അമേരിക്കയ്ക്കായി ക്രിപ്റ്റോ ശേഖരമൊരുക്കാൻ ട്രംപ്; കുതിച്ചുകയറി ബിറ്റ്കോയിനും ഏതറും, എന്താണ് ഉദ്ദേശ്യം?

Mail This Article
രണ്ടാമതും യുഎസ് പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ഓരോ പ്രഖ്യാപനവും ആഗോളതലത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ, ട്രംപിന്റെ പുതിയ തുറുപ്പുചീട്ടാവുകയാണ് ക്രിപ്റ്റോകറൻസികൾ. യുഎസിനായി ക്രിപ്റ്റോകറൻസികളുടെ കരുതൽശേഖരം (strategic crypto reserve for the United States) ഒരുക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളുടെ മൂല്യം കുതിച്ചുകയറി.
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ളതും വിലയുള്ളതുമായ ക്രിപ്റ്റോയായ ബിറ്റ്കോയിന്റെ മൂല്യം 10% മുന്നേറി 94,343 ഡോളറിലെത്തി. കഴിഞ്ഞവാരം മൂന്നുമാസത്തെ താഴ്ചയായ 80,000 ഡോളറിന് താഴെയായിരുന്ന വിലയാണ് ഒറ്റയടിക്ക് 94,000 ഡോളർ ഭേദിച്ചത്. ഏതറിന്റെ നേട്ടം 13%. കാർഡാനോ 60 ശതമാനം കുതിച്ചു. എക്സ്ആർപി (റിപ്പിൾ) 33 ശതമാനവും സൊലാന 25 ശതമാനവും ഉയർന്നു.
അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനമാക്കും!
എല്ലാ രാജ്യങ്ങൾക്കും കരുതൽ വിദേശനാണയ ശേഖരമുണ്ട് (Forex reserves). ഡോളറും പൗണ്ടും യുവാനും യെന്നും യൂറോയുമൊക്കെയാകും അതിൽ കൂടുതൽ. പിന്നെ സ്വർണവും. ക്രിപ്റ്റോകറൻസികൾ കൊണ്ടൊരു കരുതൽ നാണയശേഖരം സജ്ജമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്താണ്?

ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകോയിനുകൾ. ലോകത്തെ പുത്തൻ ടെക്നോളജിയിൽ അധിഷ്ഠിതമായ ഇവയുടെ സ്വാധീനശക്തിയായി അമേരിക്കയെ മാറ്റുകയാണ് ട്രംപിന്റെ ഒന്നാമത്തെ ലക്ഷ്യം. യുഎസിനെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ക്രിപ്റ്റോ റിസർവ് സംബന്ധിച്ച തന്റെ ആദ്യ പോസ്റ്റിൽ ട്രംപ് ബിറ്റ്കോയിൻ, ഏതറിയം (ഏതർ) എന്നിവയെ പരാമർശിച്ചിരുന്നില്ല. ഇതു നിക്ഷേപകർക്കിടയിൽ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. പിന്നീട്, ബിറ്റ്കോയിൻ, ഏതർ എന്നിവയായിരിക്കും ക്രിപ്റ്റോ റിസർവിലെ പ്രധാന കറൻസികളാവുകയെന്നും അനുബന്ധ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ക്രിപ്റ്റോകറൻസികളുടെ നിർണായകമേഖലയെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ ക്രിപ്റ്റോ റിസർവ് സാഹായിക്കുമെന്നും കറനിറഞ്ഞ നടപടികളിലൂടെ ബൈഡൻ ഭരണകൂടം ഈ മേഖലയെ തളർത്തിയിരിക്കുകയായിരുനെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസിൽ വൈകാതെ അദ്ദേഹം ക്രിപ്റ്റോ ഉച്ചകോടി നടത്തുന്നുണ്ട്. ക്രിപ്റ്റോ റിസർവ് ശേഖരം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അതിലുണ്ടായേക്കും. തട്ടിപ്പ്, പണം തിരിമറി എന്നിവയ്ക്ക് തടയിടാനായാണ് ക്രിപ്റ്റോകറൻസികളെ ബൈഡൻ ഭരണകൂടം നിരുത്സാഹപ്പെടുത്തിയിരുന്നത്. എന്നാൽ, ക്രിപ്റ്റോയെ പ്രോത്സാഹിപ്പിക്കുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ ഉപദേശക വിഭാഗമായ ഡോജിനെ നയിക്കുന്നത് ക്രിപ്റ്റോകളെ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്ന ഇലോൺ മസ്കാണ്. യുഎസിന്റെ ഓഹരി, കടപ്പത്ര ധനകാര്യവിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (SEC) ചെയർമാനായി പോൾ അറ്റ്കിൻസിനെയും (Paul Atkins) ട്രംപ് തിരഞ്ഞെടുത്തിരുന്നു. ക്രിപ്റ്റോകറൻസി, ഓഹരി വിപണി അനുകൂല നിലപാടുള്ളയാളുമാണ് പോൾ.