എന്തുകൊണ്ട് ട്രംപ് ഓഹരി വിപണിക്ക് വില്ലനായി? രൂപ തിരിച്ചുകയറുന്നതിന്റെ കാരണമെന്ത്?

Mail This Article
കൊച്ചി∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി ഇടിവു നേരിട്ടുകൊണ്ടിരുന്ന രൂപയുടെ മൂല്യത്തിൽ അതിശയകരമായ കുതിപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസാധാരണ അളവിലുള്ള ഇടപെടലിന്റെ ഫലമായി രൂപയുടെ വില 86.82 നിലവാരത്തിലെത്തി. രൂപയുടെ വിലയിൽ ഇത്ര വലിയ കുതിപ്പ് 2022 നവംബറിനു ശേഷം ആദ്യമാണ്. അതിനിടെ, റെക്കോർഡിൽനിന്നു റെക്കോർഡിലേക്കു സ്വർണ വിലയിലെ കുതിപ്പു തുടർന്നപ്പോൾ ഓഹരി വിപണിയിൽ പതിവുതെറ്റാതെ വിലത്തകർച്ച.
ആർബിഐ വിറ്റഴിച്ചത് 500 കോടി ഡോളർ
രൂപയുടെ വിലയിടിവിനു കടിഞ്ഞാണിടാൻ ആർബിഐ ഭീമമായ തോതിലാണു ഡോളർ വിറ്റഴിച്ചതെന്നു കറൻസി വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കുറഞ്ഞത് 500 കോടി ഡോളറെങ്കിലും വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് അവരുടെ അഭിപ്രായം. കേന്ദ്ര ബാങ്കിനാകട്ടെ ഡോളർ വിൽപനയുടെ കണക്കുകൾ പരസ്യപ്പെടുത്തുന്ന പതിവില്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
രൂപയുടെ വിലയിടിവു പിടിച്ചു നിർത്താൻ മിതമായ ഇടപെടൽ മാത്രം നടത്തുന്നതായിരുന്നു ആർബിഐ ഗവർണറായിരുന്ന ശക്‌തികാന്ത ദാസിന്റെ നയം. പുതിയ ഗവർണർ സഞ്‌ജയ് മൽഹോത്രയുടെ നിലപാട് അതിൽനിന്നുള്ള വലിയ വ്യതിചലനമാണ്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 87.95 വരെയെത്തിയപ്പോൾ 88 കടക്കാതിരിക്കാൻ ആർബിഐ ശക്‌തമായി ഇടപെട്ടിരുന്നു. 63,000 കോടി ഡോളർ വിദേശനാണ്യ ശേഖരമുള്ളതാണ് ആർബിഐക്കു കനത്ത ഇടപെടലിനു ധൈര്യമേകുന്നത്. 10 മാസത്തെ ആവശ്യത്തിന് ഇത്രയും വിദേശനാണ്യം മതിയാകും.
കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ ഡോളറൊന്നിന് 87.48 രൂപയായിരുന്നു വില. ഇന്നലെ 86.61 നിലവാരത്തിലേക്കെത്താൻ രൂപയ്ക്കു കഴിഞ്ഞെങ്കിലും വ്യാപാരാവസാനത്തോടെ വില 86.82ൽ എത്തുകയായിരുന്നു. മറ്റു രാജ്യങ്ങളുടെ കറൻസിയിൽ ഇന്നലെയും വിലയിടിവാണ് അനുഭവപ്പെട്ടത്. 0.1% മുതൽ 0.7% വരെയായിരുന്നു വിവിധ കറൻസികളിലെ നഷ്‌ടം.
സ്വർണവില പവന് 64,080 രൂപ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധം മൂർച്‌ഛിച്ചതോടെ അസ്വസ്‌ഥത വ്യാപകമായതു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള പ്രസക്‌തി വർധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അവധി വില ട്രോയ് ഔൺസിന് (31.1035 ഗ്രാം) റെക്കോർഡ് നിലവാരമായ 2944.10 ഡോളറിലേക്ക് ഉയർന്നു.
സ്‌പോട് വിപണിയിൽ 2917.80ഡോളറിലായിരുന്നു വ്യാപാരം. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) ഏപ്രിൽ അവധിക്കരാർ 10 ഗ്രാമിന് 86,350 രൂപ നിരക്കിലായിരുന്നു. സംസ്ഥാനത്ത് സ്വർണ വില പവന് (8 ഗ്രാം) 640 രൂപ വർധനയോടെ 64,480 രൂപയിലെത്തിയെങ്കിലും പിന്നീട് 64,080 നിലവാരത്തിലേക്കു താഴ്ന്നു. രൂപയുടെ മൂല്യത്തിലുണ്ടായ കുതിപ്പാണു സ്വർണ വില താഴാൻ ഇടയാക്കിയത്. ഡൽഹിയിൽ 62,208 രൂപയിലായിരുന്നു വ്യാപാരം. മുംബൈ: 60,928. ചെന്നൈ: 60,744. ഹൈദരാബാദ്: 60,720.
ഓഹരി വിപണിയിൽ കൂട്ടക്കുരുതി
ഓഹരി വിപണിയിൽ സെൻസെക്‌സ് 1018.20 പോയിന്റും നിഫ്‌റ്റി 309.80 പോയിന്റുമാണ് ഇടിഞ്ഞത്. സെൻസെക്‌സ് 76,293.60 പോയിന്റിൽ അവസാനിച്ചപ്പോൾ നിഫ്‌റ്റി ക്ലോസ് ചെയ്‌തത് 23,071.80 പോയിന്റിൽ. അഞ്ചാം ദിവസവും തുടർന്ന ഇടിവിൽ നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിൽ 9.3 ലക്ഷം കോടി രൂപയുടേതാണു നഷ്‌ടം.
മൊത്തം ഓഹരികളുടെ വിപണി മൂല്യം 408.52 ലക്ഷം കോടി രൂപയിലേക്കു താഴ്ന്നു. സെൻസെക്സിലെ നഷ്ടം ഇടയ്ക്ക് 1200 പോയിന്റിനു മുകളിലായിരുന്നു. സെൻസെക്സിൽ ഭാരതി എയർടെല്ലിന്റേതൊഴികെ 29 ഓഹരികളും നഷ്ടമാണു രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിലയിടിവു മാത്രം സെൻസെക്സിൽ 235 പോയിന്റിന്റെ നഷ്ടത്തിന് ഇടയാക്കി.