ഓഹരി വിപണിക്ക് വൻ മുന്നേറ്റം; തിളങ്ങി കല്യാൺ ജ്വല്ലേഴ്സും അദാനി പോർട്സും, നിക്ഷേപകർക്ക് നേട്ടം 5.5 ലക്ഷം കോടി

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്. ഇന്നത്തെ വ്യാപാരദിനമുടനീളം നേട്ടത്തിന്റേതാക്കാൻ സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞു. ഒരുവേള 1,400 പോയിന്റിലധികം മുന്നേറി 78,480 വരെ എത്തിയ സെൻസെക്സ്, വ്യാപാരാന്ത്യത്തിലുള്ളത് 1,397 പോയിന്റ് (+1.81%) നേട്ടവുമായി 78,583ൽ. നിഫ്റ്റിയും ഒരുഘട്ടത്തിൽ 23,762 വരെ ഉയർന്നെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് 378 പോയിന്റ് (+1.62%) നേട്ടത്തോടെ 23,739ൽ.

എൽ ആൻഡ് ടി (+4.28%), ഇൻഡസ്ഇൻഡ് ബാങ്ക് (+3.78%), അദാനി പോർട്സ് (+3.71%), ടാറ്റാ മോട്ടോഴ്സ് (+3.26%), റിലയൻസ് ഇൻഡസ്ട്രീസ് (+3.04%) എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുടെ നേട്ടവും സെൻസെക്സിന് കരുത്തായി. ഐടിസി ഹോട്ടൽസ് (-4.54%), സൊമാറ്റോ (-2.06%), നെസ്‍ലെ (-0.81%), ഹിന്ദുസ്ഥാൻ യൂണിലിവർ (-0.30%), മാരുതി സുസുക്കി (-0.23%) എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖർ.

നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസ് 5.65% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. എൽ ആൻഡ് ടി (+3.54%), ബെൽ (+3.68%), ഇൻഡസ്ഇൻഡ് ബാങ്ക് (+3.68%), അദാനി പോർട്സ് (+3.54%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ട്രെന്റ് 6.44% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതായി. ഐടിസി ഹോട്ടൽസ് (-4.24%), ബ്രിട്ടാനിയ (-1.28%), ഹീറോ മോട്ടോകോർപ്പ് (-1.09%), നെസ്‍ലെ (-0.74%) എന്നിങ്ങനെ താഴ്ന്ന് തൊട്ടടുത്തുണ്ട്.
കുതിച്ചും കിതച്ചും ഇവർ
ജനുവരിയിലെ മികച്ച ബിസിനസ് കണക്കും ബ്രോക്കറേജിൽ നിന്നുള്ള നല്ല റേറ്റിങ്ങുമാണ് അദാനി പോർട്സ് ഓഹരികളെ ഇന്നു നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കിയത്. ജനുവരിയിൽ അദാനി പോർട്സ് കൈവരിച്ചത് എക്കാലത്തെയും ഉയർന്ന ചരക്കുനീക്കം. മൊത്തം ചരക്കുനീക്കം 13% ഉയർന്ന് 39.9 മില്യൻ മെട്രിക് ടണ്ണായി. കണ്ടെയ്നർ നീക്കം മാത്രം 32% വർധിച്ചു. പുറമേ, ബ്രോക്കറേജ് സ്ഥാപമായ ഗോൾഡ്മാൻ സാക്സ് ‘വാങ്ങൽ’ (buy) റേറ്റിങ്ങും 1,560 രൂപ ‘ലക്ഷ്യവിലയും’ (target price) നൽകിയത് നിക്ഷേപകരെ ആകർഷിച്ചു; കമ്പനിയുടെ ഓഹരിവില ഇപ്പോൾ 1,123 രൂപയാണ്.
എൽ ആൻഡ് ടിയുടെ മിനറൽസ് ആൻഡ് മെറ്റൽസ് വിഭാഗം മിഡിൽ ഈസ്റ്റ് നോർത്തേൺ ആഫ്രിക്ക (MENA) മേഖലയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, കമ്പനിയുടെ ഓഹരികളും കുതിച്ചു. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിലെ പ്രവർത്തനഫലവും കമ്പനിക്ക് കരുത്താണ്, സംയോജിത ലാഭം 13.9 ശതമാനവും വരുമാനം 17.3 ശതമാനവും ഉയർന്നിരുന്നു.

ജനുവരിയിലെ വാഹന വിൽപനക്കണക്കുകൾ പൊതുവേ ഇന്ന് വാഹനക്കമ്പനികളുടെ ഓഹരികളെ തുണച്ചത് ടാറ്റാ മോട്ടോഴ്സിനും നേട്ടമായി. മാത്രമല്ല, ബജറ്റിലെ ആദായനികുതി ഇളവ് വൈകാതെ, വാഹന വിൽപന കൂടാൻ സഹായിക്കുമെന്ന വിലയിരുത്തലുകളും ഗുണം ചെയ്തു. ആദായനികുതി ഇളവുവഴി വിപണിയിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കുന്ന ഒരുലക്ഷം കോടിയോളം രൂപയിൽ പാതിയും ബാങ്കുകളിൽ നിക്ഷേപമായി എത്തുമെന്ന വിലയിരുത്തൽ പൊതു, സ്വകാര്യബാങ്കുകൾക്കും നേട്ടമായി.
ബജറ്റിൽ ആദായനികുതിഭാരം കുറച്ചെങ്കിലും, രാജ്യത്തെ ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് (low-income families) അതുകൊണ്ട് പ്രയോജനമില്ലെന്നും ഉപഭോക്തൃവിപണിക്ക് ഗുണം ചെയ്യില്ലെന്നുമുള്ള ചില ബ്രോക്കറേജുകളുടെ അഭിപ്രായങ്ങൾ ഇന്ന് എഫ്എംസിജി കമ്പനികളുടെ ഓഹരികളെ തളർത്തി. വിശാല വിപണിയിൽ ചുവപ്പണിഞ്ഞ ഏക ഓഹരി വിഭാഗവും നിഫ്റ്റി എഫ്എംസിജിയാണ് (-0.23%).

നികുതിദായക കുടുംബങ്ങൾക്കാണ് (tax-paying families) ബജറ്റ് നേട്ടമാകുന്നത്. ഇതു ഉപഭോക്തൃവിപണിയുടെ കുതിപ്പിന് പര്യാപ്തമല്ലെന്ന അഭിപ്രായവും തിരിച്ചടിയായി. ഇതോടെ ഐടിസി ഹോട്ടൽസ്, യുണൈറ്റഡ് ബ്രൂവറീസ് തുടങ്ങിയ ഓഹരികൾ വീഴുകയായിരുന്നു. ചൈനീസ് റീട്ടെയ്ൽ ബ്രാൻഡായ ഷെയ്ൻ (Shein), റിലയൻസ് റീട്ടെയ്‍ലിന്റെ കൈപിടിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവന്നത് മത്സരം കടുപ്പിക്കുമെന്ന് കരുതുന്നതിനാൽ, ടാറ്റാ ഗ്രൂപ്പിന് കീഴിലെ ട്രെന്റ് ഓഹരി ഇന്ന് തളർന്നു.
വിശാല വിപണിയും നിക്ഷേപകരുടെ നേട്ടവും
വിശാലവിപണിയിൽ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 2.70%, പൊതുമേഖലാ ബാങ്ക് 2.41%, സ്വകാര്യബാങ്ക് 2.07%, ധനകാര്യ സേവനം 2.11%, മെറ്റൽ 1.79%, മീഡിയ 1.74%, ഹെൽത്ത്കെയർ 1.81%, ഫാർമ 1.74%, ഐടി 1.32%, ഓട്ടോ 0.89% എന്നിങ്ങനെ നേട്ടമെഴുതി. ഇന്നലെ കുതിച്ചുകയറിയ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇന്ന് ഒന്നര ശതമാനത്തിലധികം താഴ്ന്നിറങ്ങിയത് എണ്ണക്കമ്പനികളുടെ ഓഹരികൾക്ക് ആശ്വാസമായി.

മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ നടപടി ട്രംപ് തൽകാലത്തേക്ക് മരവിപ്പിച്ചതിനെ തുടർന്ന് യുഎസ്, ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾ നേട്ടത്തിലേറിയതും ഡോളർ താഴ്ന്നതും ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് ഊർജം പകർന്നു. ഇന്നലെ ഒരുഘട്ടത്തിൽ ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത നിക്ഷേപകമൂല്യത്തിൽ നിന്ന് 5 ലക്ഷം കോടി രൂപയോളം കൊഴിഞ്ഞിരുന്നു. ഇന്നു ആ നഷ്ടം തിരികെപ്പിടിക്കാൻ നിക്ഷേപകർക്ക് കഴിഞ്ഞു. നിക്ഷേപകരുടെ സമ്പത്ത് അഥവാ ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 419.25 ലക്ഷം കോടി രൂപയിൽ നിന്ന് 5.5 ലക്ഷം കോടി രൂപ മുന്നേറി 425.04 ലക്ഷം കോടി രൂപയിലെത്തി.
മിന്നിത്തിളങ്ങി കല്യാൺ ജ്വല്ലേഴ്സ്
കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ഇന്നത്തെ താരം കല്യാൺ ജ്വല്ലേഴ്സ് ആണ്. ഇന്നൊരുവേള കല്യാൺ ഓഹരികൾ 15% കുതിച്ച് 594 രൂപവരെയെത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികളുടെ ഏറ്റവും ഉയർന്ന ഏകദിന മുന്നേറ്റമാണിത്. വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത് 11.75% മുന്നേറി 562 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം 57,966 കോടി രൂപയായും മെച്ചപ്പെട്ടു. കഴിഞ്ഞ ഒരുമാസത്തിനിടെ 30 ശതമാനത്തിലധികം നഷ്ടം നേരിട്ട കല്യാൺ ഓഹരികൾ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 29% തിരികെക്കയറിയിട്ടുണ്ട്.

കമ്പനിയുടെ സ്വന്തം (COCO/company-owned-company-operated) ഷോറൂമുകളിൽ നിന്നുള്ള വിൽപന കൂടുതൽ മെച്ചപ്പെടുമെന്നും മികച്ച പ്രവർത്തന മാർജിൻ കൈവരിക്കാനാകുമെന്നുമുള്ള വിലയിരുത്തലുകളാണ് ഓഹരികളെ വീണ്ടും മുന്നേറ്റത്തിന്റെ ട്രാക്കിലാക്കിയത്. കെഎസ്ഇയാണ് ഇന്നു നേട്ടത്തിൽ മുന്നിലെത്തിയ മറ്റൊരു കേരള ഓഹരി (+9.08%), കിറ്റെക്സ്, പോപ്പീസ്, മണപ്പുറം ഫിനാൻസ് എന്നിവ 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. കേരള ആയുർവേദ 5.7% ഉയർന്നു. ധനലക്ഷ്മി ബാങ്ക്, സ്റ്റെൽ ഹോൾഡിങ്സ്, പ്രൈമ ഇൻഡസ്ട്രീസ് എന്നിവയാണ് 2-2.5% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business