ജനങ്ങളുടെ കൈയിൽ പണം നൽകി, ഇനി വിപണികുതിക്കുമോ?

Mail This Article
വിപണിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഇടത്തരക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം വിപണിയിൽ ലാഭമെടുക്കൽ വന്നെങ്കിലും പ്രീബജറ്റ് റാലിയുടെ നേട്ടങ്ങൾ കൈവിടാതിരുന്നത് ഇന്ത്യൻ വിപണിക്ക് തുടർന്നും അനുകൂലമാണ്.
പ്രീബജറ്റ് റാലിയിൽ നേട്ടമുണ്ടാക്കിയ സെക്ടറുകളിൽ കൃത്യമായ ലാഭമെടുക്കൽ വന്നപ്പോൾ, കൺസ്യൂമർ ഓഹരികൾ ഇന്ന് ഇന്ത്യൻ വിപണിയെ താങ്ങി നിർത്തി. നാസ്ഡാകിനൊപ്പമുള്ള ഐടി സെക്ടറിന്റെ വീഴ്ചയാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് ‘പോസ്റ്റ് ബജറ്റ്’ റാലി നിഷേധിച്ചത്.
ഐടി സെക്ടർ 1.32% വീണിട്ടും നിഫ്റ്റി 13 പോയിന്റുകൾ മാത്രം നഷ്ടത്തിൽ 23494 പോയിന്റിലാണ് ഇന്നത്തെ സ്പെഷ്യൽ ബജറ്റ് സെഷനിൽ ക്ളോസ് ചെയ്തത്. സെൻസെക്സ് 5 പോയിന്റ് നേട്ടത്തിൽ 77505 പോയിന്റിലും, ബാങ്ക് നിഫ്റ്റി 80 പോയിന്റ് നഷ്ടത്തിൽ 49506 പോയിന്റിലും ക്ളോസ് ചെയ്തു.

ബജറ്റിലെ സുവർണനേട്ടം
റെയിൽ, ഡിഫൻസ്, ഇൻഫ്രാ മേഖലകളെ കാര്യമായി സ്പർശിക്കാതെ വിട്ട ധനമന്ത്രി പൂർണ ആദായനികുതിയിളവ് പന്ത്രണ്ട് ലക്ഷം വരെയുർത്തിയത് ഇന്ത്യൻ വിപണിക്ക് പുതുജീവൻ നൽകി. ജനങ്ങളുടെ കൈയ്യിൽ കൂടുതൽ പണം നൽകി കമ്പോളം സജീവമാക്കുന്ന ജനാധിപത്യ-സാമ്പത്തിക ശാസ്ത്രമാണ് ധനമന്ത്രി ഇവിടെ പയറ്റിയത്.
പുതിയ ആദായനികുതി പ്രകാരം പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. പന്ത്രണ്ട് ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ പുതുക്കിയ സ്ലാബ് പ്രകാരമുള്ള ആദായനികുതിയും നൽകണം.
നികുതിയിളവ് നേട്ടം ആർക്ക്
ആദായനികുതിയളവ് പൗരൻമാരുടെ പക്കൽ ധനസമൃദ്ധിക്കും വാങ്ങൽ ശേഷിക്കും കാരണമാകുകയും, അതിലൂടെ കമ്പോളം ശക്തമാകുകയും ചെയ്യുന്നത് ഇന്ത്യൻ വിപണിയെയും സജീവമാക്കും. ഉപഭോക്തൃ ഓഹരികൾ നിക്ഷേപത്തിനും പരിഗണിക്കാം.
എഫ്എംസിജി, ഫാഷൻ ( ജ്വല്ലറി, ടെക്‌സ്‌റ്റൈൽസ്, പാദരക്ഷ), എന്റർടൈൻമെന്റ് ( ഹോട്ടൽ, റസ്റ്ററന്റ്, പാർക്കുകൾ) ലിക്കർ, ബൈക്ക്, ചെറുകാറുകൾ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നികുതിയിളവിലൂടെ ചെലവിടുന്ന പണമെത്തുമെന്നത് അതാത് സെക്ടറുകളിലെ ഓഹരികൾക്ക് അനുകൂലമാണ്.
എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾ സെക്ടറുകൾ സെക്ടർ 3% വീതവും, ഓട്ടോ 1.91%വും, റിയൽറ്റി മേഖല 3.3%വും നേട്ടമാണ് ഇന്ന് കുറിച്ചത്. നികുതിയിളവ് പിന്തുണയിൽ ട്രെന്റ് 7%വും, ടാറ്റ കൺസ്യൂമർ 4%വും, മാരുതി 4.91%വും, ഹ്യുണ്ടായി 4.35%വും, ഐടിസി 3%വും, ഏഷ്യൻ പെയിന്റ്സ് 2%വും നേട്ടമുണ്ടാക്കിയതാണ് ഇന്ന് നിഫ്റ്റിയുടെയും മുന്നേറ്റത്തിന് കാരണമായത്.

പണം ഓഹരി വിപണിയിലേക്കും
നികുതിദായകരുടെ പക്കൽ ലഭ്യമാകുന്ന അധികപണം നിക്ഷേപങ്ങളായി മാറി ഇന്ത്യൻ വിപണിയിലേക്ക് തന്നെയാകും എത്തിച്ചേരുക. മ്യൂച്ച്വൽ ഫണ്ടുകളും, ലൈഫ്-ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും സമാഹരിക്കുന്ന പണവും ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്ന പണവും ഇന്ത്യൻ വിപണിയിലും ശക്തമായ ഓളങ്ങൾ തീർത്തേക്കാം. കാപ്പിറ്റൽ ഗെയിൻ ടാക്സിൽ ഇളവ് വരുത്താതിരുന്നതാണ് വിപണിയുടെനിരാശ.
ട്രംപ് നികുതികൾ
കാനഡക്കും, മെക്സികോയ്ക്കും, ചൈനയ്ക്കുമെതിരായി ട്രംപ് കൊണ്ട് വന്ന പ്രതികാര നികുതികൾ ഇന്ന് നിലവിൽ വന്നതും, ബ്രിക്സ് രാജ്യങ്ങളെല്ലാം അമേരിക്കയുടെ താരിഫ് ഹിറ്റ്ലിസ്റ്റിൽ ഉണ്ട് എന്നതും ഇന്ത്യക്കും ക്ഷീണമാണ്. എങ്കിലും ചൈനക്കും, കാനഡക്കും, മെക്സിക്കോക്കും അധിക താരിഫ് വരുന്നത് ഇന്ത്യൻ കയറ്റുമതിക്ക് അനുകൂലമാണ്.
ഇന്ന് പ്രഖ്യാപിക്കപ്പെട്ട ആദായനികുതിയിളവ് ട്രംപ് നികുതികൾ ലോകവിപണിയിൽ സൃഷ്ടിക്കുന്ന ഓളങ്ങൾ തടയാൻ പര്യാപ്തമാകില്ല എങ്കിലും അടുത്ത ആഴ്ചയിലും ഇന്ത്യൻ ഉപഭോക്‌തൃ ഓഹരികൾ ഇന്ത്യൻ വിപണിയെ രക്ഷിച്ചേക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക