അൽപം പോലുമില്ല ആശ്വാസം, ഓഹരിവിപണിയിൽ ഇടിവു തുടരുന്നു

Mail This Article
കൊച്ചി∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ വിപണികളിലുണ്ടാക്കുന്ന ആശങ്ക തുടരുന്നു. ഇന്നലെ സെൻസെക്സ് സൂചിക 824 പോയിന്റും നിഫ്റ്റി 263 പോയിന്റും ഇടിഞ്ഞു. 7 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സൂചികകൾ ഇപ്പോൾ. കൊളംബിയയ്ക്കു കൂടി 25% ഇറക്കുമതി നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്കു നയിച്ചു. ടെക് ഓഹരികൾ ശക്തമായി ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, സൊമാറ്റോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ വലിയ തോതിലുള്ള നഷ്ടം നേരിട്ടു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിൽ വലിയ വിൽപന നടക്കുന്നുണ്ട്. സ്മോൾക്യാപ് ഇൻഡക്സ് 3.51 ശതമാനവും സ്മോൾക്യാപ് ഇൻഡക്സ് 2.68 ശതമാനവും ഇടിഞ്ഞു. നിക്ഷേപകരുടെ ആസ്തിയിൽ 9.28 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഇന്നലെ മാത്രമുണ്ടായത്. വിദേശനിക്ഷേപകരുടെ പിൻവാങ്ങലും വിപണിക്കു തിരിച്ചടിയാണ്.
ഡീപ്സീക് ഷോക്കേറ്റ് അമേരിക്കൻ വിപണി
ചൈനീസ് സ്റ്റാർട്ടപ് കമ്പനിയായ ഡീപ്സീക്ക് ഏറ്റവും ചെവലുകുറഞ്ഞ എഐ മോഡൽ അവതരിപ്പിച്ചതിനെത്തുടർന്ന് അമേരിക്കൻ ഓഹരി വിപണികളിൽ കനത്ത ഇടിവ്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ നാസ്ഡക് സൂചിക 4 ശതമാനത്തോളമാണ് ഇടിഞ്ഞത്. എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സിൽ 2% ഇടിവു നേരിട്ടു. ടെക്നോളജി മേഖലയിൽ അമേരിക്കയുടെ മേൽക്കൈ നഷ്ടമാകുമോ എന്ന ഭയമാണ് വിപണിയിൽ നിഴലിച്ചത്. എൻവിഡിയ ഓഹരി, വ്യാപാരത്തിന്റെ തുടക്കത്തിൽ 11 ശതമാനമാണ് ഇടിഞ്ഞത്. എഎംഡി, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് ഓഹരികളിലും ഇടിവു നേരിട്ടു.