നവരത്നത്തിളക്കത്തിൽ ഐആർസിടിസിയും ഐആർഎഫ്സിയും; ഓഹരികളിൽ സമ്മിശ്ര പ്രകടനം

Mail This Article
രണ്ടു പൊതുമേഖലാ റെയിൽവേ കമ്പനികളുടെ സ്റ്റാറ്റസ് മിനിരത്നയിൽ (Miniratna) നിന്ന് നവരത്നയിലേക്ക് (Navratna) ഉയർത്തി കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC), ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC) എന്നിവയെയാണ് മിനിരത്ന-1ൽ നിന്ന് നവരത്നയിലേക്ക് ഉയർത്തിയത്. ഇതോടെ, നവരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 26 ആയി.
സാമ്പത്തിക പ്രവർത്തനഫലങ്ങളിൽ (വരുമാനം, ലാഭം മുതലായ) തുടർച്ചയായി മികവു പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്രം മിനിരത്ന, നവരത്ന, മഹാരത്ന പദവികൾ നൽകുന്നത്. കഴിഞ്ഞവർഷം സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ, സത്‍ലജ് ജൽ വിദ്യുത് നിഗം, നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ, റെയിൽടെൽ കോർപറേഷൻ എന്നിവയ്ക്കും നവര്തന പദവി ലഭിച്ചിരുന്നു.
കമ്പനിയുടെ മൊത്തം ആസ്തിയുടെ 15% വരെ അല്ലെങ്കിൽ പരമാവധി 1,000 കോടി രൂപ ഒറ്റ വികസനപദ്ധതിയിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ നിക്ഷേപിക്കാൻ നവര്തന പദവിയുള്ള സ്ഥാപനങ്ങൾക്ക് കഴിയും. ഇത് അവയ്ക്ക് കൂടുതൽ ബിസിനസ് വളർച്ചാ അവസരങ്ങൾ കണ്ടെത്താൻ സഹായകമാണ്. അതേസമയം, ഐആർസിടിസിയുടെ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഉച്ചയ്ക്കത്തെ സെഷനിൽ എൻഎസ്ഇയിൽ ഓഹരിവില 0.67% താഴ്ന്ന് 672.10 രൂപയാണ്. എന്നാൽ, ഐആർഎഫ്സി ഓഹരികൾ 2.12% നേട്ടവുമായി 113.49 രൂപയിലാണുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)