സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓപ്പറേഷൻസ് വിഭാഗ സിരാകേന്ദ്രം ഇനി കൊച്ചി; 12 നില ടവർ തുറന്നു

Mail This Article
കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96 വർഷത്തെ ചരിത്രത്തിൽ നേടിയ വളർച്ചയുടെ പ്രതീകം പോലെ പടുത്തുയർത്തിയ 12 നില ടവർ സ്ഥാപക ദിനത്തിൽ കാക്കനാട് ഇൻഫോപാർക്ക് രാജഗിരി വാലിയിൽ തുറന്നു.
കേരളത്തിലെ ഏറ്റവും വലിയ കറൻസി ചെസ്റ്റും ഐടി സെന്ററും ഉൾപ്പെടെ ഒട്ടേറെ ആധുനിക സൗകര്യങ്ങൾ പുതിയ ഓഫിസിലുണ്ടെങ്കിലും ബാങ്കിന്റെ അടിസ്ഥാന മൂല്യങ്ങൾക്കു മാറ്റമുണ്ടാവില്ലെന്ന് ഉദ്ഘാടനം ചെയ്ത ചെയർമാൻ വി.ജെ. കുര്യൻ പറഞ്ഞു.

വെറും 23,000 രൂപ മൂലധനവുമായി 1929ൽ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്ന് ഒരു ലക്ഷം കോടി രൂപയിലേറെ നിക്ഷേപവും 87,000 കോടി രൂപയോളം വായ്പയുമുള്ള ബാങ്കായി വളർന്നുവെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി ചൂണ്ടിക്കാട്ടി. എത്ര നവീനതകൾ വന്നാലും തലമുറകൾക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ആശ്രയമായി തുടരും.
മുൻ ചെയർമാൻ സലിം ഗംഗാധരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആന്റോ ജോർജ് എന്നിവർ പ്രസംഗിച്ചു. ഗ്രൗണ്ട് ഫ്ളോറും 11 നിലകളുമുള്ള ടവറിൽ 1200 പേർക്ക് ഇരിപ്പിടമുണ്ട്. 900 പേർ പ്രവർത്തിക്കുന്നുമുണ്ട്. ബാങ്കിന്റെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ സിരാകേന്ദ്രം ഇനി ഇവിടെ ആയിരിക്കും. റജിസ്ട്രേഡ് ഓഫിസ് തൃശൂരിൽ തുടരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business