മുന്നേറാനാകുന്നില്ല, വിപണിയിൽ സർവത്ര സമ്മർദങ്ങൾ

Mail This Article
ട്രംപിന്റെ പുതിയ താരിഫ് ‘പ്രഖ്യാപനങ്ങൾ’ വന്നതിനെ തുടർന്ന് ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ആശ്വാസ മുന്നേറ്റം നടത്തിയെങ്കിലും ഐടി, ഫാർമ, ഓട്ടോ മേഖലയിലെ സമ്മർദ്ദത്തിൽ നേട്ടങ്ങൾ കൈവിട്ടു. ഇന്നലെ ആഭ്യന്തര ഫണ്ടുകൾക്കൊപ്പം വിദേശ ഫണ്ടുകളും വാങ്ങലുകാരായതും റഷ്യ-അമേരിക്ക ചർച്ച വിജയമായതും ഖത്തറിന്റെ നിക്ഷേപ പ്രഖ്യാപനങ്ങളും ഇന്ത്യൻ വിപണിയിൽ ആത്മവിശ്വാസം തിരികെ കൊണ്ടു വന്നു.
ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ ഇന്ത്യൻ വിപണിയെ നയിച്ചപ്പോൾ ഐടി, ഫാർമ, ഓട്ടോ സെക്ടറുകളുടെ വീഴ്ചയാണ് വിപണിക്ക് കെണിയായത്. ടിസിഎസും, ഇൻഫോസിസും ഇന്ന് 2%ൽ കൂടുതൽ വീണതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തിയത്.

ഇന്ന് തുടക്കത്തിൽ 22814 പോയിന്റ് വരെ വീണ നിഫ്റ്റി പിന്നീട് 23049 പോയിന്റ് വരെ മുന്നേറിയ ശേഷം 12 പോയിന്റ് നഷ്ടത്തിൽ 22932 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 28 പോയിന്റ് നഷ്ടത്തിൽ 75939 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തോളം മുന്നേറി 49570 പോയിന്റിൽ ക്ളോസ് ചെയ്തതാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്.
സ്‌മോൾ ക്യാപ്-250 സൂചിക 2.3%വും, നിഫ്റ്റി മിഡ് ക്യാപ്-150 സൂചിക 1.5%വും, നിഫ്റ്റി നെക്സ്റ്റ്-50 സൂചിക1.2%വും മുന്നേറ്റം നടത്തിയത് ഇന്ന് റീറ്റെയ്ൽ നിക്ഷേകർക്ക് നേട്ടം നൽകി.
ഡിഫൻസ് മുന്നേറ്റം
അമേരിക്കയും റഷ്യയും തമ്മിൽ ചർച്ച നടന്ന ഇന്നലെ അപ്രതീക്ഷിത തകർച്ച കുറിച്ച പ്രതിരോധ ഓഹരികൾ ഇന്ന് മികച്ച മുന്നേറ്റം കുറിച്ചതും നിക്ഷേപകർക്ക് ആവേശമായി. പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപനയങ്ങളും ലൈസൻസിങ് നടപടിയും ലഘൂകരിക്കുന്നത് ഡിഫൻസ് മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന ഡിഫൻസ് സെക്രട്ടറിയുടെ പ്രസ്താവനയാണ് ഇന്ന് പ്രതിരോധ ഓഹരികളിൽ വാങ്ങൽ കൊണ്ട് വന്നത്. നിഫ്റ്റി ഇന്ത്യ ഡിഫൻസ് ഇന്ന് 4.2% മുന്നേറ്റം നേടി.
ഭാരത് ഫോർജ് ഒഴികെയുള്ള എല്ലാ ഡിഫൻസ്, ഷിപ്പ് ബിൽഡിങ് ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി. ഇന്നലെ വൻ തകർച്ച നേരിയ മാസഗോൺ ഡോക്‌സും ഗാർഡൻ റീച് ഷിപ്പ് ബിൽഡിങ്ങും ഇന്ന് 10%ൽ കൂടുതൽ മുന്നേറിയപ്പോൾ ഇന്നലെ വീഴാതെ നിന്ന കൊച്ചിൻ ഷിപ്യാർഡിന്റെ നേട്ടം 5%ൽ ഒതുങ്ങി. പുതിയ ഓർഡർ സ്വന്തമാക്കിയ അപ്പോളോ മൈക്രോയും, സെൻ ടെക്‌നോളജിയും ഇന്ന് 10% നേട്ടം കുറിച്ചു.
ഐടി വീഴുന്നു
ഇന്നലെ ഇന്ത്യൻ വിപണിയെ വീഴാതെ താങ്ങിയ ഇന്ത്യൻ ഐടിയുടെ വീഴ്ചയാണ് ഇന്ത്യൻ വിപണിയുടെ നേട്ടങ്ങൾ നഷ്ടമാക്കിയത്. അമേരിക്ക വാഹനങ്ങൾക്കും, മരുന്നുകൾക്കും, സെമികണ്ടക്ടറുകൾക്കും 25% വീതം താരിഫ് എന്ന് ട്രംപ് സൂചിപ്പിച്ചത് ഇന്ന് ഫാർമ, ഓട്ടോ ഓഹരികൾക്ക് ക്ഷീണമായി.
ഇന്ത്യൻ വാഹനങ്ങൾക്ക് അമേരിക്കയിൽ വലിയ പ്രിയമില്ലെന്നതും ഇന്ത്യയുടെ സെമി കണ്ടകട്ർ മേഖല ശൈശവ ദശയിൽ തന്നെയാണെന്നതിനാലും താരിഫ് പ്രഖ്യാപനങ്ങൾ ഇരു മേഖലകൾക്കും പ്രശ്നമല്ല. എന്നാൽ ഇന്ത്യൻ ഫാർമ സെക്ടറിന് പുതിയ അമേരിക്കൻ താരിഫുകൾ പ്രശ്നമാണ്. നിഫ്റ്റി ഫാർമ സൂചിക ഇന്ന് 0.71% വീണു.

ഫെഡ് മിനിട്സ് ഇന്ന്
ഇന്നലെ അമേരിക്കൻ വിപണി നഷ്ടം ഒഴിവാക്കിയ ശേഷം അമേരിക്കൻ സൂചികകൾ ഇന്നും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളുടെ മിക്സഡ് കോസിങ്ങിന് പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്ക കാറുകളുടെ ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന സൂചന ജപ്പാനും, ജർമനിക്കും, ഫ്രാൻസിനും ക്ഷീണമാണ്. ഫെഡ് മിനിട്സ് ഇന്ന് വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിട്സ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത് അമേരിക്കൻ വിപണിക്കൊപ്പം, ഡോളറിനും, സ്വർണത്തിനും പ്രധാനമാണ്. അമേരിക്കൻ ഡോളറിനെതിരെ ഇൻഡ്യൻ രൂപ 86.85/-ലാണ് വ്യാപാരം തുടരുന്നത്. ക്രിപ്റ്റോ കറൻസികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
രാജ്യാന്തര സ്വർണവില എക്കാലത്തെയും റെക്കോർഡ് നിരക്കായ 2968 ഡോളറിന് സമീപമാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ താരിഫ് പ്രഖ്യാപനങ്ങൾ വീണ്ടും സുരക്ഷിത നിക്ഷേപമേഖലകൾ തേടാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതും സ്വർണത്തിന് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
ഒപെക് ഉല്പാദന നിയന്ത്രണം ഒഴിവാക്കിയേക്കില്ലെന്ന സൂചനയും റഷ്യൻ പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനം ഭാഗികമായി നിലച്ചതും ക്രൂഡ് ഓയിലിന് അനുകൂലമായി. ഇന്ന് ഏഷ്യൻ വിപണി സമയത്ത് അര ശതമാനം മുന്നേറി 76.26 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ തുടരുന്നത്.

ഇൻഷുറൻസ് & എഎംസി
ഇന്ത്യൻ വിപണിയിലെ വീഴ്ച മുതലെടുക്കാനായി നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്കും യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതികളിലേക്കും ശ്രദ്ധ പതിപ്പിക്കുന്നതും പ്രതീക്ഷയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക