തീരാതെ താരിഫ് ഭീഷണി, ആശ്വാസ മുന്നേറ്റം നടത്തിയെങ്കിലും നഷ്ടത്തിലവസാനിച്ച് വിപണി

Mail This Article
ഇന്നലത്തെ മുന്നേറ്റ ആവേശത്തിന്റെ ബാക്കിപത്രമെന്നോണം മുന്നേറിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് പ്രധാനമന്ത്രി മോഡി അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് ട്രംപ് ‘താരിഫ്’ ബില്ലിൽ ഒപ്പിട്ടേക്കാമെന്നത് വിപണിയുടെ ആവേശം കെടുത്തി.
ഇന്ന് 23235 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി നേട്ടങ്ങൾ നഷ്ടമാക്കി 13 പോയിന്റ് നഷ്ടത്തിൽ 23031 പോയിന്റിലാണ് അവസാനിച്ചത്. സെൻസെക്സ് 32 പോയിന്റുകൾ നഷ്ടത്തിൽ 76138 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്ന് 49836 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 49359 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ബാങ്കിങ് സെക്ടർ നേട്ടം നഷ്ടമാക്കിയതിനൊപ്പം ഐടി സെക്ടർ 1% വീണതും ഇന്ത്യൻ വിപണിയുടെ വീഴ്ചയിൽ നിർണായകമായി. ബജാജ് ഫിൻ ഇരട്ടകൾ ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ അദാനി എന്റർപ്രൈസസും എച്ച്ഡിഎഫ്സി ബാങ്കും ഇൻഫോസിസും എൽ &ടിയും വീണത് വിപണിക്ക് ക്ഷീണമായി.

ആദായ നികുതി ബിൽ-2025
നിലവിലെ 1961ലെ ഇൻകം ടാക്സ് ആക്ടിന് പകരമായി ഇൻകം ടാക്സ് ആക്ട്-2025 കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ ഒന്ന് മുതലാകും പുതിയ ഐ-ടി ബിൽ നിലവിൽ വരിക.
ഡിജിറ്റൽ യുഗത്തിൽ പൗരസമൂഹത്തിന് അനായേസേന മനസിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാവുന്ന തരത്തിലേക്ക് ആദായ നികുതി നിയമങ്ങളെ പുതിയ ഐടി ആക്ടിൽ ക്രോഡീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അവതരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. പുതിയ ഐ-ടി ബിൽ പ്രകാരം ഇൻകം ടാക്സ് സെക്ഷനുകളുടെ എണ്ണം 536ലേക്ക് കുറഞ്ഞു. സുപരിചിതമായ സെക്ഷൻ 80-സിലെ ആനുകൂല്യങ്ങൾ ഇനി ക്ളോസ് 123 യിലാണ് വരിക. .
ക്രിപ്റ്റോ കറൻസിയിലേക്കുള്ള നിക്ഷേപങ്ങളെ നിരീക്ഷണവിധേയമാക്കാനുള്ള നടപടികളും പുതിയ ഐ-ടി ആക്ടിൽ കൊണ്ട് വന്നിട്ടുണ്ട്.
ബില്ലിന്റെ ഉള്ളടക്കത്തെ കുറിച്ച് റിപ്പോർട്ട് നൽകുന്നതിനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ആ കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത പാർലമെന്റ് സെഷന്റെ ആദ്യ ദിനത്തിൽ തന്നെ സഭയിൽ സമർപ്പിക്കുകയും ചെയ്യും.

ട്രംപ്-മോഡി
അമേരിക്കൻ ഉത്പന്നങ്ങൾക്ക് മറ്റ് രാജ്യങ്ങൾ ചുമത്തുന്ന തീരുവയ്ക്ക് അതെ നിരക്കിൽ തന്നെ തിരിച്ചും (അതാത് രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് മേൽ) തീരുവ ചുമത്തുകയെന്നതാണ് ട്രംപിന്റെ പ്രഖ്യാപിത നയം. ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻപ് തന്നെ പ്രസിഡന്റ് ട്രംപ് ‘’റെസിപ്രോക്കൽ’’ താരിഫ് ബില്ലിൽ ഒപ്പിട്ടേക്കാം.
നിലവിലെ ഇറക്കുമതി നിരക്കുകൾ വച്ച് ഇന്ത്യയായിരിക്കും അമേരിക്കയുടെ ഇറക്കുമതി തീരുവകളുടെ പ്രധാന ഇര. അമേരിക്കയുമായി ഫ്രീ-ട്രേഡ് കരാറുകൾ ഒപ്പിട്ട രാജ്യങ്ങളായ കാനഡക്കും, മെക്സിക്കോക്കും അമേരിക്ക നേരത്തെ തന്നെ അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയും അമേരിക്കയുമായി സ്വതന്ത്ര-വ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള സാധ്യത ഇതുവരെ വിദൂരമാണെങ്കിലും മാറിയ സാഹചര്യത്തിൽ പരിഗണിക്കപ്പെട്ടേക്കാം.
അമേരിക്കൻ സിപിഐ വളർച്ച
അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം സൂചിപ്പിക്കുന്ന സിപിഐ ഡേറ്റ ജനുവരിയിൽ അനുമാനത്തിനും മുകളിൽ 3% വളർച്ച കുറിച്ചത് ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേൽപ്പിച്ചു. ഡോളർ വീണ്ടും മുന്നേറുകയും നാസ്ഡാക്ക് നഷ്ടം കുറിക്കുകയും ചെയ്തു. അമേരിക്കൻ സിപിഐ ഡേറ്റ 2.9% വളർച്ച കുറിക്കുമെന്നായിരുന്നു വിപണി അനുമാനം.
ഇന്ന് വരുന്ന അമേരിക്കയുടെ ഫാക്ടറി ഗേറ്റ് പണപ്പെരുപ്പം വെളിവാക്കുന്ന പിപിഐ ഡേറ്റയും, ജോബ്‌ലെസ് ക്ലെയിമിനായി അപേക്ഷിച്ച അമേരിക്കക്കാരുടെ കണക്കും വരുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളെ വിപണിയിൽ
നാളെയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകൾ പുറത്ത് വരുന്നത്. ജനുവരിയിൽ ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം കുറഞ്ഞു നിന്നെങ്കിലും ഇത്തവണ മൊത്തവിലക്കയറ്റം ഡിസംബറിലെ 2.37%ൽ നിന്നും ജനുവരിയിൽ 2.50% ലേക്ക് മുന്നേറിയിട്ടുണ്ടാകാമെന്നാണ് അനുമാനം. ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതിക്കണക്കുകളും നാളെയാണ് വരുന്നത്.
അമേരിക്കയുടെ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും, കയറ്റുമതി ഇറക്കുമതിക്കണക്കുകളും നാളെ വരുന്നു. യൂറോ സോൺ ജിഡിപി ഡേറ്റ നാളെ വരുന്നത് യൂറോപ്യൻ വിപണിക്കും പ്രധാനമാണ്.
സ്വർണം
സിപിഐ ഡേറ്റ മുന്നേറ്റത്തിലും, ഫെഡ് ചെയർമാന്റെ പ്രസ്താവനയിലും ഡോളർ മുന്നേറിയപ്പോൾ നഷ്ടം കുറിച്ച സ്വർണം ഇന്ന് വീണ്ടും മുന്നേറ്റം തുടരുകയാണ്. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾ തന്നെയാണ് സ്വർണത്തിന് പിന്തുണ ഉറപ്പിക്കുന്നത്. സ്വർണം ഔൺസിന് 2945 ഡോളറിലാണ് തുടരുന്നത്. വലിയ താരിഫ് പ്രഖ്യാപനങ്ങൾ 3000 ഡോളറിലേക്കു സ്വർണത്തിന് മുന്നേറ്റം നൽകിയേക്കാം.
ക്രൂഡ് ഓയിൽ

ഡോണൾഡ് ട്രംപ് മുന്നോട്ട് വയ്ക്കുന്ന യുക്രെയ്ൻ-റഷ്യ സമാധാന ഉടമ്പടി യാഥാർഥ്യമായാൽ റഷ്യൻ എണ്ണയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം സ്വാഭാവികമായി ഇല്ലാതാവുകയും റഷ്യൻ എണ്ണ ലോക വിപണിയിലേക്ക് യഥേഷ്ടം ഒഴുകുകയും ചെയ്തേക്കാമെന്ന സാധ്യത ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി.
ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിലും അമേരിക്കൻ എണ്ണ വില 70 ഡോളറിലുമാണ് തുടരുന്നത്.
നാച്ചുറൽ ഗ്യാസ്
തണുപ്പ് കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ നാച്ചുറൽ ഗ്യാസ് നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണി സമയത്ത് നാച്ചുറൽ ഗ്യാസ് 3% മുന്നേറി.
നാളത്തെ റിസൾട്ടുകൾ
ജിഎൻഎഫ്സി, എംടിഎൻഎൽ, ഗ്ലാക്സോ, ഗ്ലെൻമാർക്ക്, സംവർധന മതേഴ്‌സൺ, സ്വാൻ എനർജി, നാരായൺ ഹൃദയാലയ, ഈസി ട്രിപ്പ്, റേറ്റ് ഗെയിൻ, ആർപിപി ഇൻഫ്രാ, എബിഎഫ്ആർഎൽ ജിവികെ, കാമിലിൻ, രാമ സ്റ്റീൽ, ജെയിംസ് വാറൻ, ഇസ്‌മോ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. നാളെയോട് കൂടി മൂന്നാം പാദഫല പ്രഖ്യാപനങ്ങള്‍ അവസാനിക്കും.
ഇവി
ഇന്ന് ടെസ്‌ലയുടെ മേധാവിയും മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത് ഇലക്ട്രിക് വാഹന ഇറക്കുമതിച്ചുങ്കത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചേക്കാം. ഇന്ന് ഓട്ടോ സൂചിക നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക