നേട്ടങ്ങളെല്ലാം കൈവിട്ട് ഇന്ത്യൻ വിപണി, മാർച്ചിൽ എന്താകും കാര്യങ്ങൾ? അവസരമോ അതോ ആശങ്കയോ?

Mail This Article
വെള്ളിയാഴ്ച്ചത്തെ അതിവീഴ്ചയോടെ 29 വർഷത്തിന് ശേഷമുള്ള ഏറ്റവും ദീർഘമേറിയ തിരുത്തൽ നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 12%ൽ കൂടുതൽ നഷ്ടം കുറിച്ചു. വിദേശഫണ്ടുകൾ 11,639 കോടി രൂപയുടെ വില്പന നടത്തിയ വെള്ളിയാഴ്ചത്തെ1.86% വീഴ്ചയോടെ നിഫ്റ്റി ഫെബ്രുവരിയിൽ 6%വും റെക്കോർഡ് ഉയരത്തിൽ നിന്നും 14%ത്തിൽ കൂടുതലും നഷ്ടം കുറിച്ചുകൊണ്ട് 22124 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
നിഫ്റ്റി ഐടി കഴിഞ്ഞ ആഴ്ചയിൽ 8% വീണപ്പോൾ പൊതു മേഖല ബാങ്കുകളും റിയൽറ്റി, എനർജി സെക്ടറുകളും 5%ൽ കൂടുതലും തകർന്നു. നിഫ്റ്റി നെക്സ്റ്റ്-50, സ്‌മോൾ & മിഡ് ക്യാപ് സൂചികകൾ എന്നിവയും കഴിഞ്ഞ ആഴ്ചയിൽ 5%ൽ കൂടുതൽ വീണത് നിക്ഷേപക-ആസ്തിയിൽ വലിയ വീഴ്ചക്ക് കാരണമായി.
ചൈനയുടെ സ്റ്റിമുലസ് പദ്ധതികളും ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ വന്ന ഇടിവും ട്രംപ് താരിഫ് പണി തന്നതും ഇന്ത്യൻ വിപണിയുടെ ‘ദുരവസ്ഥക്ക്’ കാരണമായി. എന്നാൽ വെള്ളിയാഴ്ച വന്ന പ്രതീക്ഷക്ക് തൊട്ടടുത്ത് എത്തിയ മൂന്നാംപാദ ജിഡിപിക്കണക്കുകൾ ഇന്ത്യൻ വിപണിയിലെ പരിഭ്രാന്തിക്ക് മരുന്നാകുമെന്ന് പ്രത്യാശിക്കുന്നു. മികച്ച ഓട്ടോ വില്പനക്കണക്കുകളും തിങ്കളാഴ്ച്ച വിപണിക്ക് പിന്തുണ നൽകിയേക്കാം.
സെലെൻസ്‌കിയും ട്രംപും തമ്മിലുള്ള ചർച്ച അലസിയ വെള്ളിയാഴ്ച പിസിഇ പണപ്പെരുപ്പഡേറ്റ അനുമാനത്തിനൊപ്പം നിന്നതിനെത്തുടർന്ന് അമേരിക്കൻ വിപണി തിരിച്ചു കയറി നഷ്ടം നികത്തിയത് തിങ്കളാഴ്ച ഏഷ്യൻ വിപണികളുടെയും ആരംഭം മികച്ചതാക്കിയേക്കാം. എങ്കിലും ഇന്ത്യയുടെ ജിഡിപി വളർച്ചയിലെ തിരിച്ചു വരവ് കൂടി കണക്കിലെടുത്ത് വിദേശഫണ്ടുകൾ മികച്ച വിലകളിൽ ഇന്ത്യൻ വിപണിയിൽ വാങ്ങൽ ആരംഭിച്ചാൽ മാത്രമേ ഇന്ത്യൻ വിപണിയില്‍ പരിഭ്രാന്തി ഒഴിയൂ. അതിന് ചൈന/dക്കൊപ്പം ഇന്ത്യയും ആകര്‍ഷകമാണെന്ന നില വന്നേ തീരൂ.
ഇന്ത്യ ജിഡിപി
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന വളർച്ച അനുമാനമായ 6.3%ത്തിന് തൊട്ടടുത്ത് 6.2% വാർഷിക വളർച്ച കുറിച്ചു. രണ്ടാം പാദത്തിൽ 5.4% മാത്രമായിരുന്ന ഇന്ത്യൻ ജിഡിപി വളർച്ച. എന്നാൽ മുൻ വർഷത്തിൽ ഇതേ കാലയളവിൽ ഇന്ത്യൻ ജിഡിപി വളർച്ച 8.4% ആയിരുന്നു.
അവസരമോ, അപകടമോ ?

കരടിപ്പിടുത്തതിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വിപണിയിലെ വീഴ്ച അവസരമാണോ വീണ്ടും അപകടമാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് പുതു നിക്ഷേപകർ.
ഇന്ത്യൻ വിപണിയുടെ വീഴ്ച വിവിധ സമ്മർദ്ദങ്ങളെ തുടർന്നുള്ള ടെക്നിക്കൽ കറക്ഷൻ മാത്രമാണെന്നും അല്ലാതെ കാര്യമായ സാമ്പത്തികകാരണങ്ങളുടെ ഫലമല്ലെന്നുമാണ്, ജെഫറീസിന്റെ മേധാവി ക്രിസ് വുഡ്സിന്റെ പക്ഷം.
തുടർച്ചയായി അഞ്ച് മാസങ്ങളിലും നഷ്ടം കുറിച്ച വിപണി മാർച്ചിൽ ആഭ്യന്തര ഫണ്ടുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഇൻഫ്രാ ബില്ലുകളുടെയും ആർബിഐ, ജിഎസ്ടി കൗൺസിൽ, സെബി എന്നിവയുടെയെല്ലാം പിന്തുണയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
അതിനാൽ കൃത്യമായ എസ്ഐപികളിലൂടെയോ, മികച്ച ഓഹരികളിൽ ക്രമമായി നിക്ഷേപിച്ചു കൊണ്ടോ വിപണിയുടെ അനിശ്ചിതത്വത്തെ മറികടക്കുകയാണ് അഭികാമ്യം.
മാർച്ചിൽ എന്തെല്ലാം ?
∙ഇന്ത്യ-ബ്രിട്ടൻ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകൾ തുടരുന്നതും മാർച്ചിൽ തന്നെ മോഡി-ട്രംപ് ഡീൽ തീരുമാനമാകുന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. യൂറോപ്പുമായുള്ള സ്വാതന്ത്രവ്യാപാരക്കരാറുകൾ 2025ൽ തന്നെ നിലവിൽ വരുന്നത് പുതിയ വാതായനങ്ങൾ തുറക്കുമെങ്കിലും അമേരിക്കയുമായുള്ള ‘’റെസിപ്രോക്കൽ’’ ഡീൽ തന്നെയായിരിക്കും ഇന്ത്യൻ വിപണിക്ക് വഴിത്തിരിവായി മാറുക.
∙യുക്രെയ്ൻ വിഷയത്തിൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള അകലം വർദ്ധിക്കുന്നത് ഇന്ത്യയുടെ സാദ്ധ്യതകൾ ഉറപ്പിക്കുന്നു.
∙മാർച്ച് 18-19 തീയതികളിൽ നടക്കുന്ന ഫെഡ് യോഗതീരുമാനങ്ങൾ ഡോളറിന്റെ ഗതി തീരുമാനിക്കുന്നതും വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച വന്ന പിസിഇ ഇൻഫ്‌ളേഷൻ ഡേറ്റ 2.5% മാത്രം വാർഷിക വളർച്ച കുറിച്ച് അനുമാനത്തിനൊപ്പം നിന്നത് ഫെഡ് നിരക്ക് കുറക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

∙അടുത്ത ആഴ്ചയിലെ അമേരിക്കൻ നോൺഫാം പേറോൾ കണക്കുകളും, പിന്നീട് വരുന്ന സിപിഐ ഡേറ്റകളും അമേരിക്കൻ ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നതും വിപണിക്ക് പ്രധാനമാണ്.
ട്രംപ് താരിഫ് അടുത്ത ആഴ്ച മുതൽ
മെക്സികോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് മേൽ ചുമത്തിയ 25% ‘ട്രംപ്’ തീരുവയും, ചൈനക്ക് മേൽ ചുമത്തിയ 10% അധികതീരുവയും മാർച്ച് നാല് മുതൽ പ്രാബല്യത്തിൽ വരും.
∙കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തുടരുകയാണെന്നും ഇവയിൽ പലതും ചൈനയിൽ ഉല്പാദിപ്പിക്കപ്പെട്ടവയാണെന്നും പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി.
∙ട്രംപ് യൂറോപ്യൻ യൂണിയന് മേലും 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത് യൂറോപ്യൻ വിപണികളുടെ മുന്നേറ്റവും അവസാനിപ്പിച്ചു തുടങ്ങി.
∙മൂഡീസും, സ്റ്റാൻഡേർഡ് & പുവറും ഫ്രാൻസിന്റെ റേറ്റിങ് കുറച്ചത് സൂചനയാണ്.
ലോകവിപണിയിൽ അടുത്ത ആഴ്ച
∙തിങ്കളാഴ്ച അമേരിക്കയുടെയും, ചൈനയുടെയും, ഇന്ത്യയുടേയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ വരാനിരിക്കുന്നത് വിപണിക്ക് പ്രധാനമാണ്. ബുധനാഴ്ചയാണ് സർവീസ് പിഎംഐ ഡേറ്റകൾ പുറത്തു വരുന്നത്.

∙വ്യാഴാഴ്ച്ച അമേരിക്കയുടെ ജോബ്‌ലെസ് ക്ലെയിം കണക്കുകളും വെള്ളിയാഴ്ച നോൺഫാം പേറോൾ കണക്കുകളും ഫെഡ് ചെയർമാന്റെ പ്രസ്‍താവനകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙യൂറോസോൺ സിപിഐ ഡേറ്റയും തിങ്കളാഴ്ച വരുന്നു. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പുതിയ പലിശ നിരക്ക് തീരുമാനങ്ങൾ വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
∙ഇന്ത്യയുടെ വാർഷിക ആഭ്യന്തര ഉല്പാദനവളർച്ച വീണ്ടും 6%ത്തിന് മുകളിലെത്തിയത് വിപണിക്ക് ആശ്വാസമാണ്. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ മുതൽ മാനുഫാക്ച്ചറിങ് സെക്ടർ വരെ ജിഡിപി വളർച്ചയുടെ പിന്തുണ പ്രതീക്ഷിക്കുന്നു.
∙ഇൻഫ്രാസ്ട്രക്ച്ചർ ഔട്ട്പുട്ട് ജനുവരിയിൽ കഴിഞ്ഞ ആറു മാസത്തെ ഏറ്റവും മികച്ച നിരക്കായ 4.6% വളർച്ച നിരക്ക് നേടിയത് ഇൻഫ്രാ മേഖലക്ക് അനുകൂലമാണ്. മാർച്ചിൽ കൂടുതൽ സർക്കാർ ബില്ലുകൾ പാസാകുന്നതും ഇൻഫ്രാ ഓഹരികൾക്ക് പ്രതീക്ഷയാണ്.
∙എൻബിഎഫ്സികളുടെയും, മൈക്രോ ഫിനാൻസ് കമ്പനികളുടെയും മേലുള്ള അമിത നിയന്ത്രണങ്ങളിൽ ആർബിഐ ഇളവ് വരുത്തിത്തുടങ്ങിയത് ഫിനാൻഷ്യൽ സെക്ടറിന് അനുകൂലമാണ്. കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി ഫിനാൻഷ്യൽ സൂചികയുടെ നഷ്ടം അര ശതമാനം മാത്രമാണ്.
∙എംഎസ് സിഐയിൽ വെള്ളിയാഴ്ച മുതൽ ഇടംപിടിച്ച ഹ്യുണ്ടായി മോട്ടോഴ്സ് ഒഴികെയുള്ള ഓട്ടോ ഓഹരികളെല്ലാം വെള്ളിയാഴ്ച വൻ തകർച്ച കുറിച്ചു.
∙മികച്ച വാഹനവില്പനക്കണക്കുകൾ തിങ്കളാഴ്ച ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം നൽകിയേക്കാമെന്നതും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.
∙എഫ്&ഓ സെഗ്മെന്റിലേക്ക് ഉൾപ്പെടുത്തപ്പെട്ട ടാറ്റ ടെക്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അതോറിറ്റി, ടൈറ്റാഗർ റെയിൽ സിസ്റ്റംസ്, പതഞ്‌ജലി മുതലായ ഓഹരികൾ വെള്ളിയാഴ്ച വില്പനസമ്മർദ്ദത്തിൽ വീണത് അവസരമാണ്.

∙ഗുജറാത്ത് ഗ്യാസ്, കാൻഫിൻ ഹോംസ്, കൊറൊമാൻഡൽ, യൂബിഎൽ, സൺ ടിവി, പിവിആർ ഐനോക്‌സ്, ബാറ്റ, ജിഎൻഎഫ്സി, അതുൽ, നവീൻ ഫ്ലൂറിൻ, അബ്ബോട്ട്, തുടങ്ങി 16 ഓഹരികൾ വെള്ളിയാഴ്ച മുതൽ എഫ്&ഓ സെഗ്മെന്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
∙വേദാന്തയുടെ ബിസിനസ് വിഭജനത്തിന്റെ റെക്കോർഡ് തീയതി പ്രഖ്യാപനത്തിന് മുൻപായി ഓഹരി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും 10% ഇടിഞ്ഞത് നിക്ഷേപ അവസരമാണ്.
ഓട്ടോ വില്പന
∙മഹിന്ദ്ര & മഹിന്ദ്ര ഫെബ്രുവരിയിൽ മുൻവർഷത്തിൽ നിന്ന് 15% വർദ്ധനവോടെ 83702 വാഹനങ്ങൾ വില്പന നടത്തിയത് ഓഹരിക്ക് അനുകൂലമാണ്.
∙ഓല ഇലക്ട്രിക് മൊബിലിറ്റി ഫെബ്രുവരിയിൽ 25000 ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില്പന നടത്തി 28% വിപണി വിഹിതം സ്വന്തമാക്കിയത് ഓഹരിക്ക് പ്രതീക്ഷയാണ്.
∙മാരുതി മുൻവർഷത്തെ നിന്നും 1% വർദ്ധനവോടെ ഫെബ്രുവരിയിൽ 199,400 കാറുകളുടെ വില്പന നടത്തി.
∙ടാറ്റ മോട്ടോഴ്‌സ് മുൻവർഷത്തിൽ നിന്നും 9% വീഴ്ചയോടെ 77,232 വാഹനങ്ങളുടെ വിൽപ്പനയാണ് നടത്തിയത്.
∙എസ്എംഎൽ ഇസുസു ഫെബ്രുവരിയിൽ 27% വർദ്ധനവോടെ 1288 യൂണിറ്റുകൾ വില്പന നടത്തി.
∙എസ്കോർട്സ് കുബോട്ടയുടെ ട്രാക്ടർ വില്പന ഫെബ്രുവരിയിൽ 11.5% വളർച്ചയും കുറിച്ചു.
ക്രൂഡ് ഓയിൽ
വെള്ളിയാഴ്ച വീണ്ടും 1% നഷ്ടം കുറിച്ചതോടെ ഫെബ്രുവരിയിൽ 4.5% നഷ്ടത്തോടെ 72.80 ഡോളറിലേക്ക് വീണ ബ്രെന്റ് ക്രൂഡ് ഓയിൽ നവംബറിന് ശേഷം ആദ്യമായി മാസനഷ്ടവും കുറിച്ചു.
അമേരിക്കൻ താരിഫുകൾ അടുത്ത ആഴ്ചയിൽ നിലവിൽ വരുന്നതും ക്രൂഡ് ഓയിലിന് തിരുത്തൽ നൽകിയേക്കാം. ട്രംപിന്റെ റഷ്യ അനുകൂല നിലപാടുകൾ റഷ്യൻ എണ്ണയെ രാജ്യാന്തര വിപണിയിൽ എത്തിച്ചേക്കാമെന്നത് ക്രൂഡ് ഓയിലിന് തുടർന്നും ക്ഷീണമാണ്.
സ്വർണം
അമേരിക്കൻ പിസിഇ ഡേറ്റ വന്ന വെള്ളിയാഴ്ച വീണ രാജ്യാന്തര സ്വർണവിലയുടെ ഫെബ്രുവരിയിലെ നേട്ടം 2%ൽ ഒതുങ്ങി. രാജ്യാന്തര സ്വർണ അവധി 2862 ഡോളറിലാണ് വെള്ളിയാഴ്ച അവസാനിച്ചത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക