മുന്നേറ്റത്തോടെ തുടങ്ങി, പിന്നെ വീണ് ഓഹരി വിപണി

Mail This Article
പ്രതീക്ഷിച്ചത് പോലെ ഇന്നും നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും ലാഭമെടുക്കലിൽ വീണെങ്കിലും നിർണായക പിന്തുണ നേടി ഫ്ലാറ്റ് ക്ളോസിങ് നടത്തി. റിലയൻസിന്റെ രണ്ടര ശതമാനം വീഴ്ചയും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നേമുക്കാൽ ശതമാനം വീഴ്ചയുമാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടം കുറിച്ചു.
ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് മൂന്നാം പാദത്തിൽ അനുമാനത്തിനൊപ്പമെത്തിയതും, തരക്കേടില്ലാത്ത വാഹന വില്പനക്കണക്കുകളുമാണ് വിപണിക്ക് അനുകൂലമായത്. അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിന്തുണയിൽ ഐടി സെക്ടർ തിരിച്ചു വരവ് നടത്തിയതും മെറ്റൽ, റിയൽറ്റി സെക്ടറുകളുടെ മുന്നേറ്റവും പിന്തുണ നൽകി.
നിർണയക പിന്തുണയായ 22000 പോയിന്റിൽ താഴെ നിഫ്റ്റി പോകാതിരുന്നത് പ്രതീക്ഷയാണ്. ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിൽ 22261 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 22004 പോയിന്റ് വരെ വീണ ശേഷം 22119 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
പിഎംഐ ഡേറ്റ
ജനുവരിയിൽ 57.7 കുറിച്ച ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഫെബ്രുവരിയിൽ അനുമാനത്തിനും താഴെ 56.3 ലേക്ക് കുറഞ്ഞത് വിപണിക്ക് ബാധ്യതയായി. മാനുഫാക്ച്ചറിങ് പിഎംഐ അനുമാനം 57.1 ആയിരുന്നു.
അതേസമയം ചൈനയുടെ കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അനുമാനത്തിനും മുകളിൽ 50.8ലേക്ക് കയറിയത് ചൈനീസ് വിപണിയുടെ തുടക്കം മികച്ചതാക്കി. ചൈനയുടെ സാമ്പത്തിക ഉത്തേജനപദ്ധതികൾ ഫലപ്രദമായിരുന്നു എന്നാണ് കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ സൂചിപ്പിക്കുന്നത്.
ഐടി റിക്കവറി
ഇൻഫോസിസ് ഒരു ശതമാനവും, വിപ്രോ രണ്ട് ശതമാനവും ആശ്വാസമുന്നേറ്റം നേടിയതിനെത്തുടർന്ന് നിഫ്റ്റി ഐടി 0.79% മുന്നേറി 37614 പോയിന്റിൽ ക്ളോസ് ചെയ്തു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നിഫ്റ്റി ഐടി റെക്കോർഡ് ഉയരമായ 46088 പോയിന്റിൽ നിന്ന് 37167 പോയിന്റിലേക്ക് വീണു. ഡീപ്പ്‌സീക് ഭയവും അമേരിക്കൻ താരിഫ് ഭയവും ഐടിക്ക് വിനയാണ്.
ഓട്ടോ
ഫെബ്രുവരിയിലെ മികച്ച വാഹന വില്പനക്കണക്കുകളുടെ പിൻബലത്തിൽ മഹീന്ദ്രയും, ടിവിഎസ് മോട്ടോഴ്സും മുന്നേറ്റം നേടിയത് നിഫ്റ്റി ഓട്ടോ സൂചികക്കും പോസിറ്റീവ് ക്ളോസിങ് നൽകി. ടിവിഎസ് മോട്ടോഴ്‌സ് 4.4% മുന്നേറ്റം നേടി ഇന്നത്തെ മികച്ച ഓട്ടോ ഓഹരിയായി.
യുഎസ് ജോബ് ഡേറ്റ
വ്യാഴാഴ്ചത്തെ നഷ്ടങ്ങളെല്ലാം തിരിച്ചു പിടിച്ച് വെള്ളിയാഴ്ച അമേരിക്കൻ വിപണി നടത്തിയ തിരിച്ചു വരവാണ് ഇന്ന് ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് അനുകൂലമായത്. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമനിയുടെ ഡാക്സ് സൂചിക 1.35% മുന്നേറി. അമേരിക്ക ഫ്യൂച്ചറുകളും നേട്ടത്തിലേക്ക് തിരിച്ചെത്തി.
ഇന്ന് വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്ന മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച വരുന്ന ഫെബ്രുവരി മാസത്തിലെ അമേരിക്കൻ തൊഴിൽ ലഭ്യത വെളിവാക്കുന്ന നോൺഫാം പേറോൾ കണക്കുകളും വിപണിക്ക് പ്രധാനമാണ്.
രൂപ
വെള്ളിയാഴ്ച വീണ്ടും തകർച്ച നേരിട്ട ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ 87.32/- നിരക്കിലാണ് വ്യാപാരം തുടരുന്നത്. നോൺ ഫാം പേറോൾ ഡേറ്റയും, അടുത്ത ആഴ്ചയിൽ സിപിഐ ഡേറ്റയും രണ്ടാഴ്ചക്കുള്ളിൽ ഫെഡ് യോഗം നടക്കാനിരിക്കുന്നതും ഡോളറിന്റെ ചാഞ്ചാട്ട സാധ്യതകളും രൂപക്ക് നിർണായകമാണ്.
സ്വർണം
ഡോളർ ക്രമപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണം ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി. സ്വർണ അവധി ഔൺസിന് 2884 ഡോളർ എന്ന നിരക്കിലാണ് തുടരുന്നത്.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 72 ഡോളർ നിരക്കിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ഇന്ന് വന്ന ചൈനയുടെ മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ക്രൂഡ് ഓയിലിന് അനുകൂലമാണ്.
ഇന്ന് വരാനിരിക്കുന്ന അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും യുദ്ധചർച്ചകളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. ഗോൾഡ്മാൻ സാക്‌സ് ക്രൂഡ് ഓയിലിന് വീണ്ടും ഉയർന്ന വിലലക്ഷ്യം നൽകിയതും എണ്ണവിപണിയെ സ്വാധീനിക്കും
ക്രിപ്റ്റോയുടെ കാലം
ക്രിപ്റ്റോ കറൻസി റിസർവ് രൂപീകരിക്കാനുള്ള പദ്ധതികൾ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത് ഇന്ന് ക്രിപ്റ്റോ കറൻസികൾക്കും ക്രിപ്റ്റോ അധിഷ്ഠിത ഓഹരികൾക്കും വൻ കുതിപ്പ് നൽകി. ബിറ്റ്കോയിൻ 7% നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക