ട്രംപ് 2.0: വിപണിക്ക് ഇരുതല മൂർച്ചയുള്ള വാള്

Mail This Article
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ നിരന്തരമായ വിൽപന, രൂപയുടെ മൂല്യത്തകർച്ച, സാമ്പത്തികവളർച്ച കുറയുമെന്ന വിലയിരുത്തൽ, ധനക്കമ്മി വർധന, അത്ര മികച്ചതല്ലാത്ത മൂന്നാം പാദഫലങ്ങള്‍ എന്നിവ ഇന്ത്യൻ വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും മാനസികനിലയെയും തളർത്തിയിട്ടുണ്ട്. അതേസമയം ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായത് ചൈനയ്ക്കു ദോഷവും ഇന്ത്യയ്ക്കു ഗുണവുമാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ ബുള്ളുകൾക്ക് ട്രംപ് 2.0 ഇരുതല മൂർച്ചയുള്ള വാളാകാനാണ് സാധ്യത. 2017-2021 കാലഘട്ടത്തിൽ ട്രംപ് ഭരണത്തിൽ, നാസ്ഡാക് 77% റിട്ടേൺ നല്‍കിയപ്പോൾ നിഫ്റ്റി ഉയർന്നത് 38% മാത്രമാണ്. ഇത്തവണയും കാര്യമായ മാറ്റമുണ്ടാകാനിടയില്ല. ആഗോളതലത്തിൽ ഓഹരി വിപണിയിലുടനീളം കൂടുതൽ ചാഞ്ചാട്ടം ഉണ്ടാവാനാണു സാധ്യത.
ട്രംപിന്‍റെ പ്രശ്നം എന്താണ്?

യുഎസിന്റെ കോർപറേറ്റ് നികുതിയിളവുകൾ, വിദേശ വ്യാപാര നിലപാടുകൾ എന്നിവ ഡോളറിന്‍റെ മൂല്യം വർധിപ്പിക്കും. താരിഫ്, ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ പണപ്പെരുപ്പം, ട്രഷറി വരുമാനം എന്നിവ ഉയരുകയും അത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ ബാധിക്കുകയും ചെയ്യും. യുഎസിലേക്ക് ഉൽപാദനം തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കമ്പനികള്‍ക്കും തിരിച്ചടിയാണ്.
വീസ നിയന്ത്രണങ്ങൾ ഇന്ത്യൻ ഐടി മേഖലയുടെ ചെലവും ഉയർത്തും. എന്നാൽ നികുതിയിളവ് യുഎസ് കമ്പനികളെ ഐടിയിൽ കൂടുതൽ തുക ചെലവിടാൻ പ്രേരിപ്പിച്ചാൽ ഇന്ത്യൻ കമ്പനികൾക്കാവും നേട്ടം. ചൈന വിരുദ്ധനയങ്ങള്‍ ഫാർമ, മെറ്റൽ ഓഹരികള്‍ക്കു ഗുണമാണ്. ഇന്തോ–പസഫിക് മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം പ്രതിരോധ ഓഹരികൾക്കു പ്രയോജനം ചെയ്തേക്കാം. ഓയിൽ, ഗ്യാസ് ഉൽപാദനം യുഎസ് ഉയർത്തുന്നത് എണ്ണവില ഉയരാതെ നിലനിർത്തും. ഇത് ഈ രംഗത്തെ കമ്പനികള്‍ക്കും നേട്ടമാണ്.
നിഫ്റ്റി ഈ മാസം
ജനുവരിയിലെ തിരുത്തലിൽ നിഫ്റ്റി 23,189 എന്ന സപ്പോർട്ട് ലെവലിലെത്തി, 23,000 ലെവലിനു മുകളിൽ കൺസോളിഡേഷൻ തുടരുകയാണ്. റാലികളിൽ നിഫ്റ്റിക്ക് 23,558ലും, 23,987ലും പ്രതിരോധമുണ്ടാകും. തിരുത്തൽ സമയത്ത് 23,036ലും 22,590ലും പിന്തുണയും പ്രതീക്ഷിക്കാം.
ലേഖകൻ AAA Profit Analytics (P) Ltd ന്റെ മാനേജിങ് ഡയറക്ടറാണ്. SEBI Registration Number: INH200009193
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്