ഇനി ബജറ്റ് പ്രതീക്ഷകൾ, ഓഹരിവിപണി സജീവം

Mail This Article
ഇന്നലെ അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തിയതിന് പിന്നാലെ ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ മുന്നേറ്റം കുറിച്ചു. യൂണിയൻ ബജറ്റ് പ്രതീക്ഷകൾ സജീവമായതും അനുകൂലമായി. എഫ്എംസിജി ഒഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് 23183 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 205 പോയിന്റ് നേട്ടത്തിൽ 23163 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 631 പോയിന്റുകൾ മുന്നേറി 76532 പോയിന്റിലും ക്ളോസ് ചെയ്തു.
ഇന്നലത്തെ നാസ്ഡാക്കിന്റെ തിരിച്ചു വരവിന്റെ പിന്തുണയിൽ ഐടി സെക്ടർ 2.62% മുന്നേറിയതാണ് ഇന്ന് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിത്തറയിട്ടത്. നിഫ്റ്റി മിഡ്ക്യാപ് സൂചികയും നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും 2%ൽ കൂടുതൽ മുന്നേറിയപ്പോൾ, നിഫ്റ്റി സ്‌മോൾ ക്യാപ് 3%ൽ കൂടുതൽ നേട്ടമുണ്ടാക്കിയതും ഇന്ത്യൻ നിക്ഷേപകരുടെ നേട്ടം വർദ്ധിപ്പിച്ചു. മെറ്റൽ, ഇൻഫ്രാ, റിയാൽറ്റി സെക്ടറുകളും 2%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
എഫ്&ഓ ക്ളോസിങ് നാളെ
വിപണി പ്രത്യാശിച്ചിരുന്നത് പോലെ തന്നെ എഫ്&ഓ എക്സ്പയറിയുടെ തലേദിവസമായ ഇന്നും ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ മുന്നേറ്റം സ്വന്തമാക്കി. നാളെ എഫ്&ഓ ക്ളോസിങ് ദിനത്തിലും മുന്നേറ്റം നേടിയാൽ വിപണിയിൽ ലാഭമെടുക്കൽ സാധ്യത കൂടുതലാണ്.
ഫെഡ് തീരുമാനങ്ങളും അമേരിക്കൻ ടെക്ക് റിസൾട്ടുകളും നാളെ ഇന്ത്യൻ വിപണിയുടെ ഓപ്പണിങ്ങിനെ സ്വാധീനിക്കും.
ഫെഡ് നിരക്കുകൾ, ടെക്ക് റിസൾട്ടുകൾ
ഡീപ്‌സീക് കെണിയിൽ നിന്നും അമേരിക്കൻ സെമികണ്ടക്ടർ ഓഹരികൾ തിരിച്ചു കയറിയത് ഇന്നലെ അമേരിക്കൻ വിപണിക്കു മുന്നേറ്റം നൽകി. എൻവിഡിയ ഇന്നലെ 8% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൈക്രോസോഫ്റ്റ്, ടെസ്‌ല, മെറ്റ, ഐബിഎം എന്നിവയുടെ റിസൾട്ടുകൾ ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം വരാനിരിക്കുന്നതും പ്രധാനമാണ്.
ഇന്ന് നടക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് യോഗം ഫെഡ് നിരക്ക് 4.50%ൽ തന്നെ നിലനിർത്തുമെന്നാണ് വിപണി അനുമാനിക്കുന്നത്. ട്രംപ് ‘സ്വാധീന’ത്തിൽ നിരക്ക് കുറക്കലിനെകുറിച്ച് എന്തെങ്കിലും സൂചനകൾ നൽകുന്നുണ്ടോ എന്നായിരിക്കും ഇന്ന് വിപണി ഫെഡ് ചെയർമാന്റെ പ്രസംഗത്തിൽ തിരയുന്നത്.
ഫെഡിനെ നിയന്ത്രിക്കാൻ ട്രംപ്
മുൻപെന്ന പോലെ അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കാനായി പ്രസിഡന്റ് ട്രംപ് ഇത്തവണയും ശ്രമം ആരംഭിച്ചു കഴിഞ്ഞു. ട്രംപ് നയങ്ങളുടെ ഫലമായി ക്രൂഡ് ഓയിൽ ‘’സ്വാഭാവിക’’മായി താഴുന്നത് ഫെഡ് നിരക്ക് കുറക്കാൻ സഹായകമാകുമെന്ന സൂചനയാണ് ട്രംപ് വീണ്ടും നൽകിയത്. ഫെഡ് നിരക്ക് കുറക്കുന്നതിന് ട്രംപ് ശ്രമിക്കുന്നത് വിപണിക്കും അനുകൂലമാണ്.
ഡോളർ, ബോണ്ട് യീൽഡ്, സ്വർണം
ഇന്ന് അമേരിക്കൻ ഫെഡ് നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കെ ഇന്നലെ മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണവില 2800 ഡോളറിനടുത്താണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ബോണ്ട് യീൽഡും അമേരിക്കൻ ഡോളറും ഫെഡ് ചെയർമാന്റെ സൂചനകൾക്കനുസരിച്ചായിരിക്കും സഞ്ചരിക്കുക. അമേരിക്കൻ ഡോളർ 86.55 രൂപ നിരക്കിലാണ് തുടരുന്നത്.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില തീർച്ചയായും ‘താഴുമെന്ന’ ട്രംപിന്റെ സൂചനയും ക്രൂഡ് ഓയിലിന് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 75 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഭാരത് ഇലക്ട്രോണിക്സ്, ബാങ്ക് ഓഫ് ബറോഡ, എൽ&ടി, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ബജാജ് ഫിൻസേർവ്, ശ്രീ സിമന്റ്, സ്റ്റാർ സിമന്റ്, ബയോകോൺ, ഡാബർ, പ്രസ്റ്റീജ്, എസ്റ്റേറ്റ്‌സ്, ആവാസ്, കല്യാൺ ജ്വല്ലേഴ്സ്, വാരീ എനർജീസ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകളും പ്രഖ്യാപിക്കുന്നു.
ബജറ്റ്
ശനിയാഴ്ച നടക്കുന്ന യൂണിയൻ ബജറ്റിന് മുന്നോടിയായി ഡിഫൻസ്, റെയിൽ, വളം, ഇൻഫ്രാ ഓഹരികൾ ഇന്നും മുന്നേറ്റം നേടി. നാളത്തെ എഫ്&ഓ ക്ളോസിങ്ങിന് ശേഷം ലാഭമെടുക്കലുണ്ടായാലത് ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപം നടത്താനുള്ള അവസരമായി കണക്കാക്കാം.
ഇൻഫ്രാ, ഡിഫൻസ്, മാനുഫാക്ച്ചറിങ്, റിന്യൂവബിൾ എനർജി, ബാറ്ററി, ഇവി, വളം മുതലായ മേഖലകൾ ബജറ്റ് വരെ തുടർന്നും മുന്നേറ്റം നേടിയേക്കാം.
മെറ്റൽ
‘അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയും, ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഇനി സമ്മതിക്കാനാകില്ല’ എന്ന പ്രധാനമന്ത്രിയുടെ പരാമർശം ഇന്ത്യൻ മെറ്റൽ ഓഹരികൾക്കും, മാനുഫാക്ച്ചറിങ് മേഖലക്കും അനുകൂലമാണ്.
ഇന്ത്യയിൽ നിന്നും ഇരുമ്പയിര് ഉൾപ്പെടെ ചൈനയിലേക്ക് കയറിപ്പോകുന്നതിനും, ഗുണനിലവാരം കുറഞ്ഞ ലോഹങ്ങളുടെ ഇറക്കുമതി തടയുന്നതിനും വേണ്ട നയങ്ങൾ രൂപീകരിക്കപ്പെടുമെന്ന പ്രതീക്ഷ മെറ്റൽ സെക്ടറിനും അനുകൂലമാണ്.
എയ്‌റോ ഇന്ത്യ 2025
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിൽ ബെംഗളൂരിൽ ആരംഭിക്കുന്ന ഇന്ത്യ എയ്റോ എക്സ്പോ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനൊപ്പം ഡിഫൻസ്, സ്പേസ്, ടെക്‌നോ കമ്പനികൾക്കും പ്രതീക്ഷയാണ്. എച്ച്എഎൽ ബബജറ്റ് കൂടി പരിഗണിച്ച് നിക്ഷേപത്തിന് പരിഗണിക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക