ട്രംപ് താരിഫിൽ വീണ് ലോക വിപണി, ഇന്ത്യൻ വിപണിക്കും നഷ്ടം

Mail This Article
ഫെബ്രുവരി ഒന്നു മുതൽ കാനഡക്കും, മെക്‌സികോയ്ക്കുമൊപ്പം ചൈനയ്ക്കും മേൽ അമേരിക്ക അധികനികുതികൾ ചുമത്തിയത് ഏഷ്യൻ വിപണികൾക്കും യൂറോപ്യൻ വിപണിക്കും ഇന്ന് തിരുത്തൽ നൽകി. ജാപ്പനീസ്, കൊറിയൻ വിപണികൾ ഇന്ന് രണ്ടര ശതമാനത്തിന് മുകളിൽ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ശനിയാഴ്ച ബജറ്റിലെ നികുതിയളവിന്റെ പിൻബലത്തിൽ ലാഭമെടുക്കലിൽ വീഴാതെ രക്ഷപ്പെട്ട ഇന്ത്യൻ വിപണിയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യമണിക്കൂറിൽ തന്നെ 23222 പോയിന്റിലേക്ക് വീണ നിഫ്റ്റി പിന്നീട് തിരിച്ചു വരവ് നടത്തിയെങ്കിലും 23400 പോയിന്റ് പിന്നിടാനായില്ല. അര ശതമാനത്തിൽ താഴെ നഷ്ടമൊതുക്കിയ സെൻസെക്സ് 77186 പോയിന്റില്‍ ക്ളോസ് ചെയ്തു.
ഐടി, ഫാർമ, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾ സെക്ടറുകൾ ഇന്ന് നേട്ടം കുറിച്ചതും ബാങ്കിങ്, ഫിനാൻസ് സെക്ടറുകൾ നഷ്ടം കുറച്ചതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എങ്കിലും നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടവ്യാപ്തി വർധിപ്പിച്ചു.

വീണ്ടും മുന്നേറി ഡോളർ
ട്രംപ് താരിഫ് അമേരിക്കൻ ഡോളറിന് മറ്റ് രാജ്യാന്തരനാണയങ്ങളുടെ മേൽ ഇന്ന് വീണ്ടും മുന്നേറ്റം നൽകി. ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം നിരക്കായ 87.467/- ലേക്കു വീണു. യൂഎസ് ഡോളർ 87 രൂപക്ക് മുകളിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. രൂപയുടെ വീഴ്ച ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്.
മാനുഫാക്ച്ചറിങ് പിഎംഐ
∙ഇന്ത്യയുടെ ജനുവരിയിലെ മാനുഫാക്ച്ചറിങ് പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് 57.7 എന്ന നിരക്ക് കുറിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. വിപണിയുടെ അനുമാനം 58 ആയിരുന്നു.
∙ചൈനയുടെ കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ 50 കൂടുതൽ നിരക്കിൽ നിന്നത് ചൈനീസ് വിപണിക്കും, ലോഹവിലകൾക്കും അനുകൂലമാണ്. 50.6 നിരക്ക് ആയിരുന്നു വിപണിയുടെ അനുമാനം.
∙അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഇന്ന് വരുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
ആർബിഐ നയാവലോകനയോഗം
ബുധനാഴ്ച ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ നയാവലോകനയോഗം വെള്ളിയാഴ്ച പുതിയ നിരക്കുകളും നയവ്യതിയാനങ്ങളും പ്രാഖ്യാപിക്കും. റിപ്പോ നിരക്കിൽ കൈവെച്ചേക്കില്ലെങ്കിലും രൂപയുടെ വിലയിടിവ് തടയാനാവശ്യമായ നടപടികൾ കേന്ദ്ര ബാങ്ക് കൈകൊണ്ടേക്കുമെന്നാണ് വിപണിയുടെ അനുമാനം.

ട്രംപ് & താരിഫ്
വെള്ളിയാഴ്ചയും താരിഫ് പ്രാഖ്യാപനത്തിൽ നഷ്ടത്തിലേക്ക് വീണ അമേരിക്കൻ വിപണി ഇന്നും ഗാപ് ഡൺ ഓപ്പണിങ്ങാണ് പ്രതീക്ഷിക്കുന്നത്. പ്രീമാർക്കറ്റിൽ നഷ്ടം കുറിക്കുന്ന ഓഹരികളിൽ വാങ്ങൽ വന്നേക്കാവുന്നതും അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തിയേക്കാവുന്നതും നാളത്തെ ഏഷ്യൻ വിപണികളുടെ ഓപ്പണിങ്ങിനെയും സ്വാധീനിക്കും.
അമേരിക്ക ഫെഡ് അംഗങ്ങളുടെ പ്രഖ്യാപനങ്ങളും വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കൻ പേറോൾ ഡേറ്റയും ആൽഫബെറ്റ്, ആമസോൺ, എഎംഡി മുതലായ ടെക്ക് കമ്പനികളുടെ റിസൾട്ടുകളും ഈയാഴ്ച്ച ലോകവിപണിയെ നിയന്ത്രിക്കും.
ട്രംപും, ട്രംപിന്റെ താരിഫ് യുദ്ധവും തന്നെയാകും തുടർ ആഴ്ചകളിലും ലോക വിപണിയുടെ ഗതി നിർണയിക്കുക. ലോക വ്യാപാരക്രമം മൊത്തത്തിൽ തിരുത്തിയെഴുതിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും ട്രംപിന്റെ ‘’താരിഫ് യുദ്ധങ്ങൾ’’ വഴി വച്ചേക്കാം. ഇന്ത്യക്കെതിരെ തിരിയാത്തിടത്തോളം ട്രംപിന്റെ വ്യാപാരയുദ്ധങ്ങൾ ഇന്ത്യക്കും, ഇന്ത്യൻ കമ്പനികൾക്കും അനുകൂലമാണ്.
ക്രൂഡ് ഓയിൽ
അമേരിക്കയുടെ ഏറ്റവും വലിയ എണ്ണദാതാവായ കാനഡക്ക് മേൽ അമേരിക്ക അധികനികുതി ഏർപ്പെടുത്തിയത് ക്രൂഡ് ഓയിലിന് അനുകൂലമാണ്. ഇന്നത്തെ ഒപെക് യോഗതീരുമാനങ്ങൾ ക്രൂഡ് ഓയിലിന് പ്രധാനമാണ്.
ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിൽ വില 76.56 ഡോളറിലാണ് തുടരുന്നത്. ബേസ് മെറ്റലുകളും ഇന്ന് നഷ്ടം കുറിച്ചു.
സ്വർണം

ട്രംപ് താരിഫുകൾ നിലവിൽ വന്നതിനെത്തുടർന്ന് ഡോളർ മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകിയിരുന്നെങ്കിലും ഡോളർ ക്രമപ്പെടുന്നത് സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. സ്വർണ അവധി 2828 ഡോളറിലാണ് തുടരുന്നത്.
ടാറ്റ സ്റ്റീൽ
തദ്ദേശീയമായി ഹൈഡ്രജൻ ട്രാൻസ്‌പോർട്ട് പൈപ്പുകൾ നിർമിക്കുന്ന ആദ്യത്തെ കമ്പനിയെന്ന ഖ്യാതി ടാറ്റ സ്റ്റീൽ സ്വന്തമാക്കി. ചൈനയുടെ മേലുള്ള അധിക നികുതി ടാറ്റ സ്റ്റീലിന് അമേരിക്കൻ വിപണിയിൽ മേൽക്കൈ നൽകിയേക്കാവുന്നതും ഓഹരിക്ക് പ്രതീക്ഷയാണ്
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക