ചുങ്കപ്പേടി വിതച്ച് ട്രംപ്; ഓഹരികളിൽ കൂട്ടക്കുരുതി, രൂപയും വീണു, ക്രിപ്റ്റോയ്ക്കും വമ്പൻ ഇടിവ്

Mail This Article
കൊച്ചി ∙ ഓഹരി വിപണിയിൽ കൂട്ടക്കുരുതി. കറൻസി വിപണിയിൽ രൂപയ്‌ക്കു കനത്ത തകർച്ച. ബിറ്റ്‌കോയിൻ ഉൾപ്പെടെ ക്രിപ്‌റ്റോകറൻസികൾക്കു ഭീമമായ വിലയിടിവ്. സുരക്ഷിത നിക്ഷേപമെന്നു കരുതപ്പെടുന്ന സ്വർണത്തിനും വിലത്തകർച്ച.
സർവ വിപണികളിലും കനത്ത നാശനഷ്‌ടങ്ങൾക്കിടയാക്കിയത് ഇറക്കുമതിച്ചുങ്കം സംബന്ധിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിലെ കാർക്കശ്യമാണ്. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും ചൈനീസ് ഉൽപന്നങ്ങൾക്കു 10% അധിക തീരുവയും ഈടാക്കാനുള്ള തീരുമാനം നാലിനു പ്രാബല്യത്തിൽ വരുമെന്നാണു ട്രംപിന്റെ അറിയിപ്പ്.

സെൻസെക്‌സിലെ ഇടിവ് 1414 പോയിന്റ്
ഓഹരി വിപണിയിൽ സെൻസെക്‌സ് 1414.33 പോയിന്റും നിഫ്‌റ്റി 420.35 പോയിന്റും താഴ്‌ന്നപ്പോൾ നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിലുണ്ടായ നഷ്‌ടം 9 ലക്ഷം കോടി രൂപയാണ്. യുഎസ് വിപണിയിൽ എൻവിഡിയ ഓഹരിയിലുണ്ടായ ഇടിവിന്റെ പ്രത്യാഘാതം ഇന്ത്യൻ വിപണിയിലെ ഐടി ഓഹരികളിൽ 4% വരെ ഇടിവിന് ഇടയാക്കി. സെൻസെക്‌സ് 73,198.10 പോയിന്റിലാണ് അവസാനിച്ചത്; നിഫ്‌റ്റി 22,124.70 പോയിന്റിലും.

രൂപയുടെ ഇടിവ് 33 പൈസ
വിദേശനാണ്യ വിപണിയിൽ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവു 33 പൈസയുടേതാണ്. ഡോളറൊന്നിന് 87.32 രൂപ നിരക്കിലാണു വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് 87.51 നിലവാരത്തിലെത്തി. വ്യാഴാഴ്‌ച 87.18 ആയിരുന്നു അവസാന നിരക്ക്.
ബിറ്റ്‌കോയിൻ@ 79,523$
ക്രിപ്‌റ്റോ വിപണിയിൽ ഒരിക്കൽ 1,00,000 ഡോളറിനു മുകളിലേക്കു വരെ ഉയർന്ന ബിറ്റ്‌കോയിൻ വില ഇന്നലെ 79,523 ഡോളറിലേക്കു താഴുന്നതാണു കണ്ടത്. മൂന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമാണിത്. 6 ശതമാനമായിരുന്നു ഇന്നലത്തെ ഇടിവ്. ക്രിപ്‌റ്റോകളിൽ രണ്ടാം സ്‌ഥാനമുള്ള എഥേറിയത്തിന്റെ വിലയിൽ 73% ഇടിവു നേരിട്ടു. എക്‌സ്‌ആർപിക്ക് 7.8 ശതമാനവും സൊലാനയ്‌ക്ക് 7.1 ശതമാനവും വിലയിടിഞ്ഞു. ഡോജികോയിൻ, ചെയിൻലിങ്ക്, ട്രോൺ, സൂയി, ബിഎൻബി തുടങ്ങിയ ക്രിപ്‌റ്റോകളിലും വലിയ തോതിലാണ് ഇടിവ്.

സ്വർണം: 480 രൂപ കുറഞ്ഞു
സംസ്‌ഥാനത്തു സ്വർണ വില പവന് (8 ഗ്രാം) 480 രൂപയുടെ ഇടിവോടെ 63,600 രൂപയിലെത്തി. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) അവധി വ്യാപാരം 10 ഗ്രാമിന് 84,750 രൂപ എന്ന നിരക്കിലായിരുന്നു. 446 രൂപയുടെ ഇടിവ്. രാജ്യാന്തര വിപണിയിൽ ന്യൂയോർക്ക് വില ട്രോയ് ഔൺസിന് (31.1035 ഗ്രാം) 2875.40 ഡോളറിലേക്കാണു താഴ്‌ന്നത്.
ഉൽപന്ന വിപണിയിൽ സർവത്ര ഇടിവ്
ഉൽപന്ന വിപണിയിൽ ക്രൂഡ് ഓയിൽ, വെള്ളി, ചെമ്പ്, അലുമിനിയം, നാകം എന്നിവയുടെയെല്ലാം അവധി വ്യാപാര നിരക്കിൽ ഇടിവു രേഖപ്പെടുത്തി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business