ബജറ്റിലെ ആശകളും, ആശങ്കളും: ഇന്ത്യൻ വിപണി മുന്നേറ്റ പ്രതീക്ഷയിൽ

Mail This Article
വിപണി പ്രതീക്ഷിച്ചിരുന്ന ഷോർട് കവറിങ് ‘ഡീപ് സീക്ക്’ കാരണം ഒരു ദിനം വൈകിയാണെങ്കിലും എത്തിയത് ഇന്ന് ഇന്ത്യൻ വിപണിയിൽ പുതിയ ആവേശം വിതറി. ആർബിഐയുടെ ബോണ്ട് വാങ്ങൽ നടപടിയും, പൊതു മേഖല ബാങ്കുകളുടെ മികച്ച റിസൾട്ടുകളും ബാങ്കിങ് സെക്ടറിൽ വാങ്ങൽ കൊണ്ട് വന്നതാണ് അതിവില്പന സമ്മർദ്ദത്തിൽ വീണു പോയ ഇന്ത്യൻ വിപണിക്ക് അനുകൂലമായത്.
ഇന്ന് ആദ്യ മണിക്കൂറിൽ 22857 പോയിന്റ് വരെ വീണ നിഫ്റ്റി പിന്നീട് 23137 പോയിന്റ് വരെ മുന്നേറിയ ശേഷം ലാഭമെടുക്കലിൽ വീണ്ടും വീണു. എങ്കിലും നിഫ്റ്റി 146 പോയിന്റ് നേട്ടത്തിൽ 22976 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരുവേള ആയിരം പോയിന്റിൽ കൂടുതൽ നേട്ടമുണ്ടാക്കിയ സെൻസെക്സ് 535 പോയിന്റ് നേട്ടത്തിൽ 75901 പോയിന്റിലും ക്‌ളോസ് ചെയ്തു.
ബാങ്കിങ്, ഫൈനാൻഷ്യൽ സെക്ടറുകൾ യഥാക്രമം 1.7%വും, 1.9% വീതവും മുന്നേറിയപ്പോൾ ഡിഎൽഎഫിന്റെ പിൻബലത്തിൽ നിഫ്റ്റി റിയൽറ്റി 2.2%വും മുന്നേറി. അമേരിക്കൻ പ്രീമാർക്കറ്റ് സമയത്ത് എൻവിഡിയ നേട്ടത്തിൽ തുടരുന്നത് ഇന്ന് അര ശതമാനം നഷ്ടം കുറിച്ച ഐടി സെക്ടറിന് നാളെ പ്രതീക്ഷക്ക് വക നൽകുന്നു.

മുന്നേറി ബാങ്ക് നിഫ്റ്റി
60000 കോടി രൂപയുടെ ബോണ്ട് വാങ്ങൽ വഴിയും, 50000 കോടി രൂപയുടെ വേരിയബിൾ റീപോ റേറ്റ് ഓക്ഷൻ വഴിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് ബജറ്റിന് മുൻപ് തന്നെ കൂടുതൽ പണമെത്തിക്കാനുള്ള നടപടികൾ ആർബിഐ ആരംഭിച്ചത് വിപണിക്ക് അനുകൂലമാണ്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ആർബിഐ യോഗത്തിൽ വിപണിക്ക് കൂടുതൽ പ്രതീക്ഷ വയ്ക്കാനും ഈ നടപടികൾ കാരണമാകും.
ബാങ്ക് നിഫ്റ്റി കഴിഞ്ഞ വർഷം 54467 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ചതിന് ശേഷമുള്ള ഏറ്റവും മോശം നിരക്കായ 47844 പോയിന്റ് വരെ ഇന്നലെ വീണിരുന്നു. ഇന്ന് ആയിരത്തിലേറെ പോയിന്റുകൾ തിരിച്ചു കയറിയ ബാങ്ക് നിഫ്റ്റി 802 പോയിന്റ് നേട്ടത്തിൽ 48866 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എഫ്&ഓ എക്സ്പയറി
വ്യാഴാഴ്ച നടക്കാനിരിക്കുന്ന എഫ്&ഓ ക്ളോസിങ്ങിന് മുൻപ് കൂടുതൽ ഷോർട് പൊസിഷനുകൾ ക്ളോസ് ചെയ്യപ്പെടാനുണ്ടെന്നത് വിപണിക്ക് വീണ്ടും പ്രതീക്ഷയാണ്. ഷോർട്ട് കവറിങ് ഇന്ത്യൻ വിപണിയെ ‘കരടി’കളുടെ കൈയിൽ നിന്നും വിടുവിക്കുമെന്നും, ബജറ്റും അനുബന്ധ പ്രഖ്യാപനങ്ങളും ഇന്ത്യൻ വിപണിക്ക് തുടർമുന്നേറ്റം നൽകുമെന്നും ‘കാള’കൾ അനുമാനിക്കുന്നു.
ഫെഡ് യോഗം ഇന്ന് മുതൽ

ഇന്നലെ അമേരിക്കൻ വിപണി ‘ഡീപ്‌സീക്ക്’ ഭീഷണിയിൽ വീണെങ്കിലും ഇന്ന് ട്രംപിന്റെ അധികനികുതി പ്രാഖ്യാപനങ്ങളുടെ പിൻബലത്തിൽ എൻവിഡിയ അടക്കമുള്ള സെമികണ്ടക്ടർ ഓഹരികളും പ്രീമാർക്കറ്റിൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എൻവിഡിയ 4% നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. നാളെ മൈക്രോസോഫ്റ്റ്, ടെസ്ല, മെറ്റാ, ഐബിഎം എന്നിവയുടെ റിസൾട്ടുകൾ വരാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്.
ഇന്ന് ആരംഭിക്കുന്ന ഫെഡ് റിസർവിന്റെ നയാവലോകനയോഗം നാളെ പുതിയ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കുന്നതും വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഫെഡ് റിസർവിന്റെ അടിസ്ഥാന പലിശ നിരക്ക് നിലവിൽ 4.50% ആണ്. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ ഡോളറിനും, ബോണ്ട് യീൽഡിനും തിരുത്തൽ നൽകിയേക്കാം.
ബോണ്ട്, സ്വർണം
ഫെഡ് പ്രഖ്യാപന പ്രതീക്ഷയിൽ ഇന്ന് അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് ഒരു ശതമാനത്തോളം മുന്നേറി 4.566 ലാണ് തുടരുന്നത്. ഡോളർ മുന്നേറ്റം സ്വർണത്തിനും ഭീഷണിയാണ്. രാജ്യാന്തര സ്വർണ അവധി 2772 ഡോളറില്‍ തുടരുന്നു.
ക്രൂഡ് ഓയിൽ
ഫെഡ് യോഗത്തിന് മുന്നോടിയായി ബേസ് മെറ്റലുകൾ നഷ്ടം തുടരുകയാണ്. ട്രംപിന്റെ താരിഫ് ഭീഷണികൾ ക്രൂഡിനും, ബേസ് മെറ്റലുകൾക്കും ഇനിയും ചാഞ്ചാട്ടം നൽകും. ട്രംപിന്റെ പുതിയ ഡ്രില്ലിങ് നയങ്ങൾ ക്രൂഡിന് തിരുത്തൽ നൽകുമെന്നാണ് വിപണിമതം.
നാളത്തെ റിസൾട്ടുകൾ
ബജാജ് ഫിനാൻസ്, മാരുതി, ടാറ്റ മോട്ടോഴ്‌സ്, ജെബിഎം ഓട്ടോ, ഒലേക്ട്രാ, വോൾട്ടാസ്, ബ്ലൂസ്റ്റാർ, റെയ്മണ്ട്, എസ്ആർഎഫ്, അംബുജ സിമന്റ്, ബ്രിഗേഡ്, ജെകെ പേപ്പർ, ദീപക് ഫെർട്ടിലൈസർ, കെപിഐടി ടെക്ക്, ഇന്ത്യൻ ബാങ്ക്, ഗബ്രിയേൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ബജറ്റ് ശനിയാഴ്ച
ബജറ്റിലെ ആശകളും, ആശങ്കളും തന്നെയാകും വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ്ങിനും ഫെഡ് പ്രഖ്യാപനങ്ങൾക്കുമൊപ്പം ഇന്ത്യൻ വിപണിയെ നയിക്കുക. ശനിയാഴ്ചത്തെ ബജറ്റിന് പിന്നാലെ ഫെബ്രുവരി ആദ്യ ആഴ്ചയിൽ നടക്കുന്ന റിസർവ് ബാങ്കിന്റെ നയാവലോകന യോഗവും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക