ADVERTISEMENT

വീണ്ടുമൊരു കേന്ദ്ര ബജറ്റ് (Budget 2025) പടിവാതിലിൽ എത്തിനിൽക്കേ, ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ചെയ്യുന്നത് ‘വമ്പൻ’ നഷ്ടത്തോടെ. സെൻസെക്സ് (sensex) 76,000നും താഴെയായി. നിഫ്റ്റി (nifty) നിക്ഷേപകരുടെ ‘സൈക്കോളജിക്കൽ ലെവൽ’ (psychological level) ആയ 23,000നും താഴെയെത്തി. നിഫ്റ്റി വൈകാതെ 22,000നും താഴേക്ക് കൂപ്പുകുത്തിയേക്കാമെന്നും അതോടെ മാത്രമേ ‘വാങ്ങൽ പിന്തുണ’യ്ക്ക് (buying support) സാധ്യതയുള്ളൂ എന്നും എംകേ ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ മനീഷ് സൊന്താലിയ അഭിപ്രായപ്പെട്ടു.

നിക്ഷേപകർ ഓഹരി വാങ്ങാനോ വിൽക്കാനോ കണക്കുകൂട്ടുന്ന നിർണായക പോയിന്റുകളാണ് സൈക്കോളജിക്കൽ ലെവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു വലിയകൂട്ടം നിക്ഷേപകരുടെ സംയോജിത ‘നിരീക്ഷണമാണ്’ ഈ പോയിന്റ് കണക്കാക്കുന്നതിന് പിന്നിൽ. കഴിഞ്ഞവാരാന്ത്യത്തിലെ ക്ലോസിങ് പോയിന്റായ 76,190ൽ നിന്ന് നഷ്ടത്തോടെ 75,700ൽ ഇന്ന് വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരു ഘട്ടത്തിൽ 75,348 വരെ ഇടിഞ്ഞു. നിലവിൽ വ്യാപാരം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോഴുള്ളത് 773 പോയിന്റ് (-1.02%) ഇടിഞ്ഞ് 75,416ൽ. നിഫ്റ്റി 22,490ൽ ആരംഭിച്ച് 22,826 വരെ ഇറങ്ങി. വ്യാപാരം പുരോഗമിക്കുന്നത് 248 പോയിന്റ് (-1.07%) താഴ്ന്ന് 22,844ലാണ്.

നഷ്ടത്തിലേക്ക് വീണവരും നേട്ടം കൈവിടാത്തവരും

സെൻസെക്സിൽ ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, എസ്ബിഐ, മാരുതി സുസുക്കി എന്നിവയാണ് (0.22-1.08%) നേട്ടത്തിലുള്ളത്. ടെക് മഹീന്ദ്ര 4.09%, എച്ച്സിഎൽടെക് 3.56%, സൊമാറ്റോ 3.01%, ഭാരതി എയർടെൽ 2.80% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ടിസിഎസ്, സൺ ഫാർമ, ടൈറ്റൻ, ബജാജ് ഫിനാൻസ്, ടാറ്റാ സ്റ്റീൽ, നെസ്‍ലെ എന്നിവ 1-3% താഴ്ന്ന് തൊട്ടുപിന്നാലെയുമുണ്ട്.

നിഫ്റ്റി50ലും (nifty50) ഐസിഐസിഐ ബാങ്ക്, ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്‍യുഎൽ എന്നിവയാണ് നേട്ടത്തിൽ മുന്നിൽ (0.67-1.20%). ടെക് മഹീന്ദ്ര 4.16% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതാണ്. വിപ്രോ 3.61%, എച്ച്സിഎൽടെക് 3.41%, പവർഗ്രിഡ് 2.97%, ഭാരതി എയർടെൽ 2.94% എന്നിങ്ങനെ താഴ്ന്ന് തൊട്ടടുത്തുണ്ട്.

നിക്ഷേപകരുടെ കീശ ചോരുന്നു

നിക്ഷേപകസമ്പത്തിൽ നിന്ന് ഇന്നൊരുവേള കൊഴിഞ്ഞുപോയത് 10 ലക്ഷം കോടിയിലേറെ രൂപയാണ്. നിലവിൽ മൂല്യത്തകർച്ച 8.21 ലക്ഷം കോടി രൂപയായി നിജപ്പെട്ടിട്ടുണ്ട്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (market cap) കഴിഞ്ഞ വാരാന്ത്യത്തിലെ 419.51 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നൊരുഘട്ടത്തിൽ 410 ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ഇപ്പോഴുള്ളത് 410.88 ലക്ഷം കോടി രൂപയിൽ. കഴിഞ്ഞ രണ്ടു പ്രവൃത്തിദിനങ്ങളിലായി മാത്രം നഷ്ടം 13.33  ലക്ഷം കോടി രൂപയാണ്.

കുതിക്കുന്ന ഇന്ത്യ വിക്സ്, കിതയ്ക്കുന്ന വിശാലവിപണി

ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർക്കിടയിൽ ആശങ്കകളുണ്ടെന്ന് വ്യക്തമാക്കി, ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് (India VIX) ഇന്ന് 8.15 ശതമാനത്തിലേറെ മുന്നേറി 18.11ൽ എത്തി. ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള വെല്ലുവിളികളാണ് നിക്ഷേപകരെ അലട്ടുന്നത്.

വിശാല വിപണിയിൽ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക (+0.22%) ഒഴികെയുള്ളവയെല്ലാം ചോരക്കളമായി. നിഫ്റ്റി ഐടി സൂചിക ഇന്ന് 3.14 ശതമാനവും മീഡിയ 3.82 ശതമാനവും ഫാർമ 2.83 ശതമാനവും ഹെൽത്ത്കെയർ 2.54 ശതമാനവും മെറ്റൽ 1.99 ശതമാനവും ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. നിഫ്റ്റി സ്മോൾക്യാപ്100 നാലു ശതമാനത്തിലേറെ താഴേക്കുപോയി. ജനുവരിയിൽ ഇതുവരെ ഇടിഞ്ഞത് 12 ശതമാനത്തിലേറെ. 2020 മാർച്ചിനുശേഷം സ്മോൾക്യാപ് സൂചിക ഒരുമാസം നേരിട്ട ഏറ്റവും വലിയ വീഴ്ചയാണിത്.

കിതയ്ക്കുന്ന കേരള ഓഹരികൾ

വിപണി പൊതുവേ നേരിട്ട വിൽപനസമ്മർദ്ദത്തിൽ നിന്ന് മാറിനിൽക്കാൻ കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികൾക്കും ഇന്നു കഴിഞ്ഞില്ല. വിരലിലെണ്ണാവുന്നവ ഒഴികെ ഒട്ടുമിക്ക ഓഹരികളും ചുവന്നു. ടോളിൻസ് ടയേഴ്സ്, ന്യൂമലയാളം സ്റ്റീൽ എന്നിവ 6 ശതമാനത്തിലധികം ഇടിഞ്ഞു.

കിറ്റെക്സ്, കല്യാൺ ജ്വല്ലേഴ്സ്, സ്കൂബിഡേ, ഫാക്ട്, ഹാരിസൺസ് മലയാളം, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റെൽ ഹോൾഡിങ്സ്, മണപ്പുറം ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‍യാർഡ് എന്നിവ 4-5% താഴ്ന്നു. ആസ്റ്റർ, ജിയോജിത്, മുത്തൂറ്റ് മൈക്രോഫിൻ, കേരള ആയുർവേദ എന്നിവയും 3 ശതമാനത്തിലേറെ ഇടിഞ്ഞ് നിരാശപ്പെടുത്തി. സഫ സിസ്റ്റംസ്, ഡബ്ല്യുഐപിഎൽ, ഫെഡറൽ ബാങ്ക് എന്നിവ 1.85-5% ഉയർന്നു.

ഓഹരികളെ വലയ്ക്കുന്ന കാര്യങ്ങൾ

1) ‘ടെൻഷൻ’ ബജറ്റ്: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കേ, നിക്ഷേപകർ ‘കാത്തിരുന്നു കാണാം’ എന്ന നിലപാടിലേക്ക് മാറിയത് വിപണിയെ ഉലയ്ക്കുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങൾക്കുശേഷം മാത്രമാകാം ഇനി നിക്ഷേപം സംബന്ധിച്ച കാര്യമായ തീരുമാനങ്ങളെന്ന് അവർ ചിന്തിക്കുന്നു.

ജിഡിപി വളർച്ചനിരക്ക് കുറഞ്ഞ പശ്ചാത്തലത്തിൽ ഉപഭോക്തൃവിപണിക്ക് കരുത്തേകി, വളർച്ച തിരികെപ്പിടിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷകളെ സംരക്ഷിക്കാൻ ബജറ്റിനായില്ലെങ്കിൽ വിപണിയെ കാത്തിരിക്കുന്നത് കൂടുതൽ വിൽപനസമ്മർദമായേക്കും.

2) വില്ലൻ ട്രംപ്: യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയതു മുതൽ പലരാജ്യങ്ങൾക്കുംമേൽ ട്രംപ് ഇറക്കുമതി താരിഫ്പ്പോര് നടത്തുന്നത് ആഗോളതലത്തിൽ തന്നെ വിപണികളെ വലയ്ക്കുകയാണ്. കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ ഫെബ്രുവരി ഒന്നുമുതൽ ട്രംപ് 25% ഇറക്കുമതി തീരുവ ചുമത്തിയേക്കും. കൊളംബിയയ്ക്കുമേൽ 25% ഏർപ്പെടുത്തിക്കഴിഞ്ഞു. ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുമേൽ ട്രംപിന്റെ ഭീഷണിയുണ്ട്.

3) കുറയുമോ പലിശഭാരം?: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ സമിതിയുടെ യോഗം ഈമാസം 28, 29 തീയതികളിലാണ്. 29ന് പണനയം പ്രഖ്യാപിക്കും. പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ നയങ്ങളാണ് ഇതിനു മുഖ്യകാരണം. പണപ്പെരുപ്പം കൂടാൻ വഴിയൊരുക്കുന്നതാണ് പല നയങ്ങളും.

4) വിദേശ വിപണികളുടെ വീഴ്ച: ട്രംപിന്റെ നയങ്ങൾ സംബന്ധിച്ച ആശങ്കകളും അനിശ്ചിതത്വങ്ങളും മൂലം ആഗോളതലത്തിൽ പ്രമുഖ ഓഹരി വിപണികളെല്ലാം തളർന്നത് ഇന്ത്യൻ ഓഹരി വിപണിക്കും സമ്മർദമായി. യുഎസിൽ നാസ്ഡാക്ക് 2%, എസ് ആൻഡ് പി 500 ഒരു ശതമാനം, ജാപ്പനീസ് സൂചികയായ നിക്കേയ് 0.3% എന്നിങ്ങനെ ഇടിഞ്ഞു.

5) മോശം പ്രവർത്തനഫലം: ഇന്ത്യയിൽ നിരവധി മേഖലകളിലെ ലിസ്റ്റഡ് കമ്പനികളുടെ മോശം ഡിസംബർപാദ പ്രവർത്തനഫലവും നിക്ഷേപകരെ നിരാശപ്പെടുത്തുന്നു. വരുമാനത്തിന്റെ മുഖ്യപങ്കും യുഎസിൽ നിന്ന് നേടുന്ന ഇന്ത്യൻ ഐടി, ഫാർമ കമ്പനികളുടെ ഓഹരികളിൽ ഇന്ന് വിൽപനസമ്മർദം കനത്തതും തിരിച്ചടിയായി.

6) കൂടൊഴിഞ്ഞ് എഫ്ഐഐ: യുഎസ് പ്രസിഡന്റായി ട്രംപ് വരുമെന്ന സൂചനകൾ ഉണ്ടായതുമുതലേ ഇന്ത്യയിൽ നിന്ന് പിന്മാറുന്ന ട്രെൻഡാണ് വിദേശ ധനകാര്യ സ്ഥാപനങ്ങളുടേത് (എഫ്ഐഐ). കഴിഞ്ഞ ഒക്ടോബറിന് ശേഷം കഴിഞ്ഞയാഴ്ച വരെ അവർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത് 2.5 ലക്ഷം കോടി രൂപ. ജനുവരിയിൽ ഇതുവരെ മാത്രം തിരിച്ചെടുത്തത് 64,156 കോടി രൂപയാണ്.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Sensex and Nifty Take a Sharp Hit: Over ₹10 Lakh Crore Erased. Tech Mahindra, HCL, Zomato, Kitex, Cochin Shipyard and Kalyan Jewellers Among the Top Laggards. Key Factors Behind the Market Decline

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com