അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം തകർന്ന് ഇന്ത്യൻ വിപണി, പുതിയ താരം ചൈനീസ് എ ഐ ‘ഡീപ് സീക്ക്’

Mail This Article
ചൈനയുടെ പുതിയ താരം‘ഡീപ്പ് സീക്ക്’ അമേരിക്കൻ ടെക്ക് മേഖലയെ ഉലച്ചു കളഞ്ഞതോടെ ടെക്ക് ഫ്യൂച്ചർ 3%ൽ കൂടുതൽ വീണത് ഇന്ത്യൻ ഐടിയെയും വീഴ്ത്തിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ അടി തെറ്റിച്ചത്. കൊളംബിയക്കെതിരെയുള്ള പ്രതികാരനികുതിയും ഫെഡ് തീരുമാനങ്ങൾ വരാനിരിക്കുന്നതുമെല്ലാം വിപണി കണക്കിലെടുത്തു. വിദേശ ഫണ്ടുകളുടെ വില്പനത്തോതും വിപണിയെ സ്വാധീനിച്ചിരിക്കാം.
ഐടി 3.36% വീണപ്പോൾ മെറ്റൽ, ഫാർമ, എനർജി മേഖലകളും ഇന്ന് 2%ൽ കൂടുതൽ നഷ്ടം കുറിച്ചു. റിയൽറ്റി, ഓട്ടോ, ഇൻഫ്രാ സെക്ടറുകളും ഓരോ ശതമാനത്തിൽ കൂടുതൽ വീണതോടെ നിഫ്റ്റി 1.14% നഷ്ടത്തിൽ 22,829 പോയന്റിലാണ് ക്ളോസ് ചെയ്തത്.
ചൈനയും ജപ്പാനും വീണപ്പോൾ കൊറിയൻ വിപണി ഇന്ന് പോസിറ്റീവ് ക്ളോസിങ് നേടി. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിലെ വീഴ്ചയാണ് ചൈനീസ് വിപണിക്ക് കെണിയായത്.

ഇന്നത്തെ നാസ്ഡാക്കിന്റെ ക്ളോസിങാ യിരിക്കും നാളത്തെ ഇന്ത്യൻ വിപണിയുടെ ഓപ്പണിങ് നിലയെയും സ്വാധീനിക്കുക എന്നത് ഇന്ത്യൻ വിപണിക്ക്ക്ഷീണമാണ്. കൊളംബിയ-അമേരിക്ക പ്രതിസന്ധിക്ക് പരിഹാരമാകുന്നതും വിപണിക്ക് അനുകൂലമായേക്കാം.
ഡീപ്പ് സീക്ക്
ചാറ്റ്ജിപിടിയുടെ പുതിയ എതിരാളിയായി അവതരിച്ച ചൈനയുടെ ഡീപ്പ് സീക്ക് അമേരിക്കൻ സെമി കണ്ടക്ടർ മേഖലക്ക് തന്നെ ക്ഷീണമാകുമെന്ന ആദ്യനിരീക്ഷണങ്ങള്‍ ഇന്ന് മറ്റ് ടെക്ക്, ഡേറ്റ സെന്റർ ഓഹരികളെ സ്വാധീനിച്ചു. അമേരിക്കൻ ടെക്ക്, ഫിനാൻഷ്യൽ കമ്പനികൾക്ക് സോഫ്ട്‍വെയർ പിന്തുണ നൽകുന്ന ഇന്ത്യൻ ഐടിക്കും പുതിയ ചൈനീസ് വളർച്ച നിര്‍ണായകമാകും.
എൻവീഡിയ അടക്കമുള്ള അമേരിക്കൻ ചിപ്പ് ഓഹരികൾ എവിടെ വരെ വീഴും എന്നതാണ് ഇന്ന് വിപണി ഉറ്റു നോക്കുന്ന പ്രധാന കാര്യം. ഇന്ന് ആരംഭത്തിലെ വീഴ്ചയ്ക്ക് ശേഷമുള്ള നാസ്ഡാകിന്റെ ‘റിക്കവറി’ നിർണായകമാകും.
അമേരിക്കൻ ടെക്ക് റിസൾട്ടുകൾ
ഫെഡ് റിസർവിന്റെ യോഗ തീരുമാനങ്ങൾ ബുധനാഴ്ച വരാനിരിക്കുന്നതു വിപണിക്ക് പ്രധാനമാണ്. ട്രംപിന്റെ നയങ്ങൾ കൂടിയാകും ജെറോം പവൽ പ്രഖ്യാപിക്കുക
ആപ്പിൾ, ടെസ്ല, മൈക്രോസോഫ്റ്റ്, ഐബിഎം, മെറ്റാ, ഇന്റൽ, എടി&ടി മുതലായ അമേരിക്കൻ ടെക്ക് ഓഹരികളുടെ റിസൾറ്റുകൾ ഈയാഴ്ച വരാനിരിക്കുന്നതും നാസ്ഡാക്കിനൊപ്പം ആഗോള ടെക്ക് മേഖലക്കും പ്രധാനമാണ്.
ക്രൂഡ് ഓയിൽ
ഒപെകിനോട് ക്രൂഡ് ഓയിൽ വില കുറക്കാൻ ആവശ്യപ്പെട്ട ട്രംപിന്റെ നടപടി ക്രൂഡ് ഓയിലിന് വീണ്ടും തിരുത്തൽ നൽകിയെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും തിരിച്ചു കയറി. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിനടുത്താണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ഫെഡ് യോഗം നാളെ ആരംഭിക്കാനിരിക്കെ പലിശ നിരക്ക് കുറക്കാനാവശ്യപ്പെടുമെന്ന ട്രംപിന്റെ സൂചന ഡോളറിന് മുന്നേറ്റം നൽകിയേക്കില്ല എന്ന പ്രത്യാശയിലാണ് വിപണി. ഫെഡ് നയപ്രഖ്യാപനം ഡോളറിന് പിന്തുണ നൽകുന്നത് വിപണിക്കും, സ്വർണത്തിനും ക്ഷീണമാണ്.
രാജ്യാന്തര സ്വർണ അവധി 2800 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കൊളംബിയയുമായുള്ള അമേരിക്കൻ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് സ്വർണത്തിന്റെ പ്രീമിയത്തിൽ കുറവ് വരുത്തിയേക്കാം.
നാളത്തെ റിസൾട്ടുകൾ
ഭെൽ, എംജിഎൽ, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ്, ഹ്യൂണ്ടായ്, സിപ്ല, ജെഎസ്ഡബ്ലിയു ഇൻഫ്രാ, സുസ്ലോൺ, സിജി പവർ, ബോഷ്, അപാർ, എക്സൈഡ്, വി ഗാർഡ്, വിഐപി ഇൻഡസ്ട്രീസ്, എസ്ബിഐ കാർഡ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഈയാഴ്ചത്തെ ഓട്ടോ റിസൾട്ടുകൾ
നാളെ വരുന്ന ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ്, ഹ്യൂണ്ടായ് എന്നിവക്ക് പുറമെ മാരുതി, ടാറ്റ മോട്ടോഴ്‌സ്, ജെബിഎം ഓട്ടോ എന്നിവ ബുധനാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ഓട്ടോ മേഖലക്കാകെ നിര്‍ണായകമായേക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക