പ്രതികാരനികുതികൾ ‘ടെറിബിൾ ഐഡിയ’, മാന്ദ്യപ്പേടിയിൽ അമേരിക്ക: ഇന്ത്യൻ വിപണി പ്രതീക്ഷയിൽ

Mail This Article
മാന്ദ്യഭയത്തിൽ തകർന്ന അമേരിക്കൻ വിപണിക്ക് പിന്നാലെ മറ്റെല്ലാ ഏഷ്യൻ വിപണികളെയും പോലെ നഷ്ടത്തിൽ തുടങ്ങിയ നിഫ്റ്റി ഇൻഡസ്ഇന്‍ഡ് ബാങ്കിന്റെ 25% തകർച്ചയുടെ ക്ഷീണവും മറികടന്ന് 37പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ അമേരിക്കൻ വിപണി മാന്ദ്യഭയത്തിൽ വീണത് ഐടി ഓഹരികൾക്ക് നൽകിയ തിരുത്തലും ഇന്ത്യൻ വിപണിയുടെ തുടക്കത്തെ സ്വാധീനിച്ചു.
നിഫ്റ്റി 22314 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 22500 പോയിന്റിലെ കടമ്പ പൊളിച്ച് 22522 പോയിന്റ് വരെ മുന്നേറിയ ശേഷം 22500 പോയിന്റിന് തൊട്ട് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് നേരിയ നഷ്ടത്തിൽ 74102 പോയിന്റിലും ക്ളോസ് ചെയ്തു.
മെറ്റൽ, ഫാർമ, റിയൽറ്റി സെക്ടറുകൾ ആദ്യ മണിക്കൂറിലെ തകർച്ചക്ക് ശേഷം തിരിച്ചു കയറി നേട്ടം കുറിച്ചതും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചു. ഡിഎൽഎഫിന്റെ നേതൃത്വത്തിൽ റിയൽറ്റി മേഖല 3.6% നേട്ടവും ഇന്ന് കുറിച്ചു.

ബാങ്കിങ് വീഴ്ച
നിഫ്റ്റി-50യിൽ ഉൾപ്പെടുന്ന ഇൻഡസ്ഇന്‍ഡ് ബാങ്കിന്റെ 25% വീഴ്ച പരിഹരിക്കുന്ന രീതിയിൽ ഐസിഐസിഐ ബാങ്ക് രണ്ടര ശതമാനത്തോളം മുന്നേറിയത് ബാങ്ക് നിഫ്റ്റിക്ക് അനുകൂലമായി. ഇൻഡസ് ഇന്‍ഡ് ബാങ്ക് അക്കൗണ്ടിങ് പിഴവുകളുണ്ടാക്കിയത് മറ്റ് സ്വകാര്യ ബാങ്കിങ് ഓഹരികളെ നിക്ഷേപകർ സംശയത്തോടെ കാണുന്നതിനും കാരണമായി. വില്പന കാത്തിരിക്കുന്ന ഐഡിബിഐ ബാങ്കും ഇന്ന് രണ്ട് ശതമാനം വീണു.
അമേരിക്കൻ ആശങ്കകൾ, ഇന്ത്യൻ പ്രതീക്ഷകൾ
അമേരിക്കയുടെ റെസിപ്രോക്കൽ താരിഫിനെ (പ്രതികാരനികുതികൾ) ‘ടെറിബിൾ ഐഡിയ’ എന്ന് വിശേഷിപ്പിച്ച ഹൊവാർഡ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിസ്റ്റായ കെന്നെത്ത് റോഗോഫ് ഇന്ത്യയെ സാധ്യതകളുടെ ഇടമായും വിശേഷിപ്പിച്ചു. അമേരിക്ക സർക്കാരിന്റെ ചെലവിടൽ കുറയ്ക്കുന്നതും, നികുതിയിലെ അവ്യക്തതകളും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതിന് 35% വരെ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഗോൾഡ്മാൻ സാക്ക്സ് അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുന്നതിന് 20% സാധ്യതയാണ് കൽപ്പിക്കുന്നത്.
അമേരിക്കൻ മാന്ദ്യ ഭീഷണിയിൽ ഇന്നലെ നാസ്ഡാക് 4% വീണപ്പോൾ ഡൗ ജോൺസ് സൂചിക 2%ൽ കൂടുതലും നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ വിപണി ഇന്ന് ആശ്വാസ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
അമേരിക്കൻ സിപിഐ നാളെ
നാളെ വരുന്ന അമേരിക്കയുടെ സിപിഐ ഡേറ്റകള്‍ താരിഫ് ഭീഷണികൾക്കിടയിൽ അമേരിക്കൻ വിപണിയുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കൻ സിപിഐ ഫെബ്രുവരിയിൽ 2.9% മാത്രമേ വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ടാകൂ എന്നാണ് വിപണിയുടെ അനുമാനം. അമേരിക്കൻ സിപി വളർച്ച 2.8%ലേക്കിറങ്ങിയാൽ ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ വിപണിയും നേട്ടമുണ്ടാക്കും. ജനുവരിയിൽ 3% ആയിരുന്നു അമേരിക്കൻ സിപിഐ വളർച്ച.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 70 ഡോളറിന് മുകളിലാണ് തുടരുന്നത്. ഇന്ന് വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. സാമ്പത്തിക മാന്ദ്യ ഭീഷണികൾ ക്രൂഡ് ഓയിലിന് ക്ഷീണമാണെങ്കിലും ഒപെക് ഉല്പാദന നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന സൂചന ക്രൂഡ് ഓയിലിന് അനുകൂലമാണ്.
സിൽവർ, കോപ്പർ അലുമിനിയം മുതലായ ബേസ് മെറ്റലുകളും, നാച്ചുറൽ ഗ്യാസും ഇന്ന് വീണ്ടും മുന്നേറ്റ പാതയിലാണ്.
സ്വർണം
ഇന്ന് 2883 ഡോളർ വരെ ഇറങ്ങിയ രാജ്യാന്തര സ്വർണ വില വീണ്ടും മുന്നേറി 2916 ഡോളറിലാണ് വ്യാപാരം തുടരുന്നത്. സാമ്പത്തിക മാന്ദ്യ ഭീഷണി സ്വർണത്തിനും അനുകൂലമാണ്.

രൂപ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.26/- നിരക്കിലാണ് തുടരുന്നത്. നാളെ അമേരിക്കൻ സിപിഐ ഡോളർ വിലയെ സ്വാധീനിക്കുന്നതും, ആർബിഐയുടെ വിപണി ഇടപെടലുകളും ഇന്ത്യൻ രൂപക്ക് പ്രധാനമാണ്.
ആർബിഐ
നേരത്തെ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ ഗവെർന്മെന്റ് ബോണ്ടുകൾ നാളെ ആർബിഐ വാങ്ങുന്നത് പണവിപണിയിലേക്ക് കൂടുതൽ പണമെത്തുന്നതിന് വഴിവയ്ക്കും. ആർബിഐയുടെ മാർച്ചിലെ ആദ്യ ഓഎംഓ നാളെ നടക്കുന്നത് രൂപയ്ക്കും ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കും പ്രതീക്ഷയാണ്.
മാർച്ച് 18ന് 50000 കോടി രൂപയുടെ കൂടി സർക്കാർ ബോണ്ടുകൾ വാങ്ങുന്ന ആർബിഐ മാർച്ച് 24-ന് കറൻസി സ്വാപ്പ് വഴി 10 ബില്യൺ ഡോളറിന്റെ വില്പന നടത്തുകയും ചെയ്യും.
റിയൽറ്റി പ്രതീക്ഷകൾ
ആർബിഐയുടെ നയത്തിൽ മാറ്റങ്ങൾ വരുന്നതും കൂടുതൽ പണം വിപണിയിലെത്തിക്കുന്നതും മഹാരാഷ്ട്രയുടെ ബജറ്റ് പ്രഖ്യാപനവും റിയൽറ്റി മേഖലയുടെ സാധ്യതയും വർദ്ധിപ്പിച്ചു. ഡിഎൽഎഫ് 4% മുന്നേറിയപ്പോൾ ലോധ 5.27%വും, ഗോദ്‌റെജ് പ്രോപ്പർട്ടി, ഒബറോയ് റിയൽറ്റി എന്നിവ മൂന്നര ശതമാനത്തിൽ കൂടുതലും ഇന്ന് മുന്നേറി.
റിലയൻസ്
2024 ജൂലൈ മാസം മുതൽ തുടർച്ചായി വീണ റിലയൻസിന് വിവിധ വിദേശ ബ്രോക്കർമാർ ഉയര്‍ന്ന വിലലക്ഷ്യങ്ങൾ നിർദ്ദേശിച്ചതും ഇന്ന് ഓഹരിക്ക് അനുകൂലമായി. ഓഹരി 50ഡിഎംഎക്കും മുകളിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
റിലയൻസ് ഇന്ഡസ്ട്രീസിനെ ഓവർ വെയ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി മോർഗൻ സ്റ്റാൻലി 1606 രൂപ ലക്ഷ്യവിലയിട്ടപ്പോൾ മാക്വറീ 1300 രൂപയിൽ നിന്നും 1500 രൂപയിലേക്കു വില ഉയർത്തി
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക