ട്രംപിന്റെ പുതിയ താരിഫ് എന്താകുമെന്ന് ആഗോള ആശങ്ക, ഭയപ്പാടിൽ വിപണി

Mail This Article
ആർബിഐ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞ ഇന്ത്യൻ വിപണിക്ക് ഡൽഹി തെരെഞ്ഞെടുപ്പ് ഫലത്തിന്റെ ആനുകൂല്യം ഇന്ന് മുതലാക്കാനായില്ല. താരിഫ് യുദ്ധം കനക്കുന്നതും, റീപോ നിരക്ക് കുറച്ചതും രൂപ വീണ്ടും വീഴുന്നതും, അമേരിക്കയുടെ പുതിയ താരിഫ് പ്രഖ്യാപനങ്ങൾ ഇന്ന് നടക്കാനിരിക്കുന്നതും ഇന്ത്യൻ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.
ചൈനയുടെ അമേരിക്കൻ അധിക തീരുവകൾ നിലവിൽ വന്ന ഇന്ന് ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികള്‍ നഷ്ടം കുറിച്ചു. സമ്പൂർണനഷ്ടം കുറിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ വാങ്ങലിന്റെ പിൻബലത്തിൽ നഷ്ടവ്യാപ്തി കുറച്ചു. നിഫ്റ്റി 0.76% നഷ്ടത്തിൽ 23400ൽ താഴെ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 548 പോയിന്റ് നഷ്ടത്തിൽ 77311 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയിൽ ഉൾപ്പെട്ട ട്രെന്റ്, ടാറ്റ സ്റ്റീൽ, ടൈറ്റാൻ, ടാറ്റ മോട്ടോഴ്‌സ് മുതലായ ഓഹരികൽ വലിയ നഷ്ടം കുറിച്ചപ്പോൾ ടിസിഎസ് നഷ്ടം ഒഴിവാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഓഎൻജിസി മുതലായ ഹെവി വെയ്റ്റ് ഓഹരികളും നഷ്ടം കുറിച്ചു.

ഡോളറിന് 88 രൂപ
ഡോളറിന്റെ മുന്നേറ്റത്തിൽ വീണ്ടും തകർന്ന് ഇന്ത്യൻ രൂപ ഇന്ന് 88.024 രൂപ വരെ വീണ ശേഷം 87.50 നിരക്കിലേക്ക് സ്ഥിതി മെച്ചപ്പെടുത്തി. രൂപയുടെ വീഴ്ച ആദ്യ മണിക്കൂറിൽ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്ക് തിരുത്തൽ നൽകിയത് ഇന്ത്യൻ വിപണിക്കും സമ്മർദ്ദം നൽകി.
ട്രംപിന്റെ സ്റ്റീൽ, അലുമിനിയം താരിഫുകൾ ഇന്ന്
അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് മേൽ 25% അധിക തീരുവ ഇന്ന് പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ ഇന്നലത്തെ പ്രഖ്യാപനം ഇന്ന് ഏഷ്യൻ വിപണികൾക്കാകെ ക്ഷീണമായി. കാനഡ, ബ്രസീൽ, മെക്സിക്കോ, സൗത്ത് കൊറിയ, വിയറ്റ്നാം മുതലായ രാജ്യങ്ങളാണ് അമേരിക്കയിലേക്കുള്ള സ്റ്റീൽ കയറ്റുമതിയിൽ മുമ്പന്മാർ.
വ്യാപാരപങ്കാളിത്ത രാജ്യങ്ങളുമായി നികുതി സന്തുലനങ്ങള്‍ പ്രഖ്യാപിക്കുമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു നിർണായകമാണ്. രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവക്ക് ആനുപാതികമായി അമേരിക്ക തിരിച്ചും തീരുവ ചുമത്തും.
സിപിഐ, ഫെഡ് ടെസ്റ്റിമണി
വെള്ളിയാഴ്ച അമേരിക്കൻ വിപണി വില്പന സമ്മർദത്തിൽ വീണത് ഇന്ന് മറ്റ് വിപണികൾക്ക് സമ്മർദ്ദം നൽകിയെങ്കിലും അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് തുടരുന്നത്.
ഈയാഴ്ചയിൽ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും ഫെഡ് ചെയർമാന്റെ ടെസ്റ്റിമണിയും നടക്കുന്നത് ഡോളറിനും, ഓഹരി വിപണിക്കും ഒരു പോലെ ചാഞ്ചാട്ടം നൽകും. അമേരിക്കൻ ഫെഡ് ചെയർമാൻ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സാമ്പത്തികകാര്യ സമിതിക്ക് മുന്നിൽ നാളെ മുതൽ ഹാജാരാകുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിക്കും പ്രധാനമാണ്.

സ്വർണം പറന്നു
അമേരിക്കയുടെ തീരുവ യുദ്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യം മുതലാക്കി സ്വർണം വീണ്ടും മുന്നേറി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2929 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
ഇറാന്റെ എണ്ണയുടെ മേൽ അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിനും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് 75.53 ഡോളറിലാണ് വ്യാപാരം തുടരുന്നത്. നാച്ചുറൽ ഗ്യാസ് 3% കൂടുതലും ഇന്ന് മുന്നേറി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
സ്റ്റീൽ, അലുമിനിയം ട്രംപ്- തീരുവകൾ വരാനിരിക്കെ ബേസ് മെറ്റലുകളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
സെയിൽ, എൻബിസിസി, ഐആർസിടിസി, ഇർകോൺ, ലുപിൻ, ടാറ്റ ഇൻവെസ്റ്റ്മെന്റ്, വൊഡാഫോൺ ഐഡിയ, സ്നീഡർ ഇലക്ട്രിക്, ജെൻസോൾ, സെല്ലോ, ബിർള സോഫ്റ്റ്, സീക്വന്റ്, ക്യാമ്പസ് ആക്ടിവെയർ മുതലായ ഓഹരികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും.
എയ്‌റോ ഇന്ത്യ
ഏഷ്യയിലെ ഏറ്റവും വലിയ എയർ എക്സ്പോയായ എയ്റോ ഇന്ത്യ 2025 ന്ന ബാംഗ്ലൂരിൽ പ്രതിരോധ മന്ത്രി ഉൽഘാടനം ചെയ്തു. എയ്‌റോ എക്സ്പോയിൽ വിദേശ ഓർഡറുകളും ലക്ഷ്യമിടുന്ന ഇൻഡ്യൻ വൈമാനിക, പ്രതിരോധ ഓഹരികൾക്ക് പ്രതീക്ഷയിലാണ്. എച്ച്എഎൽ, മസഗോൺ ഡോക്ക്സ് എന്നിവ ശ്രദ്ധിക്കുക.
താരിഫ് ഭയത്തിൽ മെറ്റൽ
മെറ്റൽ ഇറക്കുമതിക്കുമേൽ അമേരിക്ക പുതിയ താരിഫുകൾ പ്രഖ്യാപതിച്ചക്കുമെന്ന ഭയം ഇന്ന് ഇന്ത്യൻ മെറ്റൽ ഓഹരികളെയും ബാധിച്ചു. അമേരിക്കയുടെ താരിഫുകൾ ഇന്ത്യൻ കമ്പനികൾക്ക് കെണിയാകുമെന്നതിനേക്കാൾ കൂടുതൽ കുറഞ്ഞ നിരക്കിൽ ഇൻഡ്യയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ലോഹ ഉത്പന്നങ്ങൾ എത്തുമെന്നതും ഇന്ത്യൻ കമ്പനികൾക്കും, വിപണിക്കും ക്ഷീണമാണ്.
ഇന്ത്യൻ മെറ്റൽ, ഫാർമ, ഐടി, ഇലക്ട്രോണിക്സ് ഓഹരികളെല്ലാം ഇന്ന് വില്പന സമ്മർദ്ദം നേരിട്ടു.
പണപ്പെരുപ്പം ബുധനാഴ്ച
ഇന്ത്യയുടെ ജനുവരിയിലെ പണപ്പെരുപ്പക്കണക്കുകളും, ഡിസംബറിലെ വ്യവസായികോല്പാദനക്കണക്കുകളും ബുധനാഴ്ച വരാനിരിക്കുന്നതും ഇനിം വിപണിക്ക് നിർണായകമാണ്. വെള്ളിയാഴ്ച ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും വരുന്നു