ADVERTISEMENT

പുതുവർഷത്തിന്റെ തുടക്കംമുതൽ വിൽപനസമ്മർദത്തിന്റെ നിഴലിലാണ് ഇന്ത്യൻ ഓഹരി വിപണി. ആ ഒഴുക്കിനെതിരെ നീന്താൻ ഓഹരി വിപണിയിൽ ഇനിയും ലിസ്റ്റ് ചെയ്യാത്ത പ്രമുഖ കമ്പനികളുടെ ഓഹരികൾക്കും കഴിയുന്നില്ലെന്ന് റിപ്പോർട്ട്.

2024ൽ വൻ നേട്ടക്കൊയ്ത്ത് നടത്തിയ അൺലിസ്റ്റഡ് ഓഹരികളാണ് 2025ൽ നഷ്ടത്തിന്റെ ട്രാക്കിലായത്. ഇക്കൂട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മുൻനിര ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സുണ്ട് (സിഎസ്കെ). കേരളത്തിൽ നിന്നുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമുണ്ട് (സിയാൽ).

stock-market-bull-and-bear-main1

അതേസമയം, ലിസ്റ്റഡ് കമ്പനികളുടെയത്ര ഇടിവ് 2025ൽ ഇതിനകം അൺലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ നേരിട്ടിട്ടില്ല. എങ്കിലും, നിരവധി കമ്പനികൾ 2024ലെ അവയുടെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് മണികൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 2024ൽ 1100% മുന്നേറിയ മെട്രോപൊളീറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംഎസ്ഇഐ) ഓഹരിവിലയാണ് 2025ൽ ഇതിനകം ഏറ്റവുമധികം ഇടിഞ്ഞത് (40%).

മെട്രിക്സ് ഗ്യാസ് ആൻഡ് റിന്യൂവബിൾസിന്റെ വീഴ്ച 31.7 ശതമാനം. 2024ൽ ഓഹരിവില 5.9% നഷ്ടത്തിലായിരുന്നു. കഴിഞ്ഞവർഷം 50% കുതിച്ച മോത്തിലാൽ ഓസ്വാൾ ഹോം ഫിനാൻസ് ഓഹരി ഈവർഷം ഇതുവരെ താഴേക്കിറങ്ങിയത് 26.2%. ഹീറോ ഫിൻകോർപ്പ് 25.6%, അപ്പോളോ ഗ്രീൻ എനർജി 13.8%, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് 11.2%, വിക്രം സോളർ 10.6% എന്നിങ്ങനെയും നഷ്ടം ഈ വർഷം ഇതുവരെ നേരിട്ടു. 2024ൽ 15% നഷ്ടത്തിലായിരുന്ന ഓയോ ഓഹരിവില 2025ൽ ഇതിനകം 9.1% കൂടി താഴ്ന്നു. ക്യാപ്ജെമിനൈ ടെക്നോളജി സർവീസസ് 7.5%, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് 7.4%, എപിഐ ഹോൾഡിങ്സ് 7.2% എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.

സിയാലും സിഎസ്കെയും

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ‌) ഓഹരികൾ 2024ൽ മികച്ച ഡിമാൻഡിന്റെ കരുത്തിൽ 92% ഉയർന്നിരുന്നു. കഴിഞ്ഞവർഷത്തെ നേട്ടപ്പട്ടികയിൽ സിയാൽ 5-ാം സ്ഥാനത്തുമായിരുന്നു. എന്നാൽ, 2025ൽ ഇതിനകം സിയാലിന്റെ ഓഹരിവില 5.4% നഷ്ടം നേരിട്ടു. ഓർബിസ് ഫിനാൻഷ്യൽ കോർപ്പറേഷൻ 4.4% നഷ്ടം കുറിച്ചു. 2024ൽ 84% ഉയർന്നിരുന്നു.

എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും ബാറ്റിങ്ങിനിടെ. Photo: FB@CSK
എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും ബാറ്റിങ്ങിനിടെ. Photo: FB@CSK (File Photo)

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും സൂപ്പർതാരവുമായിരുന്ന എം.എസ്. ധോണി പ്രതിനിധാനം ചെയ്യുന്ന ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) കഴിഞ്ഞവർഷം 11% ഓഹരിക്കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈവർഷമുള്ളത് പക്ഷേ 4.1% നഷ്ടത്തിൽ. ടാറ്റ ക്യാപിറ്റൽ 3.9%, എൻഎസ്ഇ 2.9% എന്നിങ്ങനെയും നഷ്ടം കുറിച്ചു. പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പടിവാതിലിലുള്ള ടാറ്റ ക്യാപിറ്റൽ 47 ശതമാനവും എൻഎസ്ഇ 143 ശതമാനവും കഴിഞ്ഞവർഷം മുന്നേറിയിരുന്നു.

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഓഹരി 1.5% നഷ്ടത്തിലാണ് ഈ വർഷമുള്ളത്. കഴിഞ്ഞവർഷം 85% നേട്ടത്തിലായിരുന്നു. 2024ൽ 27.3% ഇടിഞ്ഞ എൻസിഡിഇഎക്സ് പുതുവർഷത്തിൽ ഇതിനകം 5% ഉയർന്നു. നേട്ടത്തിൽ ഇക്കുറി മുന്നിൽ നയാര എനർജിയാണ് (16.3%). കഴിഞ്ഞവർഷം 346 ശതമാനവും ഉയർന്നിരുന്നു.

(Representative image by EvgeniyShkolenko / istock)
(Representative image by EvgeniyShkolenko / istock)

താരിഫ് പോര്, അധികരിച്ച മൂല്യം (elevated valuations), ആഗോള സമ്പദ്‍രംഗത്തെ അനിശ്ചിതാവസ്ഥ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്തുയരാത്ത പ്രവർത്തനഫലം തുടങ്ങിയ പ്രതികൂല ഘടകങ്ങൾ മൂലം വിദേശ നിക്ഷേപകർ വൻതോതിൽ പിൻവലിയുന്നതാണ് ഇന്ത്യൻ ഓഹരികളെ സാരമായി ബാധിക്കുന്നത്. ഇതിന്റെ പ്രതിഫലനം അലയടിക്കുന്നതാണ് അൺലിസ്റ്റഡ് കമ്പനികൾക്കും തിരിച്ചടി.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Unlisted Companies Shares Fall Amidst Stock Market Decline.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com