കല്യാൺ ജ്വല്ലേഴ്സിന് 21.2% ലാഭക്കുതിപ്പ്; ഓഹരികളിൽ വൻ മുന്നേറ്റം, ചെയർമാനായി വീണ്ടും വിനോദ് റായ്

Mail This Article
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 10 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലത്തെ വ്യാപാരാന്ത്യ വിലയായ 440.65 രൂപയിൽ നിന്ന് കുതിച്ച് 460.05 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തിൽ വില 11.5 ശതമാനത്തിലധികം ഉയർന്ന് 496.85 രൂപവരെ എത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 11.26% നേട്ടവുമായി 490.25 രൂപയിൽ (രാവിലെ 11.15ന്).
കല്യാൺ ജ്വല്ലേഴ്സിന്റെ വിപണിമൂല്യം വീണ്ടും 50,000 കോടി രൂപയും കടന്നു. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 795.40 രൂപയാണ് കല്യാൺ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് കുറിച്ച 321.95 രൂപയും.
കഴിഞ്ഞ ഒരുമാസത്തിനിടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 35 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. സാമൂഹികമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളാണ് ഓഹരികളെ വീഴ്ത്തിയത്. മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനിയിലെ (മ്യൂച്വൽഫണ്ട് കമ്പനി) മാനേജർമാർക്ക് കൈക്കൂലി നൽകി ഓഹരികളിൽ വൻതോതിൽ നിക്ഷേപം നടത്താൻ കല്യാൺ ജ്വല്ലേഴ്സ് അധികൃതർ പ്രേരിപ്പിച്ചു എന്നായിരുന്നു വ്യാജ പ്രചാരണം. ഇത്തരം ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ദുരുദ്ദേശ്യപരവും അപകീർത്തികരവുമാണെന്നും കല്യാണും മോത്തിലാൽ ഓസ്വാളും വ്യക്തമാക്കിയിരുന്നെങ്കിലും ഓഹരികളിൽ നഷ്ടമുണ്ടാവുകയായിരുന്നു. ഇന്നലെയും രണ്ടു ശതമാനം താഴ്ന്നായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഡിസംബർ പാദത്തിൽ മികച്ച നേട്ടം
ഡിസംബർ പാദത്തിലെ പ്രവർത്തനഫലം കല്യാൺ ജ്വല്ലേഴ്സ് ഇന്നലെ വൈകിട്ട് പുറത്തുവിട്ടു. ലാഭത്തിലും വരുമാനത്തിലും മികച്ച നേട്ടം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചതോടെ ഇന്ന് ഓഹരികൾ മിന്നിത്തിളങ്ങുകയായിരുന്നു. കഴിഞ്ഞപാദത്തിൽ ലാഭം തൊട്ടുമുൻ വർഷത്തെ സമാനപാദത്തിലെ 180.6 കോടി രൂപയിൽ നിന്ന് 21.2% ഉയർന്ന് 218.8 കോടി രൂപയിലെത്തി. വരുമാനം 5,223 കോടി രൂപയിൽ നിന്ന് 7,286.8 കോടി രൂപയായി; വളർച്ച 39.5%.

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭത്തിന്റെ മാർജിൻ (EBITDA Margin) 7.1ൽ നിന്ന് 6 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ പ്രവർത്തന വരുമാനം 4,512 കോടി രൂപയിൽ നിന്ന് 6,393 കോടി രൂപയായി ഉയർന്നത് കഴിഞ്ഞപാദത്തിൽ മികച്ച സംയോജിത മൊത്തവരുമാനം നേടാൻ കമ്പനിക്ക് സഹായകമായി. ഉത്സവ, വിവാഹ സീസണിലെ മികച്ച ഡിമാൻഡാണ് കഴിഞ്ഞപാദത്തിൽ കരുത്തായത്.
മിഡിൽ ഈസ്റ്റിലെ ഷോറൂമുകളിൽ നിന്നുള്ള വരുമാനത്തിൽ 23% വളർച്ചയുമുണ്ട്. ഈ മേഖലയിൽ നിന്നുള്ള ലാഭം 14 കോടി രൂപയിൽ നിന്ന് 15 കോടി രൂപയായി വർധിച്ചു. കല്യാൺ ജ്വല്ലേഴ്സിന്റെ ഓൺലൈൻ വിൽപന വിഭാഗമായ കാൻഡിയർ കഴിഞ്ഞപാദത്തിൽ 90% വരുമാന വളർച്ച നേടി. പക്ഷേ, നഷ്ടം 1.6 കോടി രൂപയിൽ നിന്ന് 6.9 കോടി രൂപയായി കൂടി. നടപ്പുപാദത്തിൽ (ജനുവരി-മാർച്ച്) കല്യാൺ ജ്വല്ലേഴ്സ് പുതുതായി 30 ഷോറൂമുകൾ തുറക്കാൻ പദ്ധതിയിടുന്നു. കാൻഡിയറിന്റെ 15 പുതിയ ഷോറൂമുകളും തുറക്കും.
ചെയർമാനായി വിനോദ് റായ് തുടരും
കല്യാൺ ജ്വല്ലേഴ്സിന്റെ ചെയർമാനും സ്വതന്ത്ര നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറുമായി വിനോദ് റായ് തുടരും. അദ്ദേഹത്തിന് പുനർനിയമനം നൽകിയതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. 2025 ജൂലൈ ഒന്നുമുതൽ 2028 ജൂൺ 30 വരെയാണ് പുനർനിയമനം. മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും ബാങ്ക്സ് ബോർഡ് ബ്യൂറോ ചെയർമാനുമായിരുന്നു വിനോദ് റായ്.

കല്യാൺ ജ്വല്ലേഴ്സിന്റെ മനേജിങ് ഡയറക്ടറായി ടി.എസ്. കല്യാണരാമൻ തുടരും. നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസിന്റെ മാനേജിങ് ഡയറക്ടർ അനീഷ് സറാഫിനും പുനർനിയമനം നൽകിയെന്ന് കമ്പനി വ്യക്തമാക്കി.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business