താരിഫ് യുദ്ധം: തിരിച്ചടിച്ച് ചൈന, നേട്ടമുണ്ടാക്കാനൊരുങ്ങി ഇന്ത്യൻ വിപണി
.jpg?w=1120&h=583)
Mail This Article
മെക്സിക്കൻ താരിഫുകളിൽ ഒരു മാസത്തേക്ക് ഇളവ് നൽകിയ നടപടി ഇന്നലെ അമേരിക്കൻ വിപണിയുടെ നഷ്ടം കുറയ്ക്കുകയും, ഫ്യൂച്ചറുകളെ ലാഭത്തിലാക്കുകയും ചെയ്തത് ഇന്ന് ഏഷ്യൻ വിപണിക്ക് മികച്ച തുടക്കം നൽകി. എന്നാൽ ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ‘തിരിച്ചു’നികുതി ചുമത്തിയത് അമേരിക്കൻ ഫ്യൂച്ചറുകളെ വീണ്ടും ചുമപ്പണിയിച്ചു.
ചൈന- അമേരിക്ക വ്യാപാര യുദ്ധം കനക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണെന്ന അനുമാനത്തിൽ ഇന്ത്യൻ വിപണി ഇന്ന് അവസാന മണിക്കൂറിൽ വീണ്ടും കുതിച്ച് മികച്ച ക്ളോസിങ് സ്വന്തമാക്കി. ഇന്ന് 23423 പോയിന്റ് വരെ വീണ നിഫ്റ്റി 23762 പോയിന്റ് വരെ മുന്നേറിയ ശേഷം 23700 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. സെൻസെക്സ് 1397 പോയിന്റുകൾ മുന്നേറി 78583ൽ ക്ളോസ് ചെയ്തു.
ബജറ്റ് പിന്തുണയിൽ നേട്ടമുണ്ടാക്കിയ എഫ്എംസിജി സെക്ടറൊഴികെ ഇന്ത്യൻ വിപണിയിലെ എല്ലാ സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കി.
ഡോളർ എങ്ങോട്ട് ?
മെക്സിക്കോയുടെ മേൽ അമേരിക്ക ഏർപ്പെടുത്തിയ താരിഫ് തൽകാലത്തേക്ക് ഒഴിവാക്കിയത് ഡോളർ താഴാൻ കാരണമായത് ഇന്ന് മറ്റ് നാണയങ്ങൾക്കൊപ്പം ഇന്ത്യൻ രൂപക്കും ആശ്വാസം നൽകി. എന്നാൽ ചൈന അമേരിക്കൻ ഇറക്കുമതിക്ക് മേൽ 10% താരിഫ് പരിഗണിച്ച വാർത്ത ഡോളറിന് വീണ്ടും മുന്നേറ്റവും നൽകി. ഡോളറിനെതിരെ രൂപ വീണ്ടും 87 നിരക്കിൽ തന്നെയാണ് തുടരുന്നത്.
ആർബിഐ
ആർബിഐ നയാവലോകനയോഗം നാളെ മുതലാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച ആർബിഐ നയങ്ങളും, നിരക്കുകളും പ്രഖ്യാപിക്കുന്നതിന് മുൻപ് ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ വീണ്ടും മുന്നേറിയേക്കാമെന്നാണ് വിപണിയുടെ അനുമാനം.
ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ മുന്നേറ്റം നേടി. പൊതു മേഖല ബാങ്കിങ് സൂചിക ഇന്ന് 2.4% മുന്നേറിയപ്പോൾ നിഫ്റ്റി ഫിനാൻഷ്യൽ സൂചിക 2.1%വും നേട്ടമുണ്ടാക്കി. ആദായ നികുതിയിലെ ഇളവ് വ്യാപാരത്തോത് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും ബാങ്കിങ്, എൻബിഎഫ്സി ഓഹരികൾക്ക് അനുകൂലമാണ്.
വ്യാപാരയുദ്ധം ഉറപ്പിച്ച് ചൈന
അമേരിക്കയുടെ താരിഫുകൾക്ക് ബദലായി അമേരിക്കയ്ക്ക് മേൽ ചൈനയും പ്രതികാര നികുതികൾ പ്രഖ്യാപിച്ചതോടെ അമേരിക്ക-ചൈന വ്യാപാരയുദ്ധം 2.0 വീണ്ടും ശക്തമാകുമെന്നുറപ്പായി. അമേരിക്കയിൽ നിന്നുമുള്ള ക്രൂഡ് ഓയിലിനും കൽക്കരിക്കും കാർഷിക ഉപകരണങ്ങൾക്കുമാണ് ചൈന ഫെബ്രുവരി 10 മുതൽ നികുതികൾ 10–15% വരെ താരിഫ് ഏർപ്പെടുത്തിയത്.
ഇരുപക്ഷവും കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നാലത് ഇന്ത്യൻ കമ്പനികൾക്ക് അനുകൂലമായേക്കാം. ട്രംപ് താരിഫ് നിഴലിൽ ഇന്ത്യ വരാത്തിടത്തോളം ഇന്ത്യൻ വിപണി സുരക്ഷിതമാണ്.
വ്യാപാര യുദ്ധം നേട്ടം ആർക്കൊക്കെ ?
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ സാധ്യതകൾ പ്രതീക്ഷിച്ച് ഇന്ത്യൻ വിപണിയിലേക്ക് വിദേശ ഫണ്ടുകൾ തിരിച്ചിറങ്ങിയേക്കാവുന്നതും പുതിയ സാധ്യതയാണ്. മെറ്റൽ, മാനുഫാക്ച്ചറിങ്, കെമിക്കൽസ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽ മുതലായ മേഖലകളൊക്കെ പ്രതീക്ഷയിലാണ്.
ക്രൂഡ് ഓയിൽ
ചൈന അമേരിക്കൻ ക്രൂഡ് ഓയിലിന് താരിഫ് ഏർപ്പെടുത്തിയ ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം നഷ്ടത്തിൽ 75 ഡോളറിലാണ് വ്യാപാരം തുടരുന്നത്. എണ്ണയുടെ ആഗോള ആവശ്യകതയിലും വ്യാപാരയുദ്ധം സ്വാധീനം ചെലുത്തും.
സ്വർണം
ഡോളർ ക്രമപ്പെട്ടതും, വ്യാപാരയുദ്ധം വീണ്ടും മുറുകിയതും സ്വർണത്തിനും അനുകൂലമാണ്. ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണ അവധി വില 2857 ഡോളർ വരെ പോയ ശേഷം 2850 രൂപയിൽ താഴെയാണ് തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഗുജറാത്ത് ഗ്യാസ്, കമ്മിൻസ്, സൈഡസ് ലൈഫ്സയൻസ്, പേജ് ഇൻഡസ്ട്രീസ്, സ്വിഗ്ഗി, എച്ച്ജി ഇൻഫ്രാ, സോളാർ ഇൻഡസ്ട്രീസ്, സിംഫണി, വിആർഎൽ ലോജിസ്റ്റിക്സ്, സജിലിറ്റി, വക്രാൻകീ, സുല, പിക്കാഡിലി അഗ്രോ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ കമ്പനികൾക്കാവാശ്യമായ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന പ്ലാറ്റ്ഫോം ആയ അരിസ് ഇൻഫ്രയുടെ ഐപിഓ നാളെ അവസാനിക്കും. ഓഹരിയുടെ ഐപിഓ നിരക്ക് 200-210 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക