മ്യൂച്വൽഫണ്ട് എസ്ഐപി വേണ്ടെന്നുവച്ചവരുടെ എണ്ണത്തിൽ വൻ വർധന; പ്രശ്നം ആശങ്കയോ സാങ്കേതികമോ?
.jpg?w=1120&h=583)
Mail This Article
മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ 100 രൂപ മുതൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നവരുടെ അനുപാതത്തിൽ ജനുവരിയിൽ വൻ വർധന. എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ ഡിസംബറിലെ 82.73 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 109 ശതമാനമായാണ് വർധിച്ചത്. സെപ്റ്റംബറിൽ ഇത് 60.72% മാത്രമായിരുന്നു.
നിക്ഷേപകർക്കിടയിൽ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾക്കുമേലുള്ള ആത്മവിശ്വാസം ചോരുകയാണോ? അതോ അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞതൊരു സാങ്കേതികപ്രശ്‌നം മാത്രമാണോ?
എസ്ഐപിയും അക്കൗണ്ടുകളിലെ ഇടിവും
ആഴ്ച, മാസം, ത്രൈമാസം എന്നിങ്ങനെ മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമാണ് എസ്ഐപി. ചില ഫണ്ടുകൾ 100 രൂപ മുതൽ തവണവ്യവസ്ഥ അനുവദിക്കുന്നുണ്ട്. ജനുവരിയിൽ ഡിസംബറിലെ 54.27 ലക്ഷത്തെ അപേക്ഷിച്ച് പുതുതായി എസ്ഐപി അക്കൗണ്ട് എടുത്തവരുടെ എണ്ണം 56.19 ലക്ഷമായി കൂടിയിരുന്നു.

എന്നാൽ, കാലാവധി അവസാനിച്ചതു പ്രകാരമോ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതിനാലോ ജനുവരിയിൽ നിർത്തലാക്കിയത് 61.33 ലക്ഷം അക്കൗണ്ടുകളാണ്. ഡിസംബറിൽ ഇത് 44.90 ലക്ഷം മാത്രമായിരുന്നു. എസ്ഐപി വഴി മ്യൂച്വൽഫണ്ടിലേക്കുള്ള നിക്ഷേപം ഡിസംബറിലെ 26,549 കോടി രൂപയിൽ നിന്ന് കഴിഞ്ഞമാസം 26,400 കോടി രൂപയായി നേരിയതോതിൽ കുറയുകയും ചെയ്തെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) കണക്കുകൾ പറയുന്നു.
എന്തുകൊണ്ടാണ് ഇടിവ്?
ഓഹരി വിപണി തളർച്ചയുടെ പാതയിലാകുമ്പോൾ എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ ഉയരുകയെന്നത് സാധാരണമാണെന്ന് ചില നിരീക്ഷകർ പറയുന്നു. പണപ്പെരുപ്പം, ഉപഭോക്തൃസംതൃപ്തിയിലുണ്ടായ വീഴ്ചകൾ എന്നിവ എസ്ഐപികളെയും ബാധിച്ചിട്ടുണ്ടാകാം. ആഗോള സമ്പദ്‌രംഗത്തെ പ്രതികൂല കാലാവസ്ഥമൂലം ഓഹരി വിപണികൾ നേരിട്ട തളർച്ചയും തിരിച്ചടിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഇതുസംബന്ധിച്ച് ആംഫിയുടെ വാദം മറ്റൊന്നാണ്. സെബിയുടെ ഉത്തരവുപ്രകാരം സ്റ്റോക്ക് എക്‌സ്ചേഞ്ചുകളും റജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുമാരും (RTAs) നിർജീവ അക്കൗണ്ടുകൾ തുടച്ചുനീക്കുന്നത് ഉഷാറാക്കിയതാണ് സ്റ്റോപ്പേജ് റേഷ്യോ കൂടാൻ കാരണമെന്ന് ആംഫി പറയുന്നു. 2024 ഏപ്രിലിലാണ് നിർദേശം വന്നതെങ്കിലും കാര്യക്ഷമമായി പാലിച്ചിരുന്നില്ല.
3 മാസമായി സജീവമല്ലാത്ത അക്കൗണ്ടുകളെ ഒഴിവാക്കാനായിരുന്നു നിർദേശം. എന്നാൽ, നിലവിൽ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തി കൂട്ടത്തോടെ നീക്കിയതാണ് 25 ലക്ഷത്തോളം അക്കൗണ്ടുകൾ കുറയാൻ കാരണം. അല്ലായിരുന്നെങ്കിൽ കഴിഞ്ഞമാസത്തെ കണക്കിലും 20-25 ലക്ഷം അക്കൗണ്ടുകളുടെ വർധനയാണ് ഉണ്ടാകുമായിരുന്നതെന്നും ആംഫി പറയുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)