വ്യാപാരയുദ്ധ പിന്തുണയിൽ നേട്ടമുറപ്പിച്ച് ഇന്ത്യൻ വിപണി, വിദേശ വാങ്ങലുകാര് തുണയ്ക്കുമോ?

Mail This Article
ചൈനയും അമേരിക്കയും തമ്മിലുള്ള തീരുവയുദ്ധം ഇന്ത്യൻ കമ്പനികൾക്കും കയറ്റുമതിക്കാർക്കും അതിലൂടെ ഇന്ത്യൻ വിപണിക്കും വീണ്ടും നല്ല സമയവും കൊണ്ട് വരുമെന്ന ധാരണ വിപണിക്ക് ഇന്നും പോസിറ്റീവ് തുടക്കം നൽകി. ഇന്നലെ വിദേശഫണ്ടുകൾ വാങ്ങലുകാരായതാണ് വിപണിയുടെ ആത്മവിശ്വാസം ഉയർത്തിയത്.
എങ്കിലും നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് മുന്നേറ്റം തുടരാനാകാതിരുന്നത് അവസാന മണിക്കൂറിലെ ലാഭമെടുക്കലിനു വഴി വച്ചു. നിഫ്റ്റി 23801 പോയിന്റ് വരെ മുന്നേറിയെങ്കിലും ലാഭമെടുക്കലിൽ വീണ് 23696 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്നലെ 1397 പോയിന്റ് നേട്ടം സ്വന്തമാക്കിയ സെൻസെക്സ് ഇന്ന് 312 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിയൽറ്റി, എഫ്എംസിജി സെക്ടറുകൾ യഥാക്രമം 1.9%വും,1.6%വും വീതം വീണതും, നാളെ റിസൾട്ട് പ്രഖ്യാപിക്കാനിരുന്ന എസ്ബിഐയുടെ 1.69% വീഴ്ചയുമാണ് നിഫ്റ്റിക്ക് ക്ഷീണമായത്. റിലയൻസ്, എൽ&ടി, ഐടിസി, ഹിന്ദ് യൂണി ലിവർ, ബജാജ് ഫിൻ ഇരട്ടകൾ എന്നിവയും ഇന്ന് ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു.
വിദേശ ഫണ്ടുകൾ വീണ്ടും
തുടർച്ചയായ ഇരുപത്തിമൂന്ന് സെഷനുകളിൽ വില്പനക്കാരായ വിദേശഫണ്ടുകൾ ഇന്നലെ വീണ്ടും വാങ്ങലുകാരായതാണ് ഇന്നലെ ഇന്ത്യൻ വിപണിക്ക് അവസാന മണിക്കൂറുകളിൽ മുന്നേറ്റം നൽകിയത്. വിദേശഫണ്ടുകൾ വാങ്ങൽ തുടർന്നില്ലെങ്കിലും വില്പന നിർത്തിയാൽ തന്നെ ഇന്ത്യൻ വിപണിക്ക് മുന്നേറാനാകും.
രൂപ തകരുന്നു
അമേരിക്കൻ ഡോളറിന്റെ മികച്ച മുന്നേറ്റം ഇന്നും മറ്റ് രാജ്യാന്തര നാണയങ്ങൾക്കെല്ലാം തിരുത്തൽ നൽകി. ഇന്ത്യൻ രൂപയും വീണ്ടും റെക്കോർഡ് തകർച്ച നേരിട്ട് ഡോളറിനെതിരെ 87.63 വരെ വീണു. ഡോളർ ക്രമപ്പെടുന്നതും, ആർബിഐ യോഗത്തിൽ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള നടപടികൾ ഉണ്ടായേക്കാമെന്ന പ്രതീക്ഷയും നാളെ ഇന്ത്യൻ വിപണിക്കും പിന്തുണ നൽകിയേക്കാം.

ആർബിഐ യോഗം തുടങ്ങി
ഇന്നാരംഭിച്ച ആർബിഐ നയാവലോകനയോഗ തീരുമാനങ്ങൾ വെള്ളിയാഴചയാണ് പുതിയ ആർബിഐ ഗവർണർ പ്രഖ്യാപിക്കുക. ആർബിഐ ഇത്തവണയും റിപ്പോ നിരക്ക് 6.50%ൽ നിന്നും മാറ്റിയേക്കില്ല എന്നാണ് വിപണി പ്രതീക്ഷ. നിലവിൽ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%വും, സിആർആർ 4%വുമാണ്.
ഡൽഹി തെരെഞ്ഞെടുപ്പ്
ഇന്ന് നടക്കുന്ന ഡൽഹി തെരെഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതും, അതിന് മുൻപ് വരുന്ന എക്സിറ്റ് പോൾ ഫലങ്ങളും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചേക്കും. എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് ആറര മുതൽ വന്ന് തുടങ്ങും. ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയുടെ ഭരണം ബിജെപിക്ക് ലഭിച്ചാൽ വിപണിയും മുന്നേറ്റം നേടിയേക്കാം.
റെക്കോർഡ് ഉയരത്തിൽ സ്വർണം
ഇന്നും മുന്നേറ്റം തുടർന്ന രാജ്യാന്തര സ്വർണവില ഔൺസിന് 2898 ഡോളർ എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലാണ് തുടരുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം ശീതയുദ്ധമായി പരിണമിച്ചേക്കാവുന്നതും, ഡോളറിന്റെ അപ്രമാദിത്യം കുറയുന്നതും സ്വർണത്തിന് പ്രാധാന്യം നൽകും.

ക്രൂഡ് ഓയിൽ
ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾക്ക് ശേഷം രാജ്യാന്തര എണ്ണവില പ്രതീക്ഷിച്ചത് പോലെ തന്നെ കുറയുകയാണ്. ഡോളർ മുന്നേറ്റവും, തീരുവ യുദ്ധം കനക്കുന്നതും ക്രൂഡിനെ വീണ്ടും ക്ഷീണിപ്പിച്ചേക്കാം. ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 75 ഡോളറിലെത്തി നിൽക്കുന്നു.
നാളത്തെ റിസൾട്ടുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഹീറോ മോട്ടോഴ്‌സ്, ബിഇഎംഎൽ, ആർഇസി ലിമിറ്റഡ്, എൻഎംഡിസി, കൊച്ചിൻ ഷിപ്യാർഡ്, എൻസിസി, മുത്തൂറ്റ് ഫിനാൻസ്, ശോഭ, ട്രെന്റ് ലിമിറ്റഡ്, പിഐ ഇൻഡസ്ട്രീസ്, കിംസ്, എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ബിക്കാജി, ബാജെൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക