വിപണിയുടെ മുന്നേറ്റത്തിന് ജിഡിപി മെച്ചപ്പെടണം, കോര്‍പറേറ്റ് ലാഭം വളരുകയും വേണം

Mail This Article
ഇപ്പോള്‍ എല്ലാ നിക്ഷേപകരും ചോദിക്കുന്നത് ഏകദേശം ഒരേ ചോദ്യങ്ങളാണ് :
∙വിപണിയിലെ തിരുത്തല്‍ എപ്പോഴാണ് അവസാനിക്കുക ?
∙ബജറ്റിനോടും ആര്‍ബിഐ പലിശ നിരക്കു കുറച്ചതിനോടും വിപണി പ്രതികരിക്കാത്തതെന്ത്?
∙വിദേശ സ്ഥാപന നിക്ഷേപകര്‍ എപ്പോള്‍ തിരിച്ചെത്തും ?
നമുക്ക് ഈ വിഷയങ്ങള്‍ അൽപ്പം വിശകലനം ചെയ്ത് പരിശോധിക്കാം.
കോവിഡാനന്തരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് ' V ' ആകൃതിയിലായിരുന്നു. ജിഡിപി 2022 സാമ്പത്തിക വര്‍ഷം 9.1 ശതമാനവും, 2023 സാമ്പത്തിക വര്‍ഷം 7 ശതമാനവും 2024 സാമ്പത്തിക വര്‍ഷം 8.2 ശതമാനവും വളര്‍ന്നു. സാമ്പത്തിക വളര്‍ച്ചയിലെ ഈ ശക്തമായ തിരിച്ചു വരവിനെത്തുടര്‍ന്ന് കോര്‍പറേറ്റ് ലാഭത്തില്‍ ആകര്‍ഷകമായ വളര്‍ച്ചയുണ്ടായി. 2000 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെ കോര്‍പറേറ്റ് ലാഭം ശരാശരി 21 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഗുണകരമായ ഈ അടിസ്ഥാന വസ്തുതകളോട് ഓഹരി വിപണി അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.

ഇടത്തരം, ചെറുകിട ഓഹരികളുടെ മികച്ച പ്രകടനം ഈ വിഭാഗങ്ങളിലേക്ക് വലിയ തോതില്‍ പണമൊഴുക്കു സൃഷ്ടിക്കുകയും ഇത് അവയുടെ വാല്യുവേഷന്‍ വളരെ ഉയര്‍ന്ന നിലയില്‍ എത്തിക്കുകയുമാണു ചെയ്തത്. ഇടത്തരം, ചെറുകിട ഓഹരികളുടെ ശരാശരി പിഇ അനുപാതം 40 ല്‍ അധികമായത് ഇവയുടെ വാല്യുവേഷന്‍ ഊതിപ്പെരുപ്പിച്ചു. ഈ പ്രകടനത്തില്‍ കണ്ണഞ്ചിയ പുതുതലമുറക്കാര്‍ വാല്യുവേഷന്‍ കൂടിയ ഇടത്തരം, ചെറുകിട ഓഹരികളില്‍ പണം നിക്ഷേപിക്കുന്നത് തുടര്‍ന്നു. ചെറുകിട ഓഹരികളിലേക്കുള്ള പുതിയ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനെതിരെ ചില മ്യൂച്വല്‍ ഫണ്ടുകള്‍ അപായക്കൊടി ഉയര്‍ത്തി. എന്നാല്‍ നിക്ഷേപകര്‍ ഇതു വക വച്ചില്ല.
വളര്‍ച്ചയിലും നേട്ടത്തിലും വേഗക്കുറവ്
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപി 5.4 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞതോടെ ആഘോഷം അവസാനിച്ചു. അതിലും വലുത് വരാനിരിക്കുന്നുണ്ടായിരുന്നു; കോര്‍പറേറ്റ് ലാഭം കുത്തനെ ഇടിഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തില്‍10 ശതമാനത്തില്‍ താഴെമാത്രം ലാഭ വളര്‍ച്ചയേ ഉണ്ടാകാനിടയുള്ളു.
കുതിക്കുന്ന ഡോളറും ഉയരുന്ന യുഎസ് ബോണ്ട് യീല്‍ഡും
ഈ ആഭ്യന്തര ഘടകങ്ങളോടൊപ്പം ബാഹ്യ ഘടകങ്ങളും ഓഹരി വിപണിയെ ബാധിച്ചു. ട്രംപിന്റെ വിജയം ഡോളറിന്റെ മൂല്യവും യുഎസിലേക്ക് വികസിത, വികസ്വര വിപണികളില്‍ നിന്നുള്ള മൂലധനത്തിന്റെ ഒഴുക്കും കുത്തനെ വര്‍ധിപ്പിച്ചു. യുഎസിലെ 10 വര്‍ഷ ബോണ്ട് യീല്‍ഡും ഇന്ത്യയിലെ 10 വര്‍ഷ ബോണ്ട് യീല്ഡും തമ്മിലുള്ള അന്തരം 2 ശതമാനം മാത്രമായി കുറഞ്ഞു. യുഎസ് ബോണ്ട് യീല്‍ഡ് 4.5 ശതമാനത്തിനു മുകളിലായപ്പോള്‍, വാല്യുവേഷന്‍ ഉയര്‍ന്ന ഇന്ത്യയില്‍ വിദേശ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റു.
സാമ്പത്തിക വളര്‍ച്ചയും ലാഭവും കുറഞ്ഞ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വാല്യുവേഷന്‍ നീതീകരിക്കാനാവുമായിരുന്നില്ല. ശക്തമായ യുഎസ് സമ്പദ് വ്യവസ്ഥയും S&P 500 ലെ 13 ശതമാനം വളര്‍ച്ചയും മിക്ക വികസ്വര വിപണികളിലും ആകര്‍ഷകമായ വാല്യുവേഷനും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കൂടിയ വാല്യുവേഷന്‍ നീതീകരിക്കാന്‍ കഴിയാത്തതായിത്തീര്‍ന്നു. അനുകൂലമല്ലാത്ത ഈ സാമ്പത്തിക രൂപഘടനയില്‍, വിദേശ ഓഹരികളുടെ വന്‍തോതിലുള്ള വിറ്റഴിക്കല്‍ വിപണി തിരുത്തലിനു വഴിമരുന്നിട്ടു.
വന്‍കിട ഓഹരികളുടേയും ചില ഇടത്തരം ഓഹരികളുടേയും വാല്യുവേഷന്‍ ഇപ്പോള്‍ ന്യായമാണ്. നിഫ്റ്റി 2024 സെപ്തംബറിലെ 26277 ല്‍ നിന്നും 23000 ലും താഴേക്ക് കുറഞ്ഞത് വന്‍കിട ഓഹരികളുടെ വാല്യുവേഷന്‍ ന്യായമാക്കിയിട്ടുണ്ട്. വന്‍കിട ഓഹരികളില്‍ തന്നെ ഫിനാന്‍ഷ്യല്‍ മേഖലകളിലെ വാല്യുവേഷന്‍ ആകര്‍ഷകമാണെന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍, ഇടത്തരം ,ചെറുകിട വിഭാഗത്തില്‍ വാല്യുവേഷന്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുകയാണ്, ഇനിയും കുറയേണ്ടതുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ ചില മേഖലകളില്‍ വാല്യുവേഷന്‍ നീതീകരിക്കാവുന്ന വിധത്തില്‍ ആയിട്ടുമുണ്ട്.

വളര്‍ച്ചയിലും ലാഭത്തിലുമുള്ള വീണ്ടെടുപ്പാണ് കാര്യം
വിപണി ഇപ്പോള്‍ താഴ്ന്ന നിലയിലേയ്ക്ക് അടുക്കുകയാണ് എന്ന് അനുമാനിക്കാം. ആഭ്യന്തരവും ബാഹ്യവുമായ ചാലകങ്ങളിലൂടെ മാത്രമേ കുതിപ്പ് സാധ്യമാകൂ. ഡോളര്‍ സൂചികയും യുഎസ് ബോണ്ട് യീല്‍ഡും ഇപ്പോഴത്തെ ഉയര്‍ന്ന നിലയില്‍ നിന്ന് താഴോട്ടു വരേണ്ടതുണ്ട്. ഇതിന് സാധ്യതയുണ്ട്, എന്നാല്‍ സമയം പ്രവചിക്കുക അസാധ്യം. ട്രംപിന്റെ തീരുവകള്‍ യുഎസില്‍ വിലക്കയറ്റം വര്‍ധിപ്പിക്കുകയും ഫെഡ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
ഡോളറിന്റേയും യുഎസ് ബോണ്ടിന്റേയും മൂല്യം കുറയാന്‍ ഇതിടയാക്കും. ബാഹ്യമായ ഈ ചാലകങ്ങളേക്കാള്‍ പ്രധാനം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയിലേയും കോര്‍പറേറ്റ് ലാഭത്തിലേയും വീണ്ടെടുപ്പാണ്. 2025 ബജറ്റിലെ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഉപഭോഗം വര്‍ധിപ്പിക്കാനും 2026 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 6.8 ശതമാനം മുതല്‍ 7 ശതമാനം വരെ ഉയര്‍ത്താനും ഇടയുണ്ട്. ഇതിനോടൊപ്പം 2026 സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ലാഭം 15 ശതമാനത്തോളം വര്‍ധിച്ചാല്‍ വിപണിയില്‍ ഒരു കുതിപ്പിന് അതിടയാക്കും.
ഭീഷണി
എന്നാല്‍, ട്രംപിന്റെ നികുതികളും ലോക വ്യാപാര രംഗത്ത് അതുണ്ടാക്കുന്ന ഫലവുമാണ് വലിയ പ്രശ്‌നം. ട്രംപിന്റെ നികുതികള്‍ ആഗോള വ്യാപാരത്തേയും വളര്‍ച്ചയേയും ബാധിക്കും വിധം പൂര്‍ണ്ണ തോതിലുള്ള വ്യാപാര യുദ്ധത്തിലേക്കു നീങ്ങിയാല്‍ യുഎസ് ഉള്‍പ്പടെ എല്ലാ സമ്പദ് വ്യവസ്ഥകളേയും അതു ബാധിക്കും. കാര്യങ്ങള്‍ എങ്ങനെ ഉരുത്തിരിയുന്നു എന്നു നാം കാത്തിരുന്നു കാണേണ്ടി വരും.
ലേഖകന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്
അഭിപ്രായങ്ങൾ വ്യക്തിപരം