ഫണ്ടുകളുടെ ഒഴിഞ്ഞുപോക്ക് മാത്രം ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുന്ന അവസ്ഥയിൽ നിന്നും അടുത്ത ആഴ്ചയിൽ തിരിച്ചുവരവ് നടത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി.

ജിഎസ്ടി നിരക്ക് ഏകീകരണം, ഫെഡ് തീരുമാനങ്ങൾ, എഫ്&ഓ ക്ളോസിങ്, യൂണിയൻ ബജറ്റ്, ആർബിഐ നയാവലോകനയോഗം, ഡൽഹി തെരഞ്ഞെടുപ്പ് എന്നിങ്ങനെ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകിയേക്കാവുന്ന ഒരുപിടി ഘടകങ്ങളിലാണ് ഇനി വിപണിയുടെ പ്രതീക്ഷ. 

gst

വിറ്റുതകർത്ത് വിദേശഫണ്ടുകൾ 

കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ നിന്നും 2.5 ലക്ഷം കോടി രൂപയുടെ വിറ്റഴിക്കലാണ് വിദേശ ഫണ്ടുകൾ നടത്തിയത്. കഴിഞ്ഞ ആഴ്ച മാത്രം വിദേശ ഫണ്ടുകൾ 22000 കോടിയിൽ അധികം രൂപയുടെ വില്പന നടത്തിയതോടെ ജനുവരിയിലിത് വരെയുള്ള വിദേശഫണ്ടുകളുടെ വില്പന 69080 കോടി രൂപയുടേതായി ഉയർന്നു. 

എഫ്&ഓ ക്ളോസിങ് വ്യാഴാഴ്ച്ച 

വ്യാഴാഴ്ച എഫ്&ഓ കാലാവധി കഴിയുന്നതിലാണ് വിപണിയുടെ അടുത്ത പ്രതീക്ഷ. ഷോർട്ട് കവറിങ് ഇന്ത്യൻ വിപണിയെ ‘കരടി’കളുടെ കൈയിൽ നിന്നും വിടുവിക്കുമെന്നും ബജറ്റും അനുബന്ധ പ്രഖ്യാപനങ്ങളും ഇന്ത്യൻ വിപണിക്ക് തുടർമുന്നേറ്റവും നൽകുമെന്നും ‘കാള’കൾ അനുമാനിക്കുന്നു. എന്നാൽ ഉയരുന്ന നിലകളിലെല്ലാം വില്പന തുടരാൻ വിദേശഫണ്ടുകൾ പദ്ധതിയിട്ടാൽ ഇന്ത്യൻ വിപണിയുടെ നില വീണ്ടും പരുങ്ങലിലാകും. 

ബജറ്റിലേക്ക് ഒരാഴ്ച കൂടി 

നികുതി മേഖലയാകെ നിർണായകമാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റിലേക്ക് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ എന്നതും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ആദായ നികുതിയിലടക്കം ഇളവുകൾ കൊണ്ട് വന്നേക്കാവുന്നതും അമേരിക്കയിൽ കോർപ്പറേറ്റ് നികുതി കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയും നിക്ഷേപസൗഹൃദ നികുതിയിളവുകൾക്ക് മുതിർന്നേക്കാവുന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.

ബജറ്റിലെ ആശകളും ആശങ്കളും ചർച്ചയാകുന്നത് അടുത്ത അഞ്ച് സെഷനിലും അതാത് സെക്ടറുകളിലും പ്രതിഫലിക്കും. ശനിയാഴ്ചത്തെ ബജറ്റിന് പിന്നാലെ ഫെബ്രുവരി ആദ്യ ആഴ്ചയിൽ നടക്കുന്ന റിസർവ് ബാങ്ക് നയാവലോകന യോഗവും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും.  

ട്രംപിന്റെ ആദ്യ ആഴ്ച 

വ്യാഴാഴ്ച്ച സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ വച്ച് ഡോണൾഡ് ട്രംപ് നടത്തിയ ‘’മെയ്ക്ക് ഇൻ അമേരിക്ക’’ പ്രസ്താവനകൾ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. എന്നാൽ വിദേശ ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി അമേരിക്കയുടെ പണപ്പെരുപ്പത്തോതിനെയും സ്വാധീനിച്ചേക്കാം.

അമേരിക്കൻ ഫെഡ് റിസർവിനോട് പലിശ നിരക്കും സൗദി അറേബ്യയോട് എണ്ണവിലയും കുറക്കാൻ ആവശ്യപ്പെടുമെന്ന ട്രംപിന്റെ പ്രസ്താവനകൾ അനുകൂലമാണ്. ഫെഡ് നിരക്ക് കുറയുന്നത് ഡോളറിനെയും, ബോണ്ട് യീൽഡിനെയും താഴെയിറക്കുമെന്നത് ഇൻഡ്യൻ രൂപക്ക് അനുകൂലമാണ്. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുകയും രൂപയെ ശക്തമാക്കുകയും ചെയ്യും. 

Image Credit: X/realDonaldTrump
Image Credit: X/realDonaldTrump

ട്രംപ് ആദ്യ ആഴ്ച പിന്നിടുമ്പോൾ ഇന്ത്യക്ക് എതിരാകുന്ന ചുവടുകളൊന്നുമുണ്ടായില്ല എന്നത് അനുകൂലമാണ്. യുദ്ധങ്ങൾ അവസാനിക്കുന്നതും ഊർജ വില കുറയുന്നതുമടക്കമുള്ള ഘടകങ്ങൾ ഇന്ത്യക്ക് അനുകൂലമാണുതാനും. 

ഫെഡ് യോഗം 

അടുത്ത ആഴ്ച നടക്കുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ നയാവലോകനയോഗം ഫെഡിന്റെ അടിസ്ഥാന പലിശ നിരക്ക് 4.50%ൽ തന്നെ നിലനിർത്തുമെന്നാണ് അനുമാനം. എങ്കിലും ട്രംപിന്റെ ‘നിർദ്ദേശ’ങ്ങൾ ഫെഡ് ചെയർമാന്റെ നയപ്രസംഗത്തെ സ്വാധീനിച്ചേക്കാനുള്ള സാധ്യത രൂപയ്ക്കും ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. ബാങ്ക് ഓഫ് ജപ്പാൻ 2008ന് ശേഷം ആദ്യമായി അടിസ്ഥാന പലിശനിരക്ക് 0.50%ലേക്ക് ഉയർത്തി.  

ലോകവിപണിയിൽ അടുത്ത വാരം 

∙ചൊവ്വാഴ്ചയും, ബുധനാഴ്ചയുമായാണ് അമേരിക്കൻ ഫെഡ് റിസർവ് യോഗം നടക്കുക. വെള്ളിയാഴ്ചയാണ് അമേരിക്കയുടെ പിസിഇ ഡേറ്റ പുറത്ത് വരുന്നത്. 

∙യൂറോപ്യൻ കേന്ദ്ര ബാങ്കും വ്യാഴാഴ്ചയാണ് പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കുക. 3.40%ൽ നിന്നും കഴിഞ്ഞ യോഗത്തിൽ 4.15%ലേക്ക് കുറച്ച അടിസ്ഥാന പലിശ നിരക്ക് ഇസിബി അടുത്ത യോഗത്തിൽ 3.90%ലേക്ക് കുറയ്ക്കുമെന്നാണ് അനുമാനം. 

∙യൂറോ സോൺ, ജർമനി, ഇറ്റലി, പോർച്ചുഗൽ മുതലായ യൂറോപ്യൻ രാജ്യങ്ങളുടെയും, അമേരിക്കയുടെയും ജിഡിപി കണക്കുകൾ വ്യാഴാഴ്ചയാണ് വരുന്നത്. 

∙ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ തിങ്കളാഴ്ച്ചയാണ് വരുന്നത്. ചൈന അടക്കമുള്ള പ്രധാന ഏഷ്യൻ വിപണികളെല്ലാം ചൈനീസ് പുതുവർഷം പ്രമാണിച്ച് ചൊവ്വാഴ്ച മുതൽ അവധിയിലാണ്. 

∙ജപ്പാൻ, ഫ്രാൻസ്, ജർമനി മുതലായ രാജ്യങ്ങളുടെ സിപിഐ ഡേറ്റ വെള്ളിയാഴ്ച വരുന്നു.  

∙വെള്ളിയാഴ്ച ഇന്ത്യയുടെ ഇൻഫ്രാ ഡേറ്റയും, ധനക്കമ്മി കണക്കുകളും പുറത്ത് വരുന്നു. ശനിയാഴ്ചയാണ് ഇന്ത്യയുടെ യൂണിയൻ ബജറ്റ് പ്രഖ്യാപനങ്ങൾ. 

ഓഹരികളും സെക്ടറുകളും 

Indian investors tie balloons to the bronze Bull statue outside the Bombay Stock Exchange (BSE) to celebrate the benchmark 30 share index SENSEX crossing 30,000 points in Mumbai on April 26, 2017. Indian stock markets closed at record highs on Monday 24, buoyed by increased investor confidence in the domestic economy and in line with rises across Asia. The Bombay Stock Exchange's (BSE) benchmark Sensex index rose 0.63 percent, or 190.11 points, to end the day at 30133.35. That surpassed its previous closing high of 29,926.10 a day earlier. (Photo by INDRANIL MUKHERJEE / AFP)
(Photo by INDRANIL MUKHERJEE / AFP)

∙കൂടുതൽ മിലിറ്ററി ഓർഡറുകൾ പ്രതീക്ഷിക്കുന്നതും മാർച്ച് വരെ പ്രതിരോധമേഖലയിലെ ഓഹരികളെ പിന്തുണയ്ക്കും. ബജറ്റിൽ കൂടുതൽ തുക വകയിരുത്തപ്പെടുന്നതും ഇന്ത്യൻ ഡിഫൻസ് മേഖലയ്ക്ക് അനുകൂലമാണ്. 

∙70,000 കോടി രൂപയുടെ അന്തർവാഹിനി പദ്ധതിക്കായി മാസഗോൺ ഡോക്‌സും എൽ&ടിയും തമ്മിൽ മത്സരിക്കുന്നത് ഇരു ഓഹരികൾക്കും പ്രതീക്ഷയാണ്.   

∙ഇന്ത്യയുടെ ഡേറ്റ സെന്റർ വിപണി 21% നിരക്കിൽ വളർച്ച നേടുമെന്ന നിഗമനം ഡേറ്റ സെന്റർ ഓഹരികൾക്ക് അനുകൂലമാണ്. 2025ൽ 450 മെഗാവാട്ട് ആവശ്യകതയിൽ നിന്നും 2030ൽ 3400 മെഗാവാട്ടിലേക്ക് ഉയരും. 

∙ലോകത്തെ ഏറ്റവും വലിയ റിഫൈനറിക്ക് പിന്നാലെ എൻവിഡിയയുടെ പിന്തുണയോടെ ഏറ്റവും വലിയ ഡേറ്റ സെന്ററും ജാംനഗറിൽ നിർമിക്കുന്നത് റിലയൻസിന് അനുകൂലമാണ്.  

∙മുൻനിര ഓട്ടോ കമ്പനികളെല്ലാം തന്നെ അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ഓട്ടോ മേഖലക്കും പ്രധാനമാണ്. ഒന്നാം തീയതിയിലാണ് ജനുവരിയിലെ ഓട്ടോ വില്പനക്കണക്കുകളും വരുന്നത്. 

∙പരസ് ഡിഫൻസ് മഹാരാഷ്ട്രയിൽ 12000 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലെ ആദ്യത്തെ ഒപ്റ്റിക്സ് പാർക്ക് ആരംഭിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. മെഷീൻ ഗണ്ണുകൾ നിർമിക്കാനുള്ള അനുമതി കഴിഞ്ഞ ആഴ്ചയിലാണ് കമ്പനി നേടിയത്. 

∙അമേരിക്കക്ക് ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ, മദ്യം, ധാന്യങ്ങൾ, എണ്ണ എന്നിവയുടെ അമേരിക്കയിൽ നിന്നുമുള്ള ഇറക്കുമതി വർദ്ധിപ്പിച്ചേക്കാനുള്ള സാധ്യത അതാത് സെക്ടറുകളെ സ്വാധീനിച്ചേക്കാം. 

∙കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറുന്നത് ഇന്ത്യൻ സോളാർ-വിൻഡ് എനർജി ഓഹരികൾക്ക് ക്ഷീണമാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിച്ചു കൊണ്ട് ആഗോള താപനില 2ഡിഗ്രി സെൽഷ്യസിൽ താഴെ നിർത്തണമെന്ന കരാർ 2015ൽ ഒപ്പ് വച്ച ശേഷം അമേരിക്ക 2020ൽ കരാറിൽ നിന്നും പുറത്ത് പോയിരുന്നു. 

∙‘അൺലീഷിങ് അമേരിക്കൻ എനർജി’ എന്ന പേരിൽ ട്രംപ് ഭരണകൂടം ഇറക്കിയ ഓർഡർ റിന്യൂവബിൾ എനർജി, ബാറ്ററി, ഗ്രീൻ ഹൈഡ്രജൻ മേഖലകളിലെ അമേരിക്കൻ നിക്ഷേപം കുറയാനിടയാകുമെന്ന ഭീതിയും ഗ്രീൻ എനർജി ഓഹരികളെ കഴിഞ്ഞ ആഴ്ചയിൽ ബാധിച്ചു. 

∙2030-ഓടെ 500 ജിഗാ വാട്ടിന്റെതാണ് ഇന്ത്യയുടെ റിന്യൂവബിൾ എനർജി ലക്‌ഷ്യം. 

∙അമേരിക്കയുടെ എനർജി ആവശ്യങ്ങൾക്കായി കൂടുതൽ പുതിയ എണ്ണക്കിണറുകൾ ആരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നത് ക്രൂഡ് ഓയിലിന്റെ വില കുറയാനുള്ള സാധ്യത ഇന്ത്യൻ ക്രൂഡ് ഓയിൽ ഓഹരികൾക്കും തിരുത്തൽ നൽകിയേക്കാം. 

∙ടോറന്റ് പവറിൽ നിന്നും 486 മെഗാവാട്ട് ഓർഡർ സ്വന്തമാക്കിയത് സുസ്‌ലോണിന് അനുകൂലമാണ്. 

അടുത്ത ആഴ്ച്ചയിലെ റിസൾട്ടുകൾ 

∙തിങ്കളാഴ്ച കോൾ ഇന്ത്യയും ഇന്ത്യൻ ഓയിൽ കോർപറേഷനും പെട്രോനെറ്റും കാനറാ ബാങ്കും യൂണിയൻ ബാങ്കും ന്യൂ ഇന്ത്യ അഷ്വറൻസും ടാറ്റ സ്റ്റീലും എസിസിയും അദാനി ടോട്ടൽ ഗ്യാസും അദാനി വിൽമറും വണ്ടർലായും ഫെഡറൽ ബാങ്കും അടക്കമുള്ള കമ്പനികൾ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

∙ഓഎൻജിസി, ഭാരത് ഇലക്ട്രോണിക്സ്, ഭെൽ, ബാങ്ക് ഓഫ് ബറോഡ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ,മാരുതി, ടാറ്റ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോഴ്‌സ്, എൽ &ടി, ബോഷ്, സിപ്ല, സൺ ഫാർമ, സുസ്‌ലോൺ, റെയ്മണ്ട് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

ബോണ്ട് യീൽഡ്, സ്വർണം 

ഡോണൾഡ് ട്രംപിന്റെ ഫെഡ് നിരക്ക് കുറയ്ക്കൽ പ്രസ്താവനകൾ ഡോളറിനെയും, ക്രൂഡ് ഓയിലിനെയും ക്രമപ്പെടുത്തിയത് സ്വർണത്തിന് വീണ്ടും കുതിപ്പ് നൽകി. രാജ്യാന്തര വിപണിയിൽ സ്വർണഅവധി അടുത്ത ആഴ്ചയിലെ ഫെഡ് യോഗതീരുമാനങ്ങൾ ഡോളറിനൊപ്പം, സ്വർണത്തിനും നിർണായകമാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ പുതിയ ഉല്പാദന നയങ്ങളും, ഡ്രില്ലിങ് നയങ്ങളും ക്രൂഡ് ഓയിലിന്റെയും, ബേസ് മെറ്റലുകളുടെയും വിലകളെയും സ്വാധീനിക്കും.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian market anticipates a surge post-budget, influenced by GST unification, Fed decisions, and F&O expiry. Foreign fund outflows and global factors like Trump's policies and oil prices remain crucial.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com