അവധിയില്ല; ഓഹരി വിപണി നാളെയും തുറക്കും, തുടരുമോ ബജറ്റ് ആവേശം? 2025ൽ 14 പൊതു അവധികൾ

Mail This Article
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണദിനമായ നാളെ (ശനി) ഓഹരി വിപണി പ്രവർത്തിക്കും. പൊതുവേ ശനിയും ഞായറും വിപണിക്ക് അവധിയാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് അന്നുതന്നെ പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കാനാണ് എൻഎസ്ഇയും ബിഎസ്ഇയും നാളത്തെ അവധി ഒഴിവാക്കിയത്.

മുമ്പ് ബജറ്റ് അവതരിപ്പിക്കപ്പെട്ട ശനിയാഴ്ചകളായ 2015 ഫെബ്രുവരി 28, 2020 ഫെബ്രുവരി ഒന്ന് തീയതികളിലും ഓഹരി വിപണികൾ പ്രവർത്തിച്ചിരുന്നു. പൊതുവേ ബജറ്റിൽ കൂടുതൽ ഊന്നലുണ്ടാകുക അടിസ്ഥാന സൗകര്യവികസനം, ബാങ്കിങ്, മാനുഫാക്ചറിങ്, ആരോഗ്യ സേവനമേഖലകൾക്കായിരിക്കും. നികുതി, വിവിധ മേഖലകൾക്കായുള്ള നയങ്ങൾ, ഫണ്ട് വകയിരുത്തലുകൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളുമുണ്ടാകും. ഇവയോടെല്ലാം അന്നുതന്നെ പ്രതികരിക്കാൻ വിപണി പ്രവർത്തിക്കുന്നതുവഴി നിക്ഷേപകർക്ക് കഴിയും. തുടർന്നുള്ള ദിവസങ്ങളിലേക്കുള്ള വിപണിയുടെ ട്രെൻഡും അതുവഴി അറിയാം. തുടർച്ചയായ 8-ാം ബജറ്റ് അവതരണത്തിനാണ് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നത്. ഇത് റെക്കോർഡുമാണ്.
2025ലെ പൊതു അവധികൾ
ഇന്ത്യൻ ഓഹരി വിപണികൾക്ക് 2024ൽ 16 പൊതു അവധി ദിനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2025ലുള്ളത് 14 ദിനങ്ങൾ. ഫെബ്രുവരി 26ന് (ബുധൻ) മഹാശിവരാത്രി അവധി. മാർച്ച് 14ന് (വെള്ളി) ഹോളി. മാർച്ച് 31ന് (തിങ്കൾ) റംസാൻ. ഏപ്രിലിൽ 3 പൊതു അവധികളുണ്ട്. 10ന് (വ്യാഴം) മഹാവീര ജയന്തി, 14ന് (തിങ്കൾ) ഡോ. അംബേദ്കർ ജയന്തി, 18ന് (വെള്ളി) ദുഃഖ വെള്ളിയും. മേയ് ഒന്നിന് (വ്യാഴം) മഹാരാഷ്ട്ര ദിന അവധി. ഓഗസ്റ്റ് 15ന് (വെള്ളി) സ്വതന്ത്ര്യദിന അവധി. ഓഗസ്റ്റ് 27ന് (ബുധൻ) വിനായക ചതുർഥിക്കും അവധിയാണ്. ഗാന്ധി ജയന്തിയും ദസറയും പ്രമാണിച്ചാണ് ഒക്ടോബർ രണ്ടിന്റെ (വ്യാഴം) അവധി.

ഒക്ടോബർ 21നാണ് (ചൊവ്വ) ദീപാവലിയും മുഹൂർത്ത വ്യാപാരവും. മുഹൂർത്ത വ്യാപാര സമയക്രമം പിന്നീട് പ്രഖ്യാപിക്കും. ദീവാലി ബലിപ്രതിപാദ പ്രമാണിച്ച് ഒക്ടോബർ 22നും (ബുധൻ) അവധിയാണ്. ഗുരു നാനക് ജയന്ത്രി പ്രമാണിച്ചാണ് നവംബർ 5ന് (ബുധൻ) അവധി. ഡിസംബർ 25ന് (വ്യാഴം) ക്രിസ്മസ്.
തുടരുമോ ബജറ്റാവേശം?
ബജറ്റിന് മുമ്പേ, കഴിഞ്ഞ 4 ദിവസത്തെ നേട്ടത്തിലൂടെ സെൻസെക്സ് ഉയർന്നത് 2,100 പോയിന്റോളം. വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മോശം പ്രവർത്തനഫലം, ട്രംപ് ഉയർത്തിവിട്ട നികുതി ആശങ്കകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾക്കിടെയാണ് ഈ നേട്ടം.

ഇന്നു നിഫ്റ്റി 258 പോയിന്റ് (+1.11%) ഉയർന്ന് 23,508ലും സെൻസെക്സ് 740 പോയിന്റ് (+0.97%) മുന്നേറി 77,500ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റിൽ നിർമല സീതാരാമൻ മൂലധന നേട്ടനികുതി (എൽടിസിജി/എസ്ടിസിജി), ഓഹരി കൈമാറ്റനികുതി (എസ്ടിടി) എന്നിവയിൽ മാറ്റംവരുത്തുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ആദായനികുതിയിൽ ആകർഷക ഇളവുകളും പ്രതീക്ഷിക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business