കാത്തിരിക്കുന്നത് 16 കോടിയിലേറെ നിക്ഷേപകർ, ബജറ്റിൽ ഇവർക്ക് ഒരു ‘കൈ സഹായം’ പ്രതീക്ഷിച്ച് വിപണി

Mail This Article
കൊച്ചി ∙ നാലു മാസമായി നേരിടുന്ന തകർച്ചയിൽനിന്നു കൈപിടിച്ചുയർത്താൻ ധന മന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന ബജറ്റ് നിർദേശങ്ങൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. പ്രതീക്ഷ സഫലമാകാൻ 16 കോടിയിലേറെ നിക്ഷേപകരാണ് അക്ഷമരായി കാത്തിരിക്കുന്നത്. വിപണിയിൽ താൽപര്യമുള്ള മ്യൂച്വൽ ഫണ്ടുകളും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തുടങ്ങിയവയും വിദേശ ധനസ്ഥാപനങ്ങളും പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന നിക്ഷേപകരിലുണ്ട്.
പിന്നിട്ട 10 വർഷങ്ങളിൽ വിപണിയുടെ ബജറ്റ് ദിന പ്രതികരണം ഒരേ രീതിയിലായിരുന്നില്ല. 2023ലെ ബജറ്റ് ദിനത്തിൽ സെൻസെക്സും നിഫ്റ്റിയും വിരുദ്ധമായി പ്രതികരിക്കുകപോലും ചെയ്തു. 10 വർഷത്തിനിടയിൽ സെൻസെക്സും നിഫ്റ്റിയും ഏറ്റവും വലിയ നേട്ടം കൈവരിച്ച ബജറ്റ് ദിനം 2021ൽ ആയിരുന്നു. സെൻസെക്സ് 2315 പോയിന്റ് വർധന കൈവരിച്ചപ്പോൾ നിഫ്റ്റി 647 പോയിന്റാണു കുതിച്ചത്.
കഴിഞ്ഞ വർഷം രണ്ടു തവണ ബജറ്റ് അവതരിപ്പിക്കപ്പെട്ടു; ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റും ജൂലൈ 23നു സമ്പൂർണ ബജറ്റും. സമ്പൂർണ ബജറ്റിൽ നിരാശപ്പെടുത്തുന്ന നികുതി നിർദേശങ്ങളുണ്ടായി. മൂലധന നേട്ടം, ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽപ്പെട്ട ഓഹരി ഇടപാടുകൾ എന്നിവയ്ക്കു നികുതി വർധിപ്പിച്ചതു വിപണിയെ പിടിച്ചുലച്ചു. അതിന്റെ പ്രത്യാഘാതം ഇപ്പോഴും വിപണിയെ ഒരു പരിധിവരെ വേട്ടയാടുന്നുണ്ട്.
ഇത്തവണ വിപണിയുടെ പ്രതീക്ഷകളിൽ ഏറ്റവും പ്രധാനമായതു വ്യക്തിഗത ആദായ നികുതിയുടെ ഇളവു പരിധി ഗണ്യമായി വർധിപ്പിച്ചേക്കുമെന്നതാണ്. ഓഹരി നിക്ഷേപകരിൽനിന്ന് ഈടാക്കുന്ന ഇടപാടു നികുതി (എസ്ടിടി) വേണ്ടെന്നുവയ്ക്കണമെന്ന വ്യാപകമായ ആവശ്യം അനുവദിക്കപ്പെട്ടാൽ അതും വിപണിയിൽ പ്രസരിപ്പു പകരും. മൂലധന വർധന നികുതി, ജിഎസ്ടി എന്നിവ യുക്തിസഹമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വളർച്ചയ്ക്കും പണപ്പെരുപ്പ നിയന്ത്രണത്തിനും തുല്യ പരിഗണന നൽകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനം, ഇൻഷുറൻസ്, വൈദ്യുതി വാഹനങ്ങളുടെ പ്രചാരം, നിക്ഷേപ വളർച്ച എന്നിവയ്ക്കു വർധിത പ്രാധാന്യമുണ്ടായിരിക്കുമെന്നുമുള്ള പ്രതീക്ഷ വിപണിയിൽ ശക്തമാണ്.