ADVERTISEMENT

ഗോൾഡ്മാൻ സാക്‌സ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവചനം ശരിവച്ചു കൊണ്ട് റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തിയ വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്ക് ശേഷം നഷ്ടത്തിൽ അവസാനിച്ചത്. എങ്കിലും ഇന്ത്യൻ വിപണി ആഴ്ച നേട്ടം നിലനിർത്തി. മുൻആഴ്ചയിൽ 23092 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 23559 പോയിൻറിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 77860 പോയിന്റിലും ക്ളോസ് ചെയ്തു. 

ഫാർമ, മെറ്റൽ, ഓട്ടോ, ബാങ്കിങ്, ഫൈനാൻഷ്യൽ, ഐടി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകൾ തിരുത്തൽ നേരിട്ടു. ഫാർമ സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 3% മുന്നേറിയപ്പോൾ ബജറ്റിനൊപ്പം നേട്ടമുണ്ടാക്കിയ എഫ്എംസിജി സെക്ടർ ലാഭമെടുക്കലിൽ 2.8% തിരുത്തലും നേരിട്ടു.

കഴിഞ്ഞ ആഴ്ചയിൽ യൂണിയൻ ബജറ്റും ആർബിഐ നയപ്രഖ്യാപനങ്ങളും നിയന്ത്രിച്ച ഇന്ത്യൻ വിപണിയെ അടുത്ത ആഴ്ചയിൽ ഡൽഹി തെരഞ്ഞെടുപ്പ് റിസൾട്ടും പണപ്പെരുപ്പക്കണക്കുകളും ട്രംപ്-മോഡി കൂടിക്കാഴ്ചയും സ്വാധീനിക്കും. 

ഡൽഹിയും നേടി ബിജെപി 

പ്രതീക്ഷിച്ചത് പോലെ ബജറ്റിലെ 12 ലക്ഷം രൂപ വരെയുള്ള നികുതിയിളവിന്റെ ‘ഗുണം’ കൂടി ലഭ്യമായതോടെ ബിജെപി ഡൽഹിയിൽ  മികച്ച വിജയം നേടിയത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ആകെ 70സീറ്റിൽ 50നടുത്ത് സീറ്റുകളാണ് ബിജെപി നേടിയത്. 

economy1

രൂപയും ആർബിഐ നയങ്ങളും  

ആർബിഐ റീപോ നിരക്കിളവ് പ്രഖ്യാപിച്ച വെള്ളിയാഴ്ച ഇന്ത്യൻ രൂപ വീണ്ടും വീണ് പുതിയ റെക്കോർഡ് താഴ്ച്ച കുറിച്ചു. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.62 നിരക്കിലാണ് ക്ളോസ് ചെയ്തത്.  

ആഭ്യന്തര-വിദേശ ഫണ്ടുകൾ പ്രവചിച്ചത് പോലെ തന്നെ അഞ്ച് വർഷത്തിന് ശേഷം ആദ്യമായി അടിസ്ഥാന പലിശ നിരക്കിൽ 25 ബേസിസ് പോയിന്റുകൾ ഇളവ് വരുത്തി 6.25%ലെത്തിച്ചു.‘പലിശഭാരം’ കുറച്ച ആർബിഐ ന്യൂട്രൽ പോളിസി തന്നെയാണ് തുടരുക. നാല് ശതമാനം പണപ്പെരുപ്പ ലക്ഷ്യത്തിന് ഊന്നൽ നൽകാതിരുന്ന ആർബിഐ അടുത്ത യോഗങ്ങളിലും റീപോ നിരക്ക് കുറയ്ക്കൽ തുടർന്നേക്കാമെന്നാണ് പൊതു അനുമാനം. 

അടുത്ത സാമ്പത്തിക വർഷത്തെ ജിഡിപി ലക്ഷ്യങ്ങളിൽ ആർബിഐ കുറവ് വരുത്തിയത് വിപണിക്കും നിരാശയായി. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 6.70% വളർച്ച നേടുമെന്നാണ് ആർബിഐയുടെ അനുമാനം. ആദ്യപാദത്തിൽ 6.9% വളർച്ച നേടുമെന്ന് പ്രവചിച്ചത് 6.7% ആയും, രണ്ടാം പാദത്തിലെ 7.3 % ലക്‌ഷ്യം 7% ആയും നിജപ്പെടുത്തി.      

market1

ഇനി റിസൾട്ടുകൾ നയിക്കും 

ട്രംപിന്റെ വ്യാപാരയുദ്ധവും, ബജറ്റ് മാറ്റങ്ങളും ഉൾക്കൊണ്ട് കഴിഞ്ഞ ഇന്ത്യൻ വിപണിയും കമ്പനികളും ഇനി മൂന്നാം പാദ റിസൾട്ടുകളുടെ കൂടി സ്വാധീനത്തിലാകും സഞ്ചരിക്കുക. 

ഇത് വരെ റിസൾട്ടുകൾ പ്രഖ്യാപിച്ച നിഫ്റ്റി സൂചികയിൽ ഉൾപ്പെട്ട 40 കമ്പനികളിൽ പാതിയുടെയും ലാഭ-വരുമാനക്കണക്കുകൾ വിപണി ലക്ഷ്യത്തിനൊപ്പമെത്തിയില്ല എന്നതും ആശങ്കാജനകമാണ്. കമ്പനികളിൽ ഭൂരിപക്ഷത്തിന്റെയും അടുത്ത സാമ്പത്തിക വർഷത്തെ ഇപിഎസ് ലക്ഷ്യത്തിൽ വിദേശ ഫണ്ടുകളും കുറവ് വരുത്തിക്കഴിഞ്ഞു എന്നതും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.  

മോഡി-ട്രംപ് കൂടിക്കാഴ്ച 

അടുത്ത ആഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ട്രംപിനെ സന്ദർശിക്കുന്നത് ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ഇന്ത്യയുടെ ഉയർന്ന താരിഫുകളെക്കുറിച്ച് ട്രംപ് മോദിയോട് പരാതിപ്പെടാനുള്ള സാധ്യതയും, ഇന്ത്യ അമേരിക്കയിൽ നിന്നും കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാൻ ധാരണയാകുമെന്നതും ഏതാണ്ട് ഉറപ്പാണ്. 

കാറുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയെടുക്കാൻ ഇലോൺ മസ്‌ക്കും ഈ അവസരം മുതലാക്കിയേക്കും. ചൈനയെ ഒതുക്കാനായി ഇന്ത്യയെ കൂടുതൽ ഉപയോഗിക്കാമെന്നത് ഇന്ത്യൻ പ്രത്യാശ മാത്രമാണ്. ഫെബ്രുവരി 12, 13 തീയതികളിലാണ് പിഎം മോഡി അമേരിക്ക സന്ദർശിക്കുന്നത്. 

‘തീരുവയങ്കം’ അയയുകയാണോ?

market-3-

അമേരിക്കയുടെ അധികചുങ്കത്തിന് മറുപടിയായി ചൈന അമേരിക്കൻ എണ്ണയുടെയും കാർഷിക ഉപകരണങ്ങളുടെയും കാറുകളുടെയും മേൽ ഏർപ്പെടുത്തിയ അധിക തീരുവകൾ ഫെബ്രുവരി പത്ത് മുതൽ നിലവിൽ വരും. കൂടാതെ ഗൂഗിൾ, ഇന്റൽ, എൻവിഡിയ മുതലായ അമേരിക്കൻ ഭീമന്മാർക്ക് പിന്നാലെ ചൈന ‘’ആന്റി-ട്രസ്റ്റ് നിയമലംഘന അന്വേഷണങ്ങളുമായി പോകുന്നതും അമേരിക്കയ്ക്ക് കെണിയാണ്.

ഇതിനിടയിൽ ചൈനയുടെ ഷെയിൻ, ടെമു മുതലായ ഓൺലൈൻ സൈറ്റുകളിൽ നിന്നും വാങ്ങുന്ന ഉത്പന്നങ്ങൾക്ക് അമേരിക്കൻ ഉപഭോക്‌താക്കൾ 10% അധിക തീരുവ നൽകേണ്ടതില്ല എന്ന ഓർഡറിൻമേൽ ട്രംപ് ഒപ്പു വച്ചത് തീരുവ യുദ്ധത്തിൽ അമേരിക്ക അയവ് വരുത്തുന്നു എന്ന ധാരണക്കും കാരണമാണ്. എന്നാൽ അടുത്ത ആഴ്ചയിൽ കൂടുതൽ രാജ്യങ്ങളുടെ മേൽ പ്രസിഡന്റ് ട്രംപ് അധിക താരിഫുകൾ പ്രഖ്യാപിക്കുമെന്ന് സൂചനയും ശക്തമാണ്. 

പവൽ ടെസ്റ്റിമണി 

അമേരിക്കൻ ഫെഡ് ചെയർമാൻ ഈയാഴ്ചയിൽ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സാമ്പത്തികകാര്യ സമിതിക്ക് മുന്നിൽ ഹാജരാകുന്നത് അമേരിക്കൻ വിപണിയ്ക്കൊപ്പം ലോകവിപണിക്കും പ്രധാനമാണ്. ടെസ്റ്റിമണിയുടെ ആദ്യദിനത്തിൽ ഫെഡ് റിസർവിന്റെ നടപടികളെക്കുറിച്ചും, അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ അവയുടെ സ്വാധീനത്തെക്കുറിച്ചും ഫെഡ് ചെയർമാൻ വിശദീകരിക്കും. എന്നാൽ അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് ജോയിന്റ് കമ്മറ്റിയുടെ ചോദ്യശരങ്ങൾക്ക് ജെറോം പവൽ ഉത്തരം നൽകേണ്ടി വരുമെന്നത് ടെസ്റ്റിമണിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. 

ലോക വിപണിയിൽ അടുത്ത ആഴ്ച 

market-Copy

∙ബുധനാഴ്ച അമേരിക്കയുടെ സിപിഐ ഡേറ്റയും വ്യാഴാഴ്ച പിപിഐ ഡേറ്റയും വരുന്നു. ചൊവ്വാഴ്ച മുതൽ തന്നെ ഫെഡ് ചെയർമാന്റെ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിക്ക് മുന്നിൽ ടെസ്റ്റിമണിയും ആരംഭിക്കുന്നു. വ്യാഴാഴ്ചയാണ് ജോബ് ഡേറ്റയും വരുന്നത്. 

∙ചൈനയുടെ ജനുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് വരും. 

∙ജർമൻ സിപിഐ ഡേറ്റ വ്യാഴാഴ്ച വരും. ബ്രിട്ടീഷ്, യൂറോ സോൺ ജിഡിപി ഡേറ്റകളും വ്യാഴാഴ്ച വരും. 

∙ഇന്ത്യയുടെ ജനുവരിയിലെ പണപ്പെരുപ്പക്കണക്കുകളും, ഡിസംബറിലെ വ്യവസായികോല്പാദനക്കണക്കുകളും ബുധനാഴ്ചയാണ് വരുന്നത്. വെള്ളിയാഴ്ച ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും വരുന്നു. 

ഓഹരികളും സെക്ടറുകളും 

∙തിങ്കളാഴ്ച ആരംഭിക്കുന്ന എയ്റോ ഇന്ത്യ 2025 എയർ എക്സ്പോ ഇന്ത്യൻ വൈമാനിക, പ്രതിരോധ ഓഹരികൾക്ക് പ്രതീക്ഷയാണ്. ഇന്ത്യൻ കമ്പനികൾ കൂടുതൽ വിദേശ ഓർഡറുകളും എയ്‌റോ എക്സ്പോയിൽ ലക്ഷ്യമിടുന്നു.

∙ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, മാസഗോൺ ഡോക്സ്, ഭാരത് ഇലക്ട്രോണിക്സ്, യൂണിമെക്ക് എയ്‌റോസ്പേസ്, അപ്പോളോ മൈക്രോ, പരസ് മുതലായ ഓഹരികളും ശ്രദ്ധിക്കുക. 

∙യൂണിയൻ ബജറ്റ് നികുതിയിളവുകളുടെ പിൻബലത്തിൽ മുന്നേറാനൊരുങ്ങുന്ന റിയൽറ്റി മേഖലക്ക് ആർബിഐയുടെ പലിശയിളവ് ഇരട്ടി മധുരമാണ്. റിയൽറ്റി മേഖല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ബജറ്റ് ചെലവിടൽ ശേഷി വർധിപ്പിച്ചതും, ആർബിഐ പലിശ ഭാരം കുറച്ചതും ഫൈനാൻസിങ് കമ്പനികളുടെ വ്യാപാരത്തോത് വർദ്ധിക്കുമെന്നത് എൻബിഎഫ്സി ഓഹരികൾക്കും മുന്നേറ്റം നൽകി. 

rbi

∙ബജറ്റിലെ നികുതിയിളവും, ആർബിഐയുടെ റീപോ നിരക്ക് കുറക്കലും ഓട്ടോ മേഖലക്കും അനുകൂലമാണ്. നികുതിയിളവിലൂടെ ലഭിക്കുന്ന പണം ചെറുകാറുകളിലേക്കും ബൈക്കുകളിലേക്കും എത്തുകയും ഇഎംഐ നിരക്ക് കുറയുകയും ചെയ്യൂന്നത് ആകർഷണമാണ്. 

∙മോഡി-ട്രംപ് കൂടിക്കാഴ്ചക്കിടയിൽ ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് വേണ്ടി ഇലക്ട്രിക് കാറുകളുടെ തീരുവ കുറച്ചേക്കാനുള്ള സാധ്യത ഇന്ത്യൻ ഇവി മേഖലക്ക് ഭീഷണിയായേക്കാം. 

∙എം&എം മുൻവർഷത്തിൽ നിന്നും 20% അറ്റാദായവളർച്ചയും, 18% വരുമാനവളർച്ചയും കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ വർഷത്തിൽ നിന്നും 83% അറ്റാദായ വളർച്ച കുറിച്ചെങ്കിലും മുൻ പാദത്തിലെ അറ്റാദായത്തിനൊപ്പം എത്താതെ പോയത് ഓഹരിക്ക് മുന്നേറ്റം നിഷേധിച്ചു. പലിശ വരുമാനത്തില്‍ ബാങ്ക് മുൻ വർഷത്തിൽ നിന്നും വളർച്ച കുറിച്ചു. 

∙ടാറ്റയുടെ ഫാഷൻ കമ്പനിയായ ട്രെന്റ് ലിമിറ്റഡ് മുൻവർഷത്തിൽ നിന്നും 34%വും, മുൻപാദത്തിൽ നിന്നും 48%വും വളർച്ച നേടി 497 കോടി രൂപയുടെ അറ്റാദായമാണ് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ സ്വന്തമാക്കിയത്. മോർഗൻ സ്റ്റാൻലി ട്രെന്റിന് 8032/ - രൂപയാണ് ലക്‌ഷ്യം കാണുന്നത്. 

∙ഭെൽ മഹാരാഷ്ട്രയിൽ നിന്നും 8000 കോടി രൂപയുടെ തെർമൽ പവർ പദ്ധതിയുടെ കരാർ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. 

∙ക്രമമായ വരുമാനവളർച്ച നേടി വരുന്ന സജിലിറ്റി അറ്റാദായം മുൻവർഷത്തിൽ നിന്നും മൂന്നിരട്ടി വർദ്ധിപ്പിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

നാഷണൽ അലുമിനിയം, നാഷണൽ ഫെർട്ടിലൈസർ, ജിഎസ്എഫ്സിഎം ഗ്രാസിം, അപ്പോളോ ഹോസ്പിറ്റൽ, ബാറ്റ, ഐഷർ മോട്ടോഴ്‌സ്, എസ്കോര്ട്സ്, ക്രിസിൽ, ഇക്ര, ബട്ടർഫ്‌ളൈ, വിബിഎൽ, എച്ച്ബിഎൽ, പിഎൻസി ഇൻഫ്രാ, എംടാർ ടെക്ക്, യാത്ര ഓൺലൈൻ മുതലായവ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ആർവിഎൻഎൽ, ആർസിഎഫ്, ജിഎൻഎഫ്സി, ഐആർഎഫ്സി, ഇർകോൺ, എൻബിസിസി, ഐടിഐ, ഹിൻഡാൽകോ, അശോക് ലൈലാൻഡ്, ലുപിൻ, ക്രോമ്പ്ടൺ ഗ്രീവ്സ്, ദീപക് നൈട്രൈറ്റ്, വൊഡാഫോൺ, സെല്ലോ, യൂബിഎൽ, ആന്റണി വേസ്റ്റ് ഹാൻഡ്‌ലിങ് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നതോടെ മൂന്നാം പാദ ഫലപ്രഖ്യാപനങ്ങളും അവസാനിക്കും. 

ഐപിഓ 

കോൺക്രീറ്റ് മിക്സർ ഉപകരണ നിർമാതാക്കളായ അജാക്സ് എഞ്ചിനിയറിങിന്റെ ഐപിഓ തിങ്കളാഴ്ച ആരംഭിച്ച് ബുധാനാഴ്‌ച്ച അവസാനിക്കും. ഓഹരിയുടെ ഐപിഓ വില 599-629 രൂപയാണ്. 

ഹെക്സാവെയർ ടെക്‌നോളജീസിന്റെ ഐപിഓ ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കും. ഓഹരിയുടെ ഐപിഓ വില 674-708 രൂപയാണ്. 

സ്വർണം 

അമേരിക്കയുടെ താരിഫ് ഭീഷണിയുടെ കൂടി പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ സ്വർണം റെക്കോർഡ് ഉയരം നേടിയിരുന്നു. കൂടുതൽ രാജ്യങ്ങൾ അമേരിക്കയുടെ പ്രതികാര തീരുവയ്ക്ക് ഇരയായാൽ സ്വർണം വീണ്ടും മുന്നേറിയേക്കാം. അടുത്ത ആഴ്ചയിലെ ഫെഡ് ചെയർമാന്റെ പ്രാഖ്യാപനങ്ങളും ഡോളറിനും സ്വർണത്തിനും നിർണായകമാണ്. 

marketmapmarch

ക്രൂഡ് ഓയിൽ  

കഴിഞ്ഞ ആഴ്ചയിലും ക്രൂഡ് ഓയിൽ രണ്ട് ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചതോടെ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും ക്രൂഡ് ഓയിൽ വീണു. ട്രംപിന്റെ ‘ഡ്രില്ലിങ്’ നയമാണ് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകുന്നത്. 

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Modi-Trump meeting, US-China trade war & next week's key economic indicators to impact Indian market** - This focuses on the geopolitical and macroeconomic factors impacting the Indian market, attracting users interested in global economic news and its influence on India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com