മാധബി പുരി ബുച്ച് പടിയിറങ്ങുന്നു; സെബിക്ക് പുതിയ മേധാവിയെ തേടി കേന്ദ്രം, വാഗ്ദാനം വൻ മാസ ശമ്പളം

Mail This Article
ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ മാധബി പുരി ബുച്ച് (Madhabu Puri Buch വിരമിക്കുന്നു. മാധബിയുടെ മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും. പുതിയ ചെയർപഴ്സനെ കണ്ടെത്താൻ ധനമന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് വകുപ്പ് പുറത്തിറക്കിയ പരസ്യത്തിലുണ്ട്. പുതിയ മേധാവിക്ക് പരമാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സുതികയും വരെ (ഏതാണോ ആദ്യം) ആയിരിക്കും പ്രവർത്തനകാലാവധി. പ്രതിമാസം 5,62,500 രൂപയാണ് സംയോജിത ശമ്പളം. കാർ, വീട് എന്നിവ ഇതിലുൾപ്പെടുന്നില്ല. സാധാരണ 3 വർഷമാണ് സെബി മേധാവിയുടെ പ്രവർത്തനകാലാവധി. എന്നാൽ, പരസ്യത്തിൽ 5 വർഷത്തേക്കായിരിക്കും നിയമനമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കോളിളക്കങ്ങൾ സൃഷ്ടിച്ച് മാധബിയുടെ പടിയിറക്കം
അദാനി ഗ്രൂപ്പിന്റെ (Adani Group) ‘കടലാസ് കമ്പനികളിൽ’ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്ന് ആരോപിച്ച് യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ച് (Hindenburg Research) കഴിഞ്ഞ ഓഗസ്റ്റിൽ രംഗത്തെത്തിയത് ഇന്ത്യയിൽ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം, സെബി അംഗവും മേധാവിയുമായിരിക്കേ ഭിന്നതാൽപര്യം എന്നിങ്ങനെയും ആരോപണങ്ങൾ ഉയർന്നു. ആരോപണങ്ങൾ നിഷേധിച്ചും ജീവിതം തുറന്ന പുസ്തകമാണെന്ന് വാദിച്ചും മാധബിയും ധവാലും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (PAC) അന്വേഷണം നടക്കുന്നുണ്ട്. ജീവനക്കാരോട് പരുഷമായാണ് പെരുമാറുന്നതെന്നും ജോലി സമ്മർദം സൃഷ്ടിക്കുകയാണെന്നും മാധബി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ സെബിയിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു.
‘ചെറുകിട’ ഐപിഒയ്ക്കെതിരെ കടുത്ത നിലപാട്
ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) പ്രാരംഭ ഓഹരി വിൽപന (SME IPO) നടപടികൾക്കെതിരെ മാധബി പുരി ബുച്ചിന്റെ നിലപാടും വലിയ ചർച്ചയായിരുന്നു. എസ്എംഇ ഐപിഒകളിൽ തിരിമറി നടക്കുന്നുണ്ടെന്നും വില കൃത്രിമമായി പെരുപ്പിക്കുന്നുണ്ടെന്നും മാധബി അഭിപ്രായപ്പെട്ടിരുന്നു. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം എസ്എംഇകൾ പ്രൊമോട്ടർമാരുടെ തന്നെ കടലാസ് കമ്പനികളിലേക്ക് (shell companies) മാറ്റുന്നുണ്ടെന്ന് സെബിയും കണ്ടെത്തിയിരുന്നു. വില കൃത്രിമമായി പെരുപ്പിക്കുന്നതും ഫണ്ട് തിരിമറികളും തടയാനായി ചെറുകിട-ഇടത്തരം കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ചട്ടങ്ങൾ കൂടുതൽ കടുപ്പിക്കാൻ സെബി തീരുമാനിച്ചിരുന്നു.
സെബിയുടെ ആദ്യ വനിതാ മേധാവി
2022 മാർച്ച് രണ്ടിനാണ് സെബിയുടെ മേധാവിയായി മാധബി നിയമിതയായത്. മൂന്നുവർഷത്തേക്കായിരുന്നു നിയമനം. സെബിയുടെ മേധാവിയാകുന്ന ആദ്യ വനിതയും മാധബിയാണ്. സെബി അംഗമായിരിക്കേയാണ് ചെയർപഴ്സൻ സ്ഥാനം തേടിയെത്തിയത്. 56-ാം വയസ്സിൽ സെബിയുടെ എക്കാലത്തെയും പ്രായംകുറഞ്ഞ മേധാവി എന്ന നേട്ടത്തോടെയുമായിരുന്നു ചുമതലയേൽക്കൽ.

ഐസിഐസിഐ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ, ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ, ചൈനയിലെ ഷാങ്ഹായ് ന്യൂ ഡവലപ്മെന്റ് ബാങ്ക് കൺസൽട്ടന്റ്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിന്റെ സിംഗപ്പുർ മേധാവി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചശേഷമാണ് സെബിയുടെ അധ്യക്ഷയായത്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം, ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎ എന്നിവ മാധബി കരസ്ഥമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയാണ്. ഐഡിയ സെല്ലുലാർ, മാക്സ് ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളിലും സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള മാധബി, മൂന്നു പതിറ്റാണ്ട് നീണ്ട പ്രവർത്തന സമ്പത്തുമായാണ് സെബിയുടെ മേധാവിയായത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business