നഷ്ടം കുറഞ്ഞെങ്കിലും ഇന്നും വിപണിയ്ക്ക് കടമ്പ കടക്കാനായില്ല

Mail This Article
ആദ്യ മണിക്കൂറുകളിൽ വില്പന സമ്മർദത്തിൽ അടിപ്പെട്ട ഇന്ത്യൻ ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 22800 പോയിന്റിലെ പിന്തുണ നഷ്ടപ്പെടുത്താതിരുന്ന നിഫ്റ്റി 22992 പോയിന്റ് വരെ മുന്നേറിയെങ്കിലും 23000 പോയിന്റിലെ കടമ്പ കടക്കാനാകാതെ 14 പോയിന്റുകൾ നഷ്ടമാക്കി 22945 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 29 പോയിന്റ് മാത്രം നഷ്ടത്തിൽ 79967 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, ഇൻഫ്രാ, ഫിനാൻഷ്യൽ സർവീസ് സെക്ടറുകള്‍ ഇന്ന് നഷ്ടം ഒഴിവാക്കി. നിഫ്റ്റി നെക്സ്റ്റ്-50യുടെ 2.85% മുന്നേറ്റം ഇന്ന് നിക്ഷേപകരുടെ നഷ്ടവ്യാപ്തി കുറച്ചപ്പോൾ ഡിഫൻസ് മേഖല 3% വീണു.
മുന്നിൽ നിന്നും നയിച്ച് ഐടി
ചൈനയുടെ എഐ മുന്നേറ്റം ഇന്ത്യൻ ഐടി സെക്ടറിനും ക്ഷീണമാകുമെന്ന ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ ഇന്ന് ഇന്ത്യൻ ഐടി തിരിച്ചു വരവ് നടത്തിയത് വിപണിയുടെ തിരിച്ചു വരവിനും വഴിവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള ഇന്ത്യയുടെ അതി-നിക്ഷേപം ഐടി സെക്ടറിൽ അവസരങ്ങൾ ഒരുക്കിയേക്കാമെന്ന വാദവും ശക്തമാണ്.
വിപ്രോ, ടെക്ക് മഹിന്ദ്ര, സയിന്റ് എന്നിവ 2% വീതം മുന്നേറിയപ്പോൾ നിഫ്റ്റി ഐടി സൂചിക 0.95% മുന്നേറി 41464 പോയിന്റിലാണ് ക്ളോസ് ചെയ്തത്.

റഷ്യ-അമേരിക്ക ചർച്ച
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യയും അമേരിക്കയും തമ്മിലുള്ള ചർച്ച ഇന്ന് സൗദി അറേബ്യയിൽ ആരംഭിക്കുന്നു. യുക്രെയ്നിനെ ഒഴിവാക്കിക്കൊണ്ടുള്ള ചർച്ചകൾക്കെതിരെയുള്ള അമർഷം യൂറോപ്യൻ രാജ്യങ്ങളും പ്രകടിപ്പിച്ചു.
റഷ്യൻ പ്രതിരോധ മന്ത്രിയായ സെർജി ലാവ്‌റോവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോയുമാണ് മധ്യസ്ഥ ചർച്ച നയിക്കുന്നത്. മൂന്ന് വർഷം മുൻപ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചിട്ട് ആദ്യമായാണ് മന്ത്രിതല ചർച്ച നടക്കുന്നത് എന്നതിനാൽ ഇത് ലോക വിപണിക്കും പ്രധാനമാണ്.
തകർന്ന് ഇന്ത്യൻ ഡിഫൻസ്
യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ച തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ഡിഫൻസ് ഓഹരികളും കനത്ത വില്പനയിൽ വീണു. കൊച്ചിൻ ഷിപ്യാർഡ് ഒഴികെയുള്ള പ്രതിരോധ ഓഹരികളെല്ലാം തന്നെ കനത്ത വില്പനയാണ് നേരിട്ടത്. എച്ച്എഎൽ 3%വും, ബിഡിഎൽ 5%വും വീണു.

എൽഐസിയും എഫ്എംസിജി വാങ്ങുന്നു
പുതിയ കണക്കുകൾ അനുസരിച്ച് മൂന്നാം പാദത്തിൽ എൽഐസി 98 കമ്പനികളിൽ ഓഹരി പങ്കാളിത്തം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തപ്പോൾ 71 കമ്പനികളിൽ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചു.
ടാറ്റ കമ്പനികളിലടക്കം ലാഭമെടുത്ത് മാറിയ എൽഐസി എഫ്എംസിജി ഓഹരികളിലാണ് കഴിഞ്ഞ പാദത്തിൽ ഊന്നൽ നൽകിയത്. ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ഡാബർ, പി&ജി, പതഞ്‌ജലി ഫുഡ്സ് മുതലായ കമ്പനികളിലാണ് എൽഐസി ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചത്.
ഹിന്ദുസ്ഥാൻ യൂണിലിവറിൽ എൽഐസി 5.57% ഓഹരിയാണ് കഴിഞ്ഞ പാദത്തിൽ വാങ്ങിയത്. ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരി പ്രീ-കോവിഡ് നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ഫെഡ് മിനിട്സ് നാളെ
അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിട്സ് നാളെ അവതരിപ്പിക്കപ്പെടുന്നത് അമേരിക്കൻ വിപണിക്കൊപ്പം, ഡോളറിനും, സ്വർണത്തിനും പ്രധാനമാണ്. ഫെഡ് നിരക്ക് കുറക്കുന്നതിന് ഫെഡറൽ റിസർവിന് ഒട്ടും തിടുക്കം ആവശ്യമില്ല എന്ന സൂചനയാണ് ഫെഡ് ചെയർമാന്റെ പ്രസ്‌താവന നൽകുന്നത്.
രൂപ
നാളെ ഫെഡ് മിനിട്സ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഡോളർ മുന്നേറുന്നത് ഇന്ത്യൻ രൂപക്കും ക്ഷീണമായി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും 87/- രൂപക്ക് സമീപമാണ് തുടരുന്നത്.
സ്വർണം
ഇന്ന് ഏഷ്യൻ വിപണി സമയത്ത് രാജ്യാന്തര വിപണിയിൽ സ്വർണവും മുന്നേറ്റം നേടി. ഔൺസിന് 2923 ഡോളറിൽ തുടരുന്ന സ്വർണത്തിന്റെ പ്രധാന പിന്തുണ മേഖല 2900 ഡോളറിൽ തന്നെയാണ്. യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് സ്വർണത്തിന്റെ ‘വാർ’’ പ്രീമിയം കുറയ്ക്കുമെങ്കിലും, താരിഫ് അനിശ്ചിതത്വങ്ങൾ സ്വർണത്തിന് ‘ട്രേഡ് വാർ’ പ്രീമിയം വീണ്ടും വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഗോൾഡ്-ബുള്ളുകൾ.
യുബിഎസ് സ്വർണത്തിന്റെ ലക്ഷ്യവില 3000 ഡോളറിലേക്ക് ഉയർത്തി.
ക്രൂഡ് ഓയിൽ
ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 75.80 ഡോളർ നിരക്കിലാണ് തുടരുന്നത്. നാച്ചുറൽ ഗ്യാസും അലുമിനിയവും സിങ്കും ഇന്ന് നഷ്ടം നേരിട്ടു.
കൊച്ചിൻ ഷിപ്യാർഡ്
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിങ് കമ്പനിയായ മേഴ്‌സ്‌കുമായി കപ്പൽ നിർമാണത്തിനും, അറ്റകുറ്റപണികൾ നടത്താനും ധാരണയായായത് കൊച്ചിൻ ഷിപ്യാർഡിന് അനുകൂലമാണ്. മറ്റ് കപ്പൽ നിർമാണ ഓഹരികൾ 5%ൽ കൂടുതൽ വീണപ്പോൾ കൊച്ചിൻ ഷിപ്യാർഡ് ഇന്ന് ഒന്നര ശതമാനം മുന്നേറി.

ടെസ്‌ല വരുന്നു
മുംബൈയിലേക്കും ഡൽഹിയിലേക്കുമായി ടെസ്‌ല എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആളുകളിലെ റിക്രൂട്ട് ചെയ്തു തുടങ്ങി എന്ന വാർത്ത ഇന്ത്യൻ ഓട്ടോ മേഖലയിലും അനുരണങ്ങൾ സൃഷ്ടിച്ചേക്കാം. ടെസ്‌ലയുടെ വരവ് മഹീന്ദ്രക്ക് ഭീഷണിയാകില്ല എന്നാണ് ആനന്ദ് മഹീന്ദ്രയുടെ പക്ഷം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക