രാപകൽ പ്രവർത്തിക്കാൻ കൂടുതൽ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ; ഇന്ത്യയും ഇതേ പാതയിലേക്കോ?

Mail This Article
രാപകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് യുഎസിലെ പ്രമുഖ ഓഹരി വിപണിയായ നാസ്ഡാക്കും (Nasdaq). നിലവിൽ ഓഫീസ് സമയം (രാവിലെ 9.30 മുതൽ വൈകിട്ടു 4 വരെ) അടിസ്ഥാനമാക്കിയാണ് നാസ്ഡാക്കിന്റെയും പ്രവർത്തനം. ശനിയും ഞായറും അവധി. തിങ്കൾ മുതൽ വെള്ളിവരെ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള താൽപര്യമാണ് നാസ്ഡാക് വ്യക്തമാക്കിയത്.
യുഎസ് ഓഹരികൾക്ക് ആഗോളതലത്തിൽ സ്വീകാര്യത വർധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. യുഎസിലും മറ്റ് രാജ്യങ്ങളിലും വിവിധ സമയ മേഖലകളിലുള്ളവർക്ക് യുഎസ് ഓഹരി വിപണികളിൽ പ്രയാസമില്ലാതെ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയും ലക്ഷ്യമാണ്.

നേരത്തേ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ദിവസം 22 മണിക്കൂറായി പ്രവൃത്തിസമയം ഉയർത്താനുള്ള അപേക്ഷ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു നൽകിയിരുന്നു. ഇതിനു കഴിഞ്ഞമാസം കമ്മിഷൻ പച്ചക്കൊടിയും വീശിയിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് വൈകാതെ പ്രവർത്തനസമയം ദീർഘിപ്പിച്ചേക്കും.

നാസ്ഡാക്കും ഉടൻ അപേക്ഷ നൽകുമെന്നാണ് അറിയുന്നത്. 2026ന്റെ മധ്യത്തോടെയാകും പ്രവർത്തനസമയം പുനഃക്രമീകരിക്കുക. നിലവിൽ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇതേ മാതൃക സ്വീകരിക്കുന്നതു സംബന്ധിച്ച് നിക്ഷേപകർക്കിടയിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സർവേ നടത്തിയിരുന്നു. ഇതിനു പക്ഷേ, സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ഓഹരി വിപണി 24 മണിക്കൂറും പ്രവർത്തിക്കുമ്പോൾ ഏത് സമയവും ഇടപാട് നടത്താമെന്നതാണ് നേട്ടം. എന്നാൽ, ഊഹക്കച്ചവടം പെരുകുമെന്നായിരുന്നു പ്രതികൂലിക്കുന്നവരുടെ വാദം. ഇന്ത്യയുടെ ബിഎസ്ഇയും എൻഎസ്ഇയും ആഴ്ചയിൽ കൂടുതൽ ദിവസങ്ങൾ പ്രവർത്തിക്കണമെന്ന ആവശ്യം ഒരു വിഭാഗം നിക്ഷേപകർ ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ ഓഹരി വിപണികൾ പക്ഷേ പ്രതികരിച്ചിട്ടില്ല. ഓഹരി വിപണി ഇടവേളയില്ലാതെ പ്രവർത്തിക്കുന്നത് നിക്ഷേപകരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ദോഷകരമായി വാദിക്കുമെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business