യുഎസ് ഭീമൻമാരുടെ വരെ ഓഹരികൾ ഇടിഞ്ഞു; ആർബിഐ തുണയിൽ ഇന്ത്യൻ വിപണിയിൽ ഇന്നലെ വൻ കുതിപ്പ്

Mail This Article
കൊച്ചി ∙ ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിന്റെ പേരിൽ തിങ്കളാഴ്ച ലോക വിപണികൾക്കൊപ്പം ഭീമമായ തകർച്ച നേരിട്ട ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ വൻ കുതിപ്പ്. ബാങ്കിങ് മേഖലയിലെ പണലഭ്യതയിൽ ഉണ്ടായ കുറവു നികത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വീകരിച്ച നടപടികളുടെ പേരിലാണു വിപണി കുതിച്ചുയർന്നത്.
ബാങ്കിങ് മേഖലയ്ക്ക് ഒന്നര ലക്ഷം കോടി രൂപ അനുവദിക്കുകയാണെന്ന പ്രഖ്യാപനമായിരുന്നു ആർബിഐ നടപടികളിൽ ഏറ്റവും പ്രധാനം. 60,000 കോടി രൂപയുടെ സർക്കാർ നിക്ഷേപ പത്രങ്ങൾ മൂന്നു തവണകളായി ആർബിഐ വാങ്ങുമെന്നും പ്രഖ്യാപിക്കപ്പെട്ടു. അടുത്ത മാസം ചേരുന്ന നിരക്കു നിർണയ സമിതി യോഗം വായ്പ നിരക്കുകളിൽ ഇളവു ശുപാർശ ചെയ്യാൻ ഈ നടപടികൾ സഹായകമായേക്കുമെന്ന വിശ്വാസത്തിലാണു വിപണി മുന്നേറ്റം നടത്തിയത്. സെൻസെക്സ് 535 പോയിന്റ് ഉയർന്ന് 75,901 ൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 128 പോയിന്റ് വർധനയോടെ 22,957 നിലവാരത്തിലാണ് അവസാനിച്ചത്. ഇരു സൂചികകളിലും ഇതിലേറെ നേട്ടമുണ്ടായതാണെങ്കിലും അതു നിലനിർത്താൻ കഴിയാതെ പോകുകയായിരുന്നു.

ഡീപ്സീക്കിന്റെ പേരിലുള്ള അങ്കലാപ്പ് ടെക് മേഖലയിലുള്ള യുഎസ് കമ്പനികൾക്കാണ്. അതുകൊണ്ടാണു യുഎസിലെ ഓഹരി വിപണികൾ പരിഭ്രാന്തിയിലായിരിക്കുന്നത് മറ്റു വിപണികളിലേക്കു പരിഭ്രാന്തി പടർന്നതു പെട്ടെന്നുള്ള പ്രതികരണം മാത്രമായിരുന്നു.
എൻവിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുൾപ്പെടെയുള്ള യുഎസ് ടെക് ഭീമൻമാരുടെയെല്ലാം ഓഹരികളിലുണ്ടായ ഇടിവ് അതിഭീമമാണ്. എൻവിഡിയയുടെ വിപണിമൂല്യത്തിലെ ഇടിവ് 58.900 കോടി ഡോളർ (50.65,400 കോടി രൂപയ്ക്കു തുല്യം) വരും.