നീണ്ട വീഴ്ചക്ക് ശേഷം ആദ്യമായി പച്ചതൊട്ട് ഇന്ത്യൻ വിപണി
.jpg?w=1120&h=583)
Mail This Article
മെക്സിക്കോയുടെയും കാനഡയുടെയും മേൽ ചാർത്തിയ താരിഫുകളിൽ ഇളവ് വരുത്തിയേക്കുമെന്ന സൂചനയിൽ നേട്ടം കുറിച്ച അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്പും ഇന്ന് ആവേശത്തിലാണ്.
ഇന്നലെയും 22000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഏറ്റവും മികച്ച വിലയിലാണെന്ന വിലയിരുത്തലും ഇന്ത്യൻ വിപണിയിലെ ഇന്നത്തെ നേട്ടം നിലനിർത്തുന്നതിൽ നിർണായകമായി. 22000 പോയിന്റിൽ ശക്തമായ പിന്തുണ ലഭിച്ച നിഫ്റ്റി ഇന്ന് 22067 പോയിന്റിൽ പിന്തുണ നേടിയ ശേഷം 1.15$ മുന്നേറി 22337 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 740 പോയിന്റ് നേട്ടത്തിൽ 73730 ലും ക്ളോസ് ചെയ്തു.

ഐടിയുടെ ആശ്വാസമുന്നേറ്റത്തിനൊപ്പം മെറ്റൽ സെക്ടറിന്റെ 4% മുന്നേറ്റവും മഹീന്ദ്രയുടെയും, ടാറ്റ മോട്ടോഴ്സിന്റെയും മികച്ച മുന്നേറ്റങ്ങളും, പൊതു മേഖല ബാങ്കുകളുടെ കുതിപ്പും ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ആധാരമായി. നിഫ്റ്റി നെക്സ്റ്റ്-50 യും, നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകളും ഇന്ന് രണ്ടര ശതമാനം വീതം മുന്നേറ്റം നടത്തിയത് റീറ്റെയ്ൽ നിക്ഷേപകർക്കും അനുകൂലമായി.
ട്രംപ് താരിഫ് സമവായ സാധ്യത
അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി ഹവാർഡ് ല്യൂട്ണിക്ക് താരിഫ് വിഷയത്തിൽ ട്രംപ് ഇരു അയൽ രാജ്യങ്ങളുമായി സമവായത്തിലെത്തിയേക്കാം എന്ന് സൂചിപ്പിച്ചത് ഇന്ത്യക്കും പ്രതീക്ഷയാണ്. യുക്രെയ്ൻ വീണ്ടും സമാധാന കരാറിന് ഒരുക്കമാണെന്നതും രാജ്യാന്തര വിപണിയുടെ ആത്മവിശ്വാസം ഉയർത്തി.
എന്നാൽ ഇന്നലെ രാത്രി അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ വച്ച് റെസിപ്രോക്കൽ താരിഫ് ഏപ്രിൽ ഫൂളിന്റെ പിറ്റേന്ന് തന്നെ നടപ്പിൽ വരുത്തുമെന്ന് വീണ്ടും ട്രംപ് പ്രഖ്യാപിച്ചത് വിപണിക്ക് ആശങ്കയാണ്.
രാജ്യാന്തര വിപണികളും നേട്ടത്തിൽ
ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് സൂചിക 2.84% മുന്നേറ്റം സ്വന്തമാക്കി. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമനിയുടെ ഡാക്സ് സൂചിക മൂന്നര ശതമാനത്തിൽ കൂടുതൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഫ്രഞ്ച്, ബ്രിട്ടീഷ് വിപണികളും രണ്ട് ശതമാനത്തിൽ കൂടുതൽ നേട്ടത്തിലാണ്.
യുക്രെയ്ൻ അമേരിക്കയുമായി ചർച്ചക്ക് തയാറാകുന്നതും അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനകളും അമേരിക്കൻ വിപണിയെ ഇന്നും സ്വാധീനിക്കും. എന്നാൽ താരിഫ് വിഷയത്തിൽ മറിച്ചുള്ള പ്രസ്താവനകളുണ്ടാകുന്നത് വിപണിക്ക് ക്ഷീണമാണ്.
അമേരിക്കൻ ജോബ് ഡേറ്റ
ഇന്ന് വരുന്ന അമേരിക്കൻ സർവീസ് പിഎംഐ ഡേറ്റയും നാളെ വരുന്ന അൺഎംപ്ലോയ്‌മെന്റ് കണക്കുകളും വെള്ളിയാഴ്ച വരുന്ന അമേരിക്കയുടെ നോൺഫാം പേറോൾ കണക്കുകളും നിർണായകമാണ്.
അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന പണപ്പെരുപ്പക്കണക്കുകളും ലോകവിപണിയെ സ്വാധീനിക്കും. അമേരിക്കൻ സിപിഐ ഡേറ്റ ബുധനാഴ്ചയാണ് വരുന്നത്. തുടർന്ന് വരുന്ന ആഴ്ചയിൽ ഫെഡ് യോഗം നടക്കാനിരിക്കുന്നത് ഡോളറിനും, ഒപ്പം വിപണിക്കും പ്രാധാനമാണ്.

രൂപ
ഇന്ത്യൻ രൂപ ഡോളറിനെതിരെ 87.053/- നിലയിലാണിന്ന്. അമേരിക്കൻ തൊഴിൽക്കണക്കുകളും, സിപിഐ ഡേറ്റയും വരാനിരിക്കുന്നതും, ഫെഡ് യോഗം നടക്കാനിരിക്കുന്നതും ഡോളറിനു സമ്മർദ്ദം നൽകിയേക്കാമെന്നത് രൂപക്ക് പ്രതീക്ഷയാണ്.
സ്വർണം
ഡോളർ ക്രമപ്പെട്ടത് സ്വർണത്തിന് മുന്നേറ്റം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണവില 2933 ഡോളർ വരെ മുന്നേറിയ ശേഷം 2926 ഡോളറിലാണ് തുടരുന്നത്. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 4.26%ൽ തുടരുന്നു.
ക്രൂഡ് ഓയിൽ
ഏപ്രിൽ മുതൽ ഒപെക് ഉല്പാദനവർധന വിഭാവനം ചെയ്യുന്നതും റഷ്യൻ എണ്ണ വിപണിയിലെത്താനുള്ള സാധ്യതകളും ക്രൂഡ് ഓയിലിനു ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 70 ഡോളറിന്റെ പിന്തുണയിൽ തൂങ്ങി നിൽക്കുകയാണ്. നാച്ചുറൽ ഗ്യാസും ഇന്ന് ഏഷ്യൻ വിപണി സമയത്ത് 2%ൽ കൂടുതൽ മുന്നേറി.
താരിഫ് വിഷയത്തിൽ എന്തെങ്കിലും അയവുണ്ടാകുന്നതും ക്രൂഡ് ഓയിലിന് ദ്രുതമുന്നേറ്റം നൽകിയേക്കാം.
മെറ്റൽ
കാനഡയും, മെക്സിക്കോയുമായുള്ള ചർച്ച സൂചന ഇന്ന് രാജ്യാന്തര വിപണിയിൽ ലോഹങ്ങൾക്കെല്ലാം മുന്നേറ്റം നൽകി. കോപ്പർ, അലുമിനിയം , സിങ്ക്, നിക്കൽ മുതലായ ബേസ് മെറ്റലുളെല്ലാം ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറി.
ഇന്ത്യൻ മെറ്റൽ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽ സൂചിക 4%ൽ കൂടുതൽ നേട്ടമാണ് ഇന്നുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, സെയിൽ, വേദാന്ത, നാഷണൽ അലുമിനിയം എന്നീ ഓഹരികളെല്ലാം 4%ൽ കൂടുതൽ മുന്നേറിയപ്പോൾ ഹിന്ദ് കോപ്പർ 7%ൽ കൂടുതലും മുന്നേറി.
‘തിരിച്ചുവാങ്ങൽ’ തുടങ്ങിയേക്കാം
മികച്ച വിലകളിൽ ഇന്ത്യൻ ഓഹരികളിൽ പ്രൊമോട്ടർമാർ തിരിച്ചു വാങ്ങൽ വിഭാവനം ചെയ്തു തുടങ്ങിയേക്കാവുന്നത് ഇന്ത്യൻ വിപണിയിൽ അടുത്ത അവസരമാണ്. കമ്പനിയെക്കുറിച്ചും, അതിന്റെ സാധ്യതകളെക്കുറിച്ചും ധാരണയുള്ള പ്രൊമോട്ടർമാർ ഓഹരികൾ തിരികെ വാങ്ങുന്നത് റീറ്റെയ്ൽ നിക്ഷേപകരുടെയും വിശാസം വർദ്ധിപ്പിക്കും.
മികച്ച വിലകളിൽ വീണ്ടും വിദേശഫണ്ടുകൾ വില്പന നടത്തിയേക്കാവുന്നതും പ്രൊമോട്ടർമാർ അവസരമായി കണക്കാക്കിയേക്കാം. മികച്ച ക്യാഷ് റിസേർവ് സ്വന്തമായുള്ള കമ്പനികൾ ശ്രദ്ധിക്കുക.
ജിയോ ഫിനാൻസ്
ജിയോ പേയ്‌മെന്റ്സ് ബാങ്കിന്റെ എസ്ബിഐയുടെ പക്കലുണ്ടായിരുന്ന 17 % ഓഹരികൾ കൂടി ജിയോ ഫിനാൻസ് സ്വന്തമാക്കിയത് ഇന്നും ജിയോ ഫൈനാൻസിന് 5% മുന്നേറ്റം നൽകി. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
താരിഫ് വിഷയത്തിൽ മറിച്ചുള്ള പ്രസ്താവനകളുണ്ടാകുന്നത് വിപണിക്ക് ക്ഷീണമാണ്
മികച്ച വിലകളിൽ ഇന്ത്യൻ ഓഹരികളിൽ പ്രൊമോട്ടർമാർ തിരിച്ചു വാങ്ങൽ വിഭാവനം ചെയ്തു തുടങ്ങിയേക്കാവുന്നത് ഇന്ത്യൻ വിപണിയിൽ അടുത്ത അവസരമാണ്
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക